Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് ഓപ്പണിന് ഇന്നു തുടക്കം; പതിനൊന്നാം കിരീടം തേടി നദാൽ

Rafael Nadal പരിശീലനത്തിനു ശേഷം ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന റാഫേൽ നദാൽ.

പാരിസ് ∙ കളിമൺ കോർട്ടിലെ ടെന്നിസ് ചാരുതയ്ക്ക് ഇന്നു തുടക്കം. കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാലിന് വെല്ലുവിളി ഉയർത്താൻ ആർക്കു കഴിയുമെന്ന് ലോകം ഉറ്റുനോക്കുന്നു. റൊളാങ് ഗാരോയിൽ പത്തു തവണ കിരീടം ഉയർത്തിയ റാഫ മാജിക് ആവർത്തിക്കുമെന്നല്ലാതെ മറിച്ചൊരു സാധ്യത പോലും ആർക്കും പറയാനില്ല. 

മുപ്പത്തൊന്നുകാരനായ നദാലിന് കടുത്ത എതിരാളിയാവാൻ പ്രമുഖ താരങ്ങളായ റോജർ ഫെഡററും ആൻഡി മറെയും ഇല്ല എന്നത് ഇത്തവണത്തെ പ്രത്യേകത. പ്രായത്തിന്റെ ആയാസം മറികടക്കാൻ കളിമൺ കോർട്ടിലെ കഠിനാധ്വാനം വേണ്ടെന്നുവച്ചിരിക്കയാണ് മുപ്പത്തേഴുകാരനായ, 20 ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള ഫെഡറർ. 2015നു ശേഷം ഫെഡറർ റൊളാങ് ഗാരോയിൽ കളിച്ചിട്ടില്ല. പരുക്കിന്റെ പിടിയിലാണ് മറെ. ഇവരുടെ അസാന്നിധ്യത്തിൽ നദാലിനു കടുത്ത എതിരാളിയാവാൻ സാധ്യതയുള്ളത് രണ്ടാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വെരേവാണ്.

മാരിൻ സിലിക്, കഴിഞ്ഞ രണ്ടു വർഷത്തിനിടെ കളിമൺ കോർട്ടിൽ നദാലിനെ തോൽപിച്ച ഏക കളിക്കാരൻ എന്ന ഖ്യാതിയുള്ള ഡൊമിനിക് തീം എന്നിവരാകും മറ്റു ശ്രദ്ധേയ താരങ്ങൾ. മുൻ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് മികച്ച ഫോമിലല്ലെങ്കിലും എഴുതിത്തള്ളാനാവില്ല. 

കളിമൺ കോർട്ടിൽ തുടർച്ചയായി 50 വിജയം നേടിയാണ് നദാലിന്റെ വരവ്. മോണ്ടി കാർലോയിൽ പതിനൊന്നാം കിരീടം നേടി ഫോമറിയിച്ചാണ് രാജകീയ വരവ്. മഡ്രിഡിൽ തീമിനോടു തോറ്റെങ്കിലും ഇറ്റാലിയൻ ഓപ്പണിൽ എട്ടാം കിരീടം നേടി ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ച് നിശ്ചയിച്ചുറപ്പിച്ചുള്ള വരവ്. കിരീടം നിലനിർത്താനുള്ള നദാലിന്റെ ശ്രമത്തിന് ആദ്യ എതിരാളി യുക്രെയ്നിന്റെ അലക്സാണ്ടർ ഡോൽഗോപൊളോവ്.         മധുരപ്പതിനേഴാം കിരീടം പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടമാകുന്നത് നദാലിന്റെ മധുര സ്വപ്നമാണ്. 

വനിതാ വിഭാഗത്തിൽ 23 ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സെറീന വില്യംസാണ് ശ്രദ്ധാകേന്ദ്രം. മാതൃത്വത്തിന്റെ മധുരം നുകർന്ന് കളിക്കളത്തിൽ തിരിച്ചെത്തിയ സെറീന മികച്ച ഫോമിലല്ല എന്നത് എതിരാളികൾക്ക് ആശ്വാസകരം. സീഡില്ലാത്ത സെറീനയുടെ ആദ്യ മത്സരം ചെക്ക് താരം ക്രിസ്റ്റീന പ്ലിസ്കോവയുമായാണ്. റുമാനിയയുടെ സിമോണ ഹാലെപ്പാണ് വനിതകളിൽ ഒന്നാം സീഡ്. കഴിഞ്ഞ വർഷം ഫൈനലിൽ യെലേന ഒസ്റ്റപെങ്കോയോടു തോറ്റ ഹാലെപ് ഇക്കുറി ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ്. രണ്ടു തവണ ഇവിടെ കിരീടം നേടിയിട്ടുള്ള റഷ്യയുടെ മരിയ ഷറപ്പോവ നിരോധിത മരുന്ന് ഉപയോഗിച്ചതിനു 15 മാസം വിലക്ക് പൂർത്തിയാക്കി തിരിച്ചെത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകത.