ഫെഡററിന് വിജയത്തുടക്കം

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ആദ്യ റൗണ്ടിൽ മൽസരിക്കുന്ന റോജർ ഫെഡറർ

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഫെഡ് എക്സ്പ്രസ് ഓട്ടം തുടങ്ങി. 20–ാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഫെഡറർ സ്ലൊവേന്യൻ താരം അൽജാസ് ബെദിനെയാണ് തോൽപ്പിച്ചത് (6–3,6–4,6–3). നൊവാക് ജോക്കോവിച്ച്, സ്റ്റാൻ വാവ്‌റിങ്ക, വനിതാ വിഭാഗത്തിൽ സിമോണ ഹാലെപ്, ഗാർബൈൻ മുഗുരുസ, മരിയ ഷറപ്പോവ, ഏഞ്ചലിക് കെർബർ, കരോളിന പ്ലിസ്കോവ, യോഹന്ന കോണ്ട എന്നിവരും ആദ്യജയം കുറിച്ചു. അമേരിക്കൻ താരം ഡൊണാൾഡ് യങ്ങിനെയാണ് ജോക്കോവിച്ച് തകർത്തുവിട്ടത് (6–1,6–2,6–4). വാവ്റിങ്ക ലിത്വാനിയൻ താരം റിക്കാർഡസ് ബെറാൻകിസിനെതിരെ കഷ്ടപ്പെട്ടു ജയിച്ചു (6–3,6–4,2–6,7–6). കനേഡിയൻ 23–ാം സീഡ് മിലോസ് റാവോണിക് പുറത്തായതാണ് ഇന്നലെ കോർട്ടിലെ ഞെട്ടൽ. വനിതകളിൽ ക്രിസ്റ്റീന മ്ലാദെനോവിച്ച്, പെട്ര ക്വിറ്റോവ എന്നിവരും വീണു.

റോ‍‍ഡ് ലേവർ അരീനയെ ആരവത്തിലാഴ്ത്തിയ പ്രകടനത്തിലൂടെയാണ് ഫെഡറർ സീസൺ ഗ്രാൻസ്‌ലാമിൽ തന്റെ തുടക്കം കുറിച്ചത്. 51–ാം റാങ്കുകാരനായ ബെദിന് ഫെഡററുടെ ആവനാഴിയിലെ ഷോട്ടുകൾക്ക് മറുപടിയുണ്ടായില്ല. അര മണിക്കൂറിനുള്ളിൽ ആദ്യ സെറ്റ് പേരിലാക്കിയ ഫെഡററെ രണ്ടാം സെറ്റിൽ നാലാം ശ്രമം വരെ ചെറുക്കുന്നതിൽ ബെദിൻ വിജയിച്ചു. അവസാന സെറ്റിൽ കർവിങ് ഫോർഹാൻഡിലൂടെ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്ത ഫെഡറർ കാണികൾക്ക് ദൃശ്യവിരുന്നേകി. ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ കളി തീർത്ത ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണിൽ തന്റെ വിജയ റെക്കോർഡ് 88–13 ആക്കി ഉയർത്തി. ജർമൻ താരം യാൻ ലെന്നാർഡ് സ്ട്രൂഫാണ് രണ്ടാം റൗണ്ടിൽ ഫെഡററുടെ എതിരാളി.