പോരിനു മുൻപ് സെറീന-ഷറപ്പോവ വാക്പോര്

പാരിസ്∙ ഫ്രഞ്ച് ഓപ്പണിലെ നാലാം റൗണ്ട് പോരാട്ടത്തിനു മുൻപുതന്നെ മരിയ ഷറപ്പോവയ്ക്കുനേരേ സെറീനാ വില്യംസിന്റെ എയ്സ്. അടുത്തിടെ പുറത്തിറങ്ങിയ ഷറപ്പോവയുടെ ആത്മകഥയിൽ തനിക്കെതിരായുള്ള പരാമർശങ്ങൾ കേട്ടുകേൾവി മാത്രമെന്നും സത്യമാകണം എന്നില്ലെന്നുമാണ് സെറീന പ്രതികരിച്ചത്. ഷറപ്പോവയെ തുടർച്ചയായി 18 തവണ പരാജയപ്പെടുത്തിയ താരമാണ് സെറീന. 

തന്റെ ആത്മകഥയായ ‘അൺസ്റ്റോപ്പബി’ളിൽ 2004 വിംബിൾഡൻ ഫൈനലിൽ തന്നോടു പരാജയപ്പെട്ട സെറീന പൊട്ടിക്കരഞ്ഞത് താൻ കേട്ടതാണ് സെറീനയ്ക്കു തന്നോടു വെറുപ്പുളവാകാൻ കാരണം എന്നു ഷറപ്പോവ ചൂണ്ടിക്കാട്ടിയിരുന്നു. 

2016ലെ ഓസ്ട്രേലിയൻ ഓപ്പൺ ക്വാർ‌ട്ടർ ഫൈനലിനു ശേഷം ഇരു താരങ്ങളും ഫ്രഞ്ച് ഓപ്പൺ നാലാം റൗണ്ടിൽ ഇന്ന് വീണ്ടും ഏറ്റുമുട്ടും.

 ‘പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന മുഴുവൻ കാര്യങ്ങളും കേട്ടുകേൾവി മാത്രമാണ് എന്നാണ് എനിക്കു തോന്നിയത്. പുസ്തകം മുഴുവൻ വായിച്ചു, നിരാശാജനകം,’ മൂന്നാം റൗണ്ടിൽ 6–3, 6–4ന് ജൂലിയാ ഗോർജെസിനെ മറികടന്നശേഷം സെറീന പറഞ്ഞു. ‘പല മൽസരങ്ങൾ തോറ്റതിനു ശേഷവും ഞാൻ ലോക്കർ റൂമിലെത്തി പൊട്ടിക്കരഞ്ഞിട്ടുണ്ട്. എല്ലാവരും ചെയ്യാറുള്ളതാണ് അത്. തോൽക്കുന്നത് വിമ്പിൾഡൻ ഫൈനലിൽ ആകുമ്പോൾ സങ്കടം പതിന്മടങ്ങാകും, ഞാൻ കരഞ്ഞുപോയി. പുസ്തകത്തിൽ ഒരുപാടു വട്ടം എന്നെ പരാമർശിച്ചിട്ടുണ്ട്. ഇക്കാര്യം എന്നെ അദ്ഭുതപ്പെടുത്തി. എന്നെപ്പറ്റിയുള്ള പുസ്തകം വായിക്കാനാകും എന്നു കരുതിയിരുന്നതേ അല്ല, പക്ഷേ ഇതൊന്നും സത്യമല്ല,’ – സെറീന പറഞ്ഞു.

23 ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുള്ള സെറീന ഷറപ്പോവയുമായുള്ള മൽസരങ്ങളിൽ 19–2നു മുന്നിലാണ്. 2017 ഓസ്ട്രേലിയൻ ഓപ്പൺ നേടിയ ശേഷം കുഞ്ഞിനു ജന്മം നൽ‌കുന്നതിനായി കളിക്കളത്തിൽ നിന്ന് അവധിയെടുത്ത സെറീനയുടെ മടങ്ങിവരവിലെ ആദ്യ പ്രമുഖ ടൂർണമെന്റാണിത്.

സ്വെരേവ് ക്വാർട്ടറിൽ

പാരിസ്∙ വനിതാ സിംഗിൾസിൽ എസ്റ്റോണിയയുടെ അനേത് കോൺടാവെയ്റ്റിനെ അനായാസം മറികടന്ന് യുഎസ് ഓപ്പൺ ജേതാവ് സ്ലോയേൻ സ്റ്റീഫൻസ് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ പ്രവേശിച്ചു. സ്കോർ 6–2, 6–0. റുമാനിയയുടെ മിഹയേലാ ബുസർനെസ്കുവിനെ 6–1, 6–4 ന് തോൽപ്പിച്ച് മാഡിസൺ കെയ്സും മുന്നേറി. റഷ്യയുടെ കാരൻ കാച്ചനോവിനെ കടുത്ത പോരാട്ടത്തിനൊടുവിൽ 4–6, 7–6, 2–6, 6–3, 6–3ന് പരാജയപ്പെടുത്തിയാണ് രണ്ടാം സീഡ് അലക്സാണ്ടർ  സ്വെരേവ് ക്വാർട്ടറിലേക്കു മുന്നേറിയത്.