ഫെഡറർ–സിലിച്ച് ഫൈനൽ ഇന്ന്

ഫെഡറർ മൽസരത്തിനിടെ

മെൽബൺ ∙ 30–ാം ഫൈനലിൽ 20–ാം ഗ്രാൻസ്ലാം കിരീടം തേടി റോജർ ഫെഡറർ ഇന്നിറങ്ങുന്നു. മുപ്പത്തിയാറുകാരനായ ഫെഡറർക്ക് എതിരാളി 29കാരൻ ക്രൊയേഷ്യൻ താരം മരിൻ സിലിച്ച്. സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ അൽഭുതം താരം ചങ് ഹിയോണിനെ മറികടന്നാണ് ഫെഡററുടെ മുന്നേറ്റം. ഫെഡറർ 6–1,5–2നു മുന്നിൽ നിൽക്കെ കാൽപ്പാദത്തിനു മുറിവേറ്റ് ചങ് പിൻമാറുകയായിരുന്നു. ബ്രിട്ടന്റെ കൈൽ എഡ്മണ്ടിനെ 6–2,7–6,6–2നു തോൽപ്പിച്ചാണ് സിലിച്ച് ഫൈനലിലെത്തിയത്.

ബൊപ്പണ്ണ സഖ്യം ഫൈനലിൽ

മെൽബൺ ∙ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഹംഗേറിയൻ പങ്കാളി ടിമിയ ബാബോസും ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് ഫൈനലിൽ. ബ്രസീലിയൻ–സ്പാനിഷ് സഖ്യം മാഴ്സലോ ഡിമോലിനർ–മരിയ ജോസെ മാർട്ടിനെസ് സാഞ്ചെസിനെയാണ് സെമിഫൈനലിൽ ഇരുവരും മറികടന്നത് (7–5,5–7,10–6).

ക്രൊയേഷ്യൻ–കനേഡിയൻ സഖ്യമായ മേറ്റ് പാവിച്ച്– ഗബ്രിയേല ദാബ്രോവ്സ്കി കൂട്ടാണ് ഫൈനലിൽ എതിരാളി. കഴിഞ്ഞ വർഷം ദാബ്രോവ്സികിക്കൊപ്പമാണ് ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ് കിരീടം ചൂടിയത്.