Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയൻ ഓപ്പൺ ആദ്യറൗണ്ടിൽ വീനസ് വില്യംസ് പുറത്ത്

Belinda Bencic ഓസ്ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ വീനസ് വില്യംസിനെ നേരിടുന്ന ബെലിൻഡ ബെൻസിക്

മെൽബൺ∙ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റും അഞ്ചാം സീഡുമായ യുഎസിന്റെ വീനസ് വില്യംസ് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. സ്വിറ്റ്സർലൻഡിന്റെ കൗമാരതാരം ബെലിൻഡ ബെൻസിക് 6–3, 7–5ന് മുപ്പത്തേഴുകാരി വീനസിനെ തകർത്തു. കരിയറിൽ വീനസിനെതിരെ ബെൻസികിന്റെ ആദ്യജയം. കഴിഞ്ഞ വർഷം ഇവിടെ ആദ്യറൗണ്ടിൽ വീനസിന്റെ സഹോദരി സെറീനയോടു ബെൻസിക് തോറ്റിരുന്നു.

സീസണിലെ ആദ്യ ഗ്രാൻസ്‌ലാമിന്റെ ആദ്യദിനം യുഎസ് താരങ്ങൾക്ക് തോൽവിയുടേതായിരുന്നു. ഇന്നലെ കളിച്ച ഏഴു യുഎസ് താരങ്ങൾക്കും തോൽവിയായിരുന്നു. യുഎസ് ഓപ്പൺ ചാംപ്യനും പതിമൂന്നാം സീഡുമായ സ്ലൊവാൻ സ്റ്റീഫൻസ് ചൈനയുടെ ഷാങ് ഷുവായിയോടു തോറ്റു പുറത്തായി (2–6, 7–6, 6–2). പത്താം സീഡ് കോക്കോ വാൻഡെവീഗ് 6–7(2), 2–6ന് ഹംഗറിയുടെ ടിമിയ ബാബോസിനോടു തോറ്റു. 

വനിതകളിൽ രണ്ടാം സീഡ് കാരോലിന വൊസ്‍നിയാക്കി, നാലാം സീഡ് എലീന സ്വിറ്റ്ലിന, ഏഴാം സീഡ് യെലേന ഒസ്റ്റപോങ്കോ എന്നിവർ രണ്ടാം റൗണ്ടിലെത്തി. പുരുഷവിഭാഗത്തിൽ ഒന്നാം സീഡ് റാഫേൽ നദാൽ, മൂന്നാം സീഡ് ഗ്രിഗർ ദിമിത്രോവ്, ഓസ്ട്രേലിയയുടെ പ്രതീക്ഷയായ നിക് കിർഗിയോസ് എന്നിവർ ആദ്യറൗണ്ടിൽ അനായാസ ജയം നേടി. നദാൽ 6–1, 6–1, 6–1ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ വിക്ടർ എസ്ട്രല്ലെയെ തകർത്തു. ദിമിത്രോവ് 6–3, 6–2, 6–1ന് ഡെനിസ് നൊവാക്കിനെ മറികടന്നു.

കിർഗിയോസ് 6–1, 6–2, 6–4ന് റൊജേരിയോ ഡ്യൂട്ര സിൽവയെ പരാജയപ്പെടുത്തി. ആറാം സീഡ് മാരിൻ സിലിക് 6–2, 6–2, 4–6, 7–6(5)ന് കാനഡയുടെ വാസെക് പോസ്പിസിലിനെ കീഴടക്കി. പതിനഞ്ചാം സീഡ് ജോ വിൽഫ്രെഡ് സോംഗ 6–4, 6–4, 6–1ന് അമേരിക്കയുടെ കെവിൻ കിങ്ങിനെ വീഴ്ത്തി. കാനഡയുടെ കൗമാരതാരം ഡെനിസ് ഷപോവലോവ് 6–1, 6–3, 7–6(5)ന് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ച് ഗ്രാൻസ്‌ലാം അരങ്ങേറ്റം ഗംഭീരമാക്കി. 

യുഎസ് ഓപ്പൺ ഫൈനലിസ്റ്റും പതിനൊന്നാം സീഡുമായ യുഎസിന്റെ കെവിൻ ആൻഡേഴ്സൻ അഞ്ചു സെറ്റിൽ ബ്രിട്ടന്റെ കൈൽ എഡ്മണ്ടിനോടു തോറ്റു പുറത്തായി (3–6, 6–3, 3–6, 4–6). പതിനാറാം സീഡ് ജോൺ ഇസ്നർ ഓസ്ട്രേലിയയുടെ മാറ്റ് എഡ്ബെന്നോടു തോറ്റു പുറത്തായി (4–6, 6–3, 3–6, 3–6).