ഓസ്ട്രേലിയൻ ഓപ്പൺ: ജോക്കോ പുറത്ത്; ഫെഡറർ മുന്നോട്ട്

നാലാം റൗണ്ട് മൽസരത്തിനിടെ നിരാശയോടെ ജോക്കോവിച്ച്.

മെൽബൺ ∙ ഇക്കുറി, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലെ ഏറ്റവും വലിയ അട്ടിമറിയിൽ മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ച് പ്രീ ക്വാർട്ടറിൽ പുറത്ത്. ആറു തവണ ഓസ്ട്രേലിയൻ ഓപ്പൺ അടക്കം 12 വട്ടം ഗ്രാൻസ്‌ലാം ജേതാവായ സെർബിയൻ താരത്തെ നേരിട്ടുള്ള സെറ്റുകളിൽ ദക്ഷിണ കൊറിയൻ താരം ചങ് ഹിയോൺ വീഴ്ത്തി. സ്കോർ: 7–6, 7–5, 7–6. ലോക റാങ്കിങ്ങിൽ‌ 58–ാം സ്ഥാനത്തുള്ള 21 വയസ്സുകാരനായ എതിരാളിയുടെ ചുറുചുറുക്കിനും ചെറുപ്പത്തിനും മുന്നിൽ 30 വയസ്സുകാരനായ ജോക്കോവിച്ചിനു മറുപടിയുണ്ടായില്ല. പരുക്കുമൂലം ആറു മാസം വിട്ടുനിന്നശേഷമാണ് ജോക്കോ ഇവിടെ ഇറങ്ങിയത്.

ഓസീസിന്റെ അ‍ഞ്ചാം സീഡ് ഡൊമിനിക് തീമിനെ അട്ടിമറിച്ച യുഎസ് താരം ടെന്നിസ് സാൻഡ്ഗ്രേനാണ് ക്വാർട്ടറിൽ ഹിയോണിന്റെ എതിരാളി. 6–2, 4–6, 7–6, 6–7 എന്ന നിലയിലായിരുന്നു തീമിന്റെ തോൽവി. 

നിലവിലുള്ള ചാംപ്യൻ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ അനായാസ ജയത്തോടെ ക്വാർട്ടർ ഫൈനലിലെത്തി. മാർട്ടൺ ഫക്സോവിക്സിനെയാണ് ഫെ‍ഡറർ (6–4, 7–6, 6–2) നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയത്. ഇതുവരെ ഫെഡറർ ഇവിടെ ക്വാർട്ടറിൽ തോൽവി അറിഞ്ഞിട്ടില്ല. ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ 6–1, 6–4, 6–4ന് തോൽപിച്ച തോമസ് ബെർഡിച്ചുമായാണ് ഫെഡററുടെ ക്വാർട്ടർ ഫൈനൽ പോരാട്ടം.

വനിതകളിൽ ലോക ഒന്നാംനമ്പർ റുമാനിയുയടെ സിമോണ ഹാലെപ് പരുക്കിന്റെ പിടിയിലും തകർപ്പൻ ജയത്തോടെ ക്വാർട്ടർ ഫൈനലിലെത്തി. ജപ്പാന്റെ സീഡ് ചെയ്യപ്പെടാത്ത നവോമി ഒസാക്കയെയാണ് 6–3, 6–2നു തകർത്തത്. ജർമനിയുടെ ആൻജലിക് കെർബർ കടുത്ത പോരാട്ടത്തിനൊടുവിൽ അവസാന എട്ടിൽ ഇടം പിടിച്ചു. തായ്‌വാൻ താരം സീ സു വെയ്‌യെ മൂന്നു സെറ്റ് പോരാട്ടത്തിലാണു കെർബർ മറികടന്നത്. സ്കോർ: 4–6, 7–5, 6–2. അമേരിക്കൻ താരം മാഡിസൺ കീയാണ് 2016 ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യനായ കെർബറുടെ ക്വാർട്ടർ ഫൈനൽ എതിരാളി. 

ഫ്രാൻസിന്റെ എട്ടാം സീഡ് താരം കരോലിൻ ഗാർസ്യയെയാണു മാഡിസൺ കീ പ്രീക്വാർട്ടറിൽ തോൽപിച്ചത്. 

പുരുഷ വിഭാഗം ഡബിൾസിൽ രോഹൻ ബൊപ്പണ്ണ – റോജർ വാസെലിൻ (ഫ്രാൻസ്) മൂന്നാം റൗണ്ടിൽ പുറത്തായി. 

ഗംഭീരമായിരുന്നു ഹിയോണിന്റെ കളി. പിഴവുകളൊന്നുമില്ലാത്ത പ്രകടനം. എന്നേക്കാൾ മികച്ച കളി. തീർത്തും അർഹി‌ച്ച വിജയം. 

                                   - ജോക്കോവിച്ച്