ഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ച് പുറത്ത്

ഫ്രഞ്ച് ഓപ്പണ്‍ ക്വാർട്ടർ മൽസരത്തിനിടെ ജോക്കോവിച്ച്.

പാരിസ് ∙ ക്വാർട്ടർ മൽസരത്തിൽ ഇറ്റലിയുടെ മാർകോ സെച്ചിനാറ്റോയോടു നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ അടിയറവു പറഞ്ഞ് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ നിന്നു പുറത്തായി. സ്കോർ 6–3,7–6,1–6, 7–6. ആദ്യ സെറ്റ് നഷ്ടമാക്കിയ ജോക്കോവിച്ച് ശക്തമായി തിരിച്ചടിച്ചെങ്കിലും നാലാം സെറ്റ് ടൈ ബ്രേക്കറിൽ സ്വന്തമാക്കിയ സെച്ചിനാറ്റോ സെമിയിലേക്കു മുന്നേറി.

രണ്ടാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്തു ഡൊമിനിക് തീം തുടർച്ചയായ മൂന്നാംവട്ടവും ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തി. സ്കോർ 6–4, 6–2, 6–1. രണ്ടാം സെറ്റിനിടെ ഇടതുകാലിനു പരുക്കേറ്റ സ്വെരേവിന് കോർട്ടിൽ അനായാസം ഓടിക്കളിക്കാൻ സാധിച്ചില്ല. യൂലിയ പുതിൻസേവയെ 7–6, 6–4നു പരാജയപ്പെടുത്തി മാഡിസൻ കെയ്സും സെമിയിലെത്തി. ഇതിനിടെ, വിരമിക്കാൻ ഉടനെങ്ങും ആലോചനയില്ലെന്ന് ലോക ഒന്നാം നമ്പർ ടെന്നിസ് താരം റാഫേൽ നദാൽ വ്യക്തമാക്കി.

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്തിയ ശേഷം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണു താരം ഇക്കാര്യം സൂചിപ്പിച്ചത്.

എനിക്കിപ്പോൾ 32 വയസ്സുണ്ട്. എന്നാൽ, അത്ര പ്രായമായെന്ന് എനിക്കു തോന്നുന്നില്ല. നന്നേ ചെറുപ്പത്തിൽ കളത്തിലിറങ്ങിയതാണു ഞാൻ. 2003 മുതൽ രംഗത്തുണ്ട്. ഇപ്പോഴും കളി ആസ്വദിക്കുന്നു – നദാൽ പറഞ്ഞു. ഞായറാഴ്ചയാണു നദാലിനു 32 വയസ്സു തികഞ്ഞത്.