Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം വരവ് ഗംഭീരം; ഗ്രാൻഡ് സലാം നദാൽ!

Rafael Nadal യുഎസ് ഓപ്പൺ ഫൈനലിൽ കെവിൻ ആൻഡേഴ്സനെ തോൽപിച്ച റാഫേൽ നദാലിന്റെ ആഹ്ലാദം.

എല്ലാവരും കിരീടത്തിൽ മുത്തമിടുമ്പോൾ നിങ്ങൾ മാത്രം കിരീടത്തിൽ കടിക്കുന്നതെന്താണ്? ജൂണിലെ ഫ്രഞ്ച് ഓപ്പൺ‌ ഫൈനലിനുശേഷമാണ് റാഫേൽ നദാലിനു നേരെ ഫ്രഞ്ച് മാധ്യമ പ്രവർത്തകന്റെ ഈ ചോദ്യമെത്തിയത്. ഉത്തരം ലളിതമായിരുന്നു. ‘ചോ‌ക്ലേറ്റ് കൈയിൽ കിട്ടാൻ കാത്തിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെയാണ് ഓരോ കിരീടവും തേടി ഞാനിറങ്ങുന്നത്. ചോക്ലേറ്റ് കിട്ടിയാൽ ഉമ്മവച്ചു കളിക്കുന്ന ശീലം എനിക്കു പണ്ടേ ഇല്ല!’.

പ്രായം 31 കടന്നിട്ടും ടെന്നിസിനോടും ചോക്ലേറ്റിനോടുമുള്ള കൊതിവിടാതെ കുതിക്കുന്ന നദാലിനുള്ള പതിനാറാം ഗ്രാൻസ്ലാം കിരീടമായിരുന്നു ന്യൂയോർക്കിലേത്. കിരീടങ്ങൾ‌ അകന്നുനിന്ന രണ്ടര വർഷത്തിനുശേഷമുള്ള തിരിച്ചുവരവിൽ, ഹാർഡ്കോർട്ടിൽ നേടിയ ഈ വിജയം കളിമൺ കോർട്ടിലെ രാജകുമാരന്റെ കരിയറിന് ഇരട്ടി മധുരമാണ്. 

അടങ്ങാത്ത പോരാട്ടവീര്യത്തിന്റെ ആൾരൂപമായി ഒരു പതിറ്റാണ്ടുകാലം ടെന്നിസ് കോർട്ടിൽ നിലയുറപ്പിച്ച നദാലിന്റെ ജൈത്രയാത്രയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ് സംഭവിച്ചത് 2014 ലാണ്. ഫ്രഞ്ച് ഓപ്പണിൽ നേരിട്ടുള്ള സെറ്റുകൾക്ക് നൊവാക് ജോക്കോവിച്ചിനെ തോൽപിച്ചശേഷം  കിരീടത്തിൽ കടിച്ചുനിൽക്കുന്ന നദാലിനെ ഗ്രാൻഡ്‌സ്‌ലാം വേദിയി‍ൽ ആരാധകർ കണ്ടില്ല.

ആദ്യം കാൽമുട്ടിനും പിന്നെ കൈക്കുഴയ്ക്കുമേറ്റ പരുക്ക് 2015ലെ മിക്ക മൽസരങ്ങളിൽ നിന്നും നദാലിനെ വിലക്കി. എഴുതിത്തള്ളിയവർക്കു മറുപടി നൽകാൻ 2016ൽ തിരിച്ചെത്തിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി. പരുക്കിനെ തുടർന്ന് ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാംറൗണ്ടിൽ പിൻവാങ്ങി. വിമ്പിൾഡനിൽ നിന്നു മാറിനിന്നു. അവസാന ഗ്രാൻഡ്സ്‍ലാമായ യുഎസ് ഓപ്പണിന്റെ പ്രീക്വാർട്ടറിലും പുറത്തായതോടെ നദാലിന്റെ കാലം കഴിഞ്ഞെന്ന വിമർശനങ്ങളുയർന്നു. 

Nadal-2

പക്ഷേ, 2017ൽ ടെന്നിസ് ആരാധകർ റാഫേയുടെ രണ്ടാംവരവ് കണ്ടു. വർഷമാദ്യം എടിപി റാങ്കിൽ ഒൻപതാം സ്ഥാനത്തുനിന്ന താരം  പിന്നീടുള്ള ഒൻപതു മാസം കൊണ്ട് ലോക ഒന്നാംനമ്പറിലേക്കെത്തി. ഫ്രഞ്ച് ഓപ്പണിൽ‌ സ്റ്റാൻ വാവ്റിങ്കയെ തോൽപിച്ച് പത്താം കിരീടമുയർത്തിയായിരുന്നു തുടക്കം. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സാക്ഷാൽ റോജർ ഫെഡററോട് പൊരുതി തോറ്റു. ഇപ്പോഴിതാ തന്റെ മൂന്നാം യുഎസ് ഓപ്പൺ കിരീടത്തോടെ താനൊരു താൽക്കാലിക പ്രതിഭാസമല്ലെന്നു തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറ്റവുമധികം യുഎസ് ഓപ്പൺ കിരീടങ്ങൾ നേടിയ താരം എന്ന റെക്കോർഡും സ്വന്തമാക്കിയാണ് നദാൽ നേട്ടങ്ങളുടെ വർഷം അവസാനിപ്പിക്കുന്നത് 

Nadal-1

യുഎസ് ഓപ്പണിൽ ലോകത്തെ മികച്ച 20 റാങ്കുകാർക്കെതിരെ മൽസരിക്കാത്തതു  നദാലിന്റെ നേട്ടത്തിന് മാറ്റുകുറയ്ക്കുന്നെന്ന വിമർശനമുണ്ട്. പക്ഷേ റോജർ ഫെഡററെ അട്ടിമറിച്ചെത്തിയ അർജന്റീനയുടെ ജുവാൻ മാർട്ടിനെ സെമിയിൽ അനായാസം തോൽപിച്ച ഒരൊറ്റ മൽസരം മതി ടൂർണമെന്റിലെ നദാലിന്റെ മികവ് അളക്കാൻ.

പരുക്കിനുശേഷമുള്ള തിരിച്ചുവരവിൽ കേളീശൈലിയിൽ വരുത്തിയ ചെറിയ മാറ്റങ്ങളും നദാലിനു തുണയായി. റാക്കറ്റിന്റെ ഭാരത്തിൽ ചെറിയ വർധന വരുത്തിയ നദാൽ പരിശീലകന്റെ നിർദേശപ്രകാരം സർവുകളുടെയും ഗ്രൗണ്ട് സ്ട്രോക്കുകളുടെ വേഗം കൂട്ടിയിരുന്നു.

നദാലിന്റെ കിരീടങ്ങൾ 

2005 – ഫ്രഞ്ച് ഓപ്പൺ

2006 – ഫ്രഞ്ച് ഓപ്പൺ

2007 – ഫ്രഞ്ച് ഓപ്പൺ

2008 – വിമ്പിൾഡൻ, ഫ്രഞ്ച് ഓപ്പൺ

2009 – ഓസ്ട്രേലിയൻ ഓപ്പൺ

2010 – ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ, 

യുഎസ് ഓപ്പൺ

2011 – ഫ്രഞ്ച് ഓപ്പൺ

2012 – ഫ്രഞ്ച് ഓപ്പൺ

2013 – ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ

2014 – ഫ്രഞ്ച് ഓപ്പൺ

2017 – ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ