ഫ്രഞ്ച് ഓപ്പൺ: ഷറപ്പോവ, നദാൽ പ്രീ–ക്വാർട്ടറിൽ

ജയം നേടിയതിനു ശേഷം ഷറപ്പോവയുടെ ആഹ്ലാദം.

പാരിസ്∙ റഷ്യയുടെ മരിയ ഷറപ്പോവയും 11–ാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യംവയ്ക്കുന്ന സ്പെയിനിന്റെ റഫാൽ നദാലും ഫ്രഞ്ച് ഓപ്പൺ പ്രീ–ക്വാർട്ടറിലെത്തി. ആറാം സീഡ് കരോലിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഷറപ്പോവ തകർത്തത്. രണ്ടു വർഷങ്ങൾക്കു മുൻപ് ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനു ശേഷമുള്ള തിരിച്ചുവരവിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് പ്ലിസ്കോവയ്ക്കെതിരെ ഷറപ്പോവ പുറത്തെടുത്തത്. മുൻ ലോക ഒന്നാം നമ്പർ പ്ലിസ്ക്കോവയ്ക്കെതിരെ ഷറപ്പോവ 18 വിന്നറുകൾ പായിച്ചപ്പോൾ 59 മിനിറ്റിനുള്ളിൽ മൽസരം അവസാനിച്ചു. സ്കോർ 6–2, 6–1. സ്പെയിനിന്റെ തന്നെ റിച്ചർഡ് ഗാസ്കെയെ 6–3, 6–2, 6–2നാണ് നദാൽ തകർത്തത്.

മൂന്നാം റൗണ്ടിൽ ചെക്ക് റിപ്പബ്ലിക്കിന്റെ എട്ടാം സീഡ് പെട്ര ക്വിറ്റോവയെ 7–6, 7–6 ന് അട്ടിമറിച്ച് 25–ാം സീഡ് അനേത് കോൺടാവേയിറ്റും പ്രീ–ക്വാർട്ടർ സ്ഥാനം ഉറപ്പിച്ചു. ഓസ്ട്രേലിയയുടെ സാമന്തസ്റ്റോസറെ 6–0, 6–2 ന് തകർത്ത് മുൻ ചാംപ്യൻ ഗാർബൈൻ മുരുഗുസയും മുന്നേറി. പുരുഷ ഡബിൾസിൽ ഒന്നാം സീഡായ മാർസലോ മെലോ– ലൂകാസ് കുബോ സഖ്യത്തെ 6–4, 7–6ന് അട്ടിമറിച്ച് 13–ാം സീഡായ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ– റോജർ വാസലിൻ (ഫ്രാൻസ്) സഖ്യവും കുതിപ്പു തുടർന്നു.