വാവ്‌റിങ്ക, അസറെങ്ക ആദ്യ റൗണ്ടിൽ പുറത്ത്; ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പൺ ആദ്യറൗണ്ടിൽ പുറത്തായ വാവ്‌റിങ്കയുടെ നിരാശ

പാരിസ്∙ ഫ്രഞ്ച് ഓപ്പണിൽ രണ്ടാം ദിവസവും  അട്ടിമറികൾ തുടരുന്നു. കഴിഞ്ഞ വർഷം റണ്ണർ അപ്പായ സ്വിറ്റ്സർലൻ‌സിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയെ 6–2, 3–6, 4–6, 7–6, 6–3 നു മറികടന്ന് സ്പാനിഷ് താരം ഗില്ലർമൊ ഗാർഷ്യാ ലോപസ് രണ്ടാം റൗണ്ടിലെത്തി. മുൻ ലോക ഒന്നാം നമ്പർ വിക്ടോറിയ അസറെങ്കയെ 7–5, 7–5ന് അട്ടിമറിച്ച് ചെക് റിപബ്ലിക്കിന്റെ കാതറിനാ സിനിയക്കോവയും രണ്ടാം റൗണ്ടിലെത്തി. വനിതാ വിഭാഗം നിലവിലെ ജേതാവ് യെലേന ഒസ്റ്റാപെങ്കോയും അമേരിക്കൻ താരം വീനസ് വില്യംസും കഴിഞ്ഞ ദിവസം പുറത്തായിരുന്നു. 

പാരഗ്വായുടെ വെറോണിക്ക ക്യാപ്പേഡയ്ക്കെതിരെ ആദ്യസെറ്റ് നഷ്ടമാക്കിയശേഷം തിരിച്ചടിച്ചാണ് റഷ്യയുടെ പെട്ര ക്വിറ്റോവ മുന്നേറിയത്. സ്കോർ 3–6, 6–1, 7–5. രണ്ടു സെറ്റിനു പിന്നിട്ടുനിന്ന ശേഷം ജോമി മുനാർ ഉജ്വലമായി തിരിച്ചടിച്ചപ്പോൾ ഡേവിഡ് ഫെററും രണ്ടാം റൗണ്ട് കാണാതെ മടങ്ങി. സ്കോർ 3–6,3–6, 7–6,7–6,7–5. നേരിട്ടുള്ള സെറ്റുകൾക്ക് റൊഗ്വേറോ സിൽവയെ മറികടന്ന് മുൻ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചും രണ്ടാം റൗണ്ട് ഉറപ്പിച്ചു.