റോയൽ ഫെഡറർ ! മുപ്പത്താറാം വയസ്സിൽ 20–ാം ഗ്രാൻസ്‌ലാം കിരീടം

മെൽബൺ∙ കനത്ത ചൂടിൽ റോഡ് ലേവർ അരീനയുടെ മുകളിൽ മേൽക്കൂര വിരിച്ചതോടെ സൂര്യകിരണങ്ങൾ മറഞ്ഞെങ്കിലും താഴെ കോർട്ടിൽ റോജർ ഫെഡററെന്ന സൂര്യൻ കത്തിജ്വലിച്ചു. മുപ്പത്തിയാറാം വയസ്സിലും ആ പ്രഭയ്ക്കു തെല്ലും കുറവില്ലെന്നു തെളിയിച്ച ഫെ‍ഡറർ, പുരുഷ ടെന്നിസിന്റെ ചരിത്രത്തിലാദ്യമായി 20 ഗ്രാൻസ്‌ലാം കിരീടം നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി. ടെന്നിസിലെ എക്കാലത്തെയും മികച്ച പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവച്ച സ്വിസ് താരം , ഫൈനലിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ തോൽപിച്ചാണു തുടർച്ചയായ രണ്ടാം തവണ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചുണ്ടോടടുപ്പിച്ചത് (6-2, 6-7 (5/7), 6-3, 3-6, 6-1). വനിതാ ടെന്നിസിൽ മാർഗരറ്റ് കോർട്ടും സെറീന വില്യംസും സ്റ്റെഫി ഗ്രാഫും ഇരുപതോ അതിലധികമോ ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.

മൂന്നു മണിക്കൂർ മൂന്നു മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിന്റെ തുടക്കത്തിൽ സ്വിസ് താരത്തിനായിരുന്നു ആധിപത്യം. സ്വതസിദ്ധമായ എയ്സുകളും ശക്തമായ ഫോർഹാൻഡുകളുമായി കളംനിറഞ്ഞ ഫെഡറർ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. എന്നാൽ, ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം നദാലിനെ തോൽപിച്ചെത്തിയ സിലിച്ച് അത്രയെളുപ്പം കീഴടങ്ങാൻ തയാറല്ലായിരുന്നു. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ തന്നെ രണ്ടു ബ്രേക്ക് പോയിന്റുകൾ കാണേണ്ടിവന്ന ഫെ‍‍ഡറർ ക്രൊയേഷ്യൻ താരത്തിനെതിരെ പിടിച്ചുനിൽക്കാൻ പാടുപെട്ടു. ടൈബ്രേക്കറിലേക്കു നീണ്ട രണ്ടാം സെറ്റ് സിലിച്ച് സ്വന്തമാക്കിയപ്പോൾ ടൂർണമെന്റിലാദ്യമായി മുപ്പത്താറുകാരൻ ഫെഡറർ സെറ്റ് കൈവിട്ടു.

ലോകമെങ്ങുമുള്ള ആരാധകരുടെ പ്രാർഥനകളോടൊപ്പം കാണികളുടെ പിന്തുണയും കൂടിയായപ്പോൾ താളം വീണ്ടെടുത്ത ഫെ‍ഡറർ മൂന്നാം സെറ്റ് സ്വന്തമാക്കി. പക്ഷേ, നാലാം സെറ്റിൽ സിലിച്ച് ഇതിഹാസ താരത്തെ ശരിക്കും വിറപ്പിച്ചു. തുടർച്ചയായി അഞ്ചു ഗെയിമുകൾ നേടിയ സിലിച്ച് സെറ്റ് നേടിയതോടെ കളി അഞ്ചാം സെറ്റിലേക്കു നീണ്ടു. അഞ്ചു തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ താരം അൽപം പിരിമുറുക്കത്തിലായോ എന്നു കാണികൾ സംശയിച്ച നിമിഷം. എന്നാൽ, ഈ കിരീടം തന്റെയാണെന്നുറപ്പിച്ചുതന്നെയായിരുന്നു അദ്ദേഹം കോർട്ടിലിറങ്ങിയത്. അഞ്ചാം സെറ്റിൽ ഫെ‍ഡററുടെ എയ്സുകൾക്കും വോളികൾ‌ക്കും മുൻപിൽ പലപ്പോഴും പകച്ചുനിൽക്കാനേ സിലിച്ചിനു സാധിച്ചുള്ളൂ. സ്വിസ് താരം തന്റെ പ്രതിഭ മുഴുവൻ പുറത്തെടുത്ത കളി കാഴ്ചവച്ചതോടെ അഞ്ചാം സെറ്റിൽ സിലിച്ച് വെറും ഒരു ഗെയിമിലൊതുങ്ങി. അവസാനം കഴിഞ്ഞ വർഷത്തെപ്പോലെ ഹ്വാക് ഐ വഴി ചാംപ്യൻഷിപ്പ് പോയിന്റ് ഉറപ്പിച്ച ഫെ‍ഡററുടെ കണ്ണിൽനിന്നു ആനന്ദാശ്രുക്കൾ പിറന്നു.

വിജയത്തോടെ റോയ് എമേഴ്സണും നൊവാക് ജോക്കോവിച്ചിനുമൊപ്പം ഏറ്റവും കൂടുതൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടുന്ന താരമായി ഫെഡറർ. ആറ് കിരീടങ്ങളാണ് മൂവരുടെയും അക്കൗണ്ടിലുള്ളത്. ‘‘ഒരു സ്വപ്നം പൂവണിഞ്ഞു, കഥ തുടരുകയാണ്’’– ജയിച്ച ശേഷം ഫെഡററുടെ വാക്കുകളാണിത്. സീസണിൽ ബാക്കിയുള്ള മൂന്നു ഗ്രാൻസ്‌ലാം കിരീടങ്ങളാണ് ഇനി താരത്തിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. ടെന്നിസിലെ മാത്രമല്ല, കായിക ലോകത്തെ തന്നെ അദ്ഭുതമായി മാറുകയാണ് റോജർ ഫെഡറർ.

‘‘എന്റെ ജീവിതത്തിൽ അവിശ്വനീയമായ കഥകൾ തുടർന്നു കൊണ്ടേയിരിക്കുന്നു. 2017 മഹത്തായ വർഷമായിരുന്നു. 2018 ഇതാ അതുല്യമായി തുടങ്ങിയിരിക്കുന്നു. ഇത്തരം നിമിഷങ്ങൾക്കു വേണ്ടിയാണ് ഞാൻ ജിവിക്കുന്നത്..’’

                                          – റോജർ ഫെഡറർ (ഓസ്ട്രേലിയൻ ഓപ്പൺ കിരീടജയത്തിനു ശേഷം)