ഫെഡററെ വീഴ്ത്തി പോട്രോ; വനിതകളിൽ അമേരിക്കൻ സെമി

മൽസരശേഷം ഡെൽപോട്രോയ്ക്കു ഹസ്തദാനം നൽകുന്ന ഫെഡറർ.

ന്യൂയോർക്ക് ∙ ലോകം കാത്തിരുന്ന സ്വപ്നപോരാട്ടത്തിന് ഫ്ലെഷിങ്മെഡോ ഇക്കുറി വേദിയാകില്ല. യുഎസ് ഓപ്പണിൽ ഫെഡറർ–നദാൽ സെമിഫൈനൽ സ്വപ്നം കണ്ടവർക്ക് നിരാശ. അഞ്ചു തവണ ചാംപ്യനായ റോജർ ഫെഡററെ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോ അട്ടിമറിച്ചു. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മാരത്തൺ പോരാട്ടത്തിൽ 7–5, 3–6, 7–6 (10–8 ), 6–4 നാണ് ഫെഡറർ വീണത്. 2009 ലെ യുഎസ് ഓപ്പൺ ഫൈനലിൽ ഫെഡററെ വീഴ്ത്തി കിരീടം നേടിയ കളിക്കാരനാണ് യുവാൻ മാർട്ടിൻ. ഇന്ന് സെമിയിൽ യുവാൻ മാർട്ടിന്റെ എതിരാളി ഒന്നാം സീഡ് റാഫേൽ നദാൽ.

റാഫേൽ നദാൽ റഷ്യയുടെ യുവതാരം ആന്ദ്രെ റുബലേവിനെ ക്വാർട്ടറിൽ 6–1, 6–2, 6–2 ന് അനായാസം തോൽപ്പിച്ചു. 97 മിനിറ്റ് മാത്രം നീണ്ടു നിന്ന കളി. ഇരുപത്തിനാലാം സീഡായ യുവാൻ മാർട്ടിൻ ഗ്രാൻസ്‌ലാം സെമിഫൈനലിലെത്തുന്നത് ഇതു നാലാം തവണ. 2017 ൽ ഫെഡററുടെ ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റ് തോൽവിയാണിത്. കഴിഞ്ഞവർഷം കൈക്കുഴയ്ക്ക് നാലു ശസ്ത്രക്രിയകൾക്കു വിധേയനാകേണ്ടി വന്നതിനാൽ കരിയർ തന്നെ അപകടത്തിലായ ഡെൽപോട്രോയുടെ അവിശ്വസനീയമായ തിരിച്ചുവരവാണ് ഫ്ലെഷിങ് മെഡോയിൽ കണ്ടത്.

വനിതകളുടെ സെമിഫൈനൽ അമേരിക്കക്കാരുടെ മാത്രം പോരാട്ടവേദിയായി. 1981 നു ശേഷം ഇതാദ്യമായാണ് അമേരിക്കൻ വനിതകൾ മാത്രമുൾപ്പെട്ട സെമിഫൈനൽ പോരാട്ടം നടക്കുന്നത്. സെമിയിൽ വീനസ് വില്യംസ് സ്ലൊയേൻ സ്റ്റെഫാൻസിനെയും കോകൊവാൻഡവെ മാഡിസൻ കീസിനെയും നേരിടും. ചെക്ക് താരം കരോലിന പ്ലിസ്കോവയെ 7–6 (7–4),6–3 നാണ് വാൻഡവെ തോൽപ്പിച്ചത്.

ലാറ്റിനമേരിക്കൻ വീര്യവുമായ് ഡെൽപോട്രോ

അർജന്റീനയുടെ എക്കാലത്തെയും മികച്ച ടെന്നിസ് താരം ഗബ്രിയേല സബാറ്റിനിയാണ്. സ്റ്റെഫിഗ്രാഫ് ലോകടെന്നിസ് അടക്കിവാണ കാലഘട്ടത്തിലെ ലാറ്റിനമേരിക്കൻ വെല്ലുവിളിയായിരുന്നു ഗാബി. ഇപ്പോഴിതാ പുരുഷ ടെന്നിസിൽ സാക്ഷാൽ റോജർ ഫെഡററെ വീഴ്ത്തി ഒരു അർജന്റൈൻ താരം– യുവാൻ മാർട്ടിൻ ഡെൽ പോട്രോ. 2009 ൽ ഡെൽപെട്രോ യുഎസ് ഓപ്പൺ നേടുമ്പോൾ സെമിയിൽ തോൽപ്പിച്ചത് റാഫേൽ നദാലിനെ. ഫൈനലിൽ വീഴ്ത്തിയത് സാക്ഷാൽ ഫെഡററെ. ലോകറാങ്കിങ് ഇരുപത്തിയാറ്. ഇതിനു മുൻപ് ഗ്രാൻസ്‌ലാം സെമിയിൽ കടന്നത് നാലു തവണ മാത്രം. ഫോർഹാൻഡും മികച്ച സർവുമാണ് കരുത്ത്.