Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാൻഡ്, ഓൾഡ് സ്‌‌ലാം!

nadal റാഫേൽ നദാലിന്റെ ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടങ്ങൾ. 2018 കിരീടനേട്ടം വലത്ത്.

പാരിസ് ∙ റൊളാങ് ഗാരോയിലെ വിജയപീഠത്തിൽ ആനന്ദക്കണ്ണീരണിഞ്ഞു നിന്ന റാഫേൽ നദാലിന്റെ 11–ാം ഫ്ര​ഞ്ച് ഓപ്പൺ കിരീടനേട്ടത്തെ ആദരിക്കാൻ 15,000 ആരാധകർ എഴുന്നേറ്റു നിന്നപ്പോൾ അത് ഒരു തലമുറയ്ക്കുള്ള അംഗീകാരം കൂടിയായി. നദാലും റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും ആൻഡി മറെയുമടങ്ങുന്ന നാൽവർസംഘത്തിന്റെ അപ്രമാദിത്വത്തിന്റെ അവസാന സാക്ഷ്യമാണ് റാഫയുടെ 17–ാം ഗ്രാൻസ്‌ലാം കിരീടം. 

മൂപ്പു കൂടിയിട്ടും മധുരമൊട്ടും ചോ‍ർന്നു പോകാത്ത മാമ്പഴം പോലെ ആനന്ദദായകമായി തുടരുന്ന സീനിയർ താരങ്ങളുടെ കളിമികവിനു നേരിയ വെല്ലുവിളിപോലും ന്യൂജനറേഷൻ പ്രതിഭകളിൽനിന്ന് ഉയരുന്നില്ല. 2005ൽ നദാൽ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടതിനുശേഷം നടന്ന 53 ഗ്രാൻസ്‌‌ലാം ടൂർണമെന്റുകളിൽ 48 എണ്ണത്തിലും കിരീടം നേടിയത് നാലുപേരാണ്. മുപ്പത്താറുകാരനായ ഫെഡററുടെ അക്കൗണ്ടിൽ മാത്രം 20 ഗ്രാൻസ്‌ലാം കിരീടങ്ങളുണ്ട്.

ജോക്കോവിച്ചിന് പന്ത്രണ്ടും മറെയ്ക്കു നാലും കിരീടങ്ങൾ. നാൽവർ സംഘത്തിന്റെ കൂട്ടത്തിൽ പരാമർശിക്കപ്പെടാറില്ലെങ്കിലും സ്വിസ് താരം സ്റ്റാൻ വാവ്‌റിങ്കയും മൂന്നു ഗ്രാൻസ്‌ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന ഏഴു ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലും മുപ്പതോ അതിലേറെയോ പ്രായമുള്ള താരങ്ങളാണു നേടിയത്. മാസ്റ്റേഴ്സ് കിരീടങ്ങളുടെ കണക്കിലും സീനിയേഴ്സ് തന്നെയാണു മുന്നിൽ. നദാൽ ഇതുവരെ 32 കിരീടങ്ങൾ നേടിയപ്പോൾ ജോക്കോവിച്ച് മുപ്പതും ഫെഡറർ ഇരുപത്തിരണ്ടും മറെ പതിനാലും കിരീടങ്ങൾ നേടി. 

ഫെഡററും നദാലും നാൽപതു വയസ്സുവരെ കളിച്ചാലു അദ്ഭുതപ്പെടാനില്ലെന്നു മുൻ ലോക ഒന്നാം നമ്പർ താരം മാരറ്റ് സാഫിൻ പറഞ്ഞ​തിൽ വലിയ അതിശയോക്തിയില്ല. മുപ്പത്തിയേഴാം വയസ്സിലും ഫെഡറർ ആവേശം ചോരാതെ പോരാട്ടം തുടരുമ്പോൾ എത്രകാലം തുടരുമെന്നു നദാൽ വ്യക്തമാക്കിയിട്ടില്ല. 

സീനിയർ താരങ്ങളുടെ സമഗ്രാധിപത്യത്തിനു മുന്നിൽ ചൂളിപ്പോകുന്നതു ലോക മൂന്നാം നമ്പർ താരം അലക്സാണ്ടർ സ്വരേവിനെപ്പോലെയുള്ളവരാണ്. ഫ്രഞ്ച് ഓപ്പണിൽ ഇത്തവണ ക്വാർട്ടറിൽ വീണു. സെമിവരെ തിളക്കമാർന്ന പോരാട്ടം കാഴ്ചവച്ച ഓസ്ട്രിയൻ താരം ഡൊമിനിക് തീം കലാശപ്പോരാട്ടത്തിൽ നദാലിന്റെ കരുത്തിനു മുന്നിൽ കാലിടറി വീണു. റൊളാങ് ഗാരോയിലെ വിജയത്തോടെ മുപ്പതു വയസ്സിനുശേഷം മൂന്നോ അതിലധികോ ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയ നാലാം താരവുമായി നദാൽ. ഫെഡറർ, റോഡ് ലേവർ, കെൻ റോസ്‌വാൾ എന്നീ മഹാരഥൻമാരാണ് മുൻഗാമികൾ.

വനിതകളിൽ സെറീന

സമകാലിക വനിതാ ടെന്നിസിൽ സെറീന വില്യംസിന്റെ ഏകാധിപത്യമാണ്. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ 10 കിരീടങ്ങൾ നേടിയ യുഎസ് താരം 2010നു ശേഷം 12 തവണ കൂടി ഗ്രാൻസ്‌‌ലാം ടെന്നിസിൽ വിജയക്കൊടി നാട്ടി. 1999ലെ യുഎസ് ഓപ്പൺ കിരീടമടക്കം 23 കിരീടങ്ങൾ. 2010 വരെയുള്ള കാലയളവിൽ സെറീനയുടെ സഹോദരി വീനസും ജസ്റ്റിൻ ഹെനിനും ഏഴുവീതം കിരീടങ്ങൾ നേടിയിരുന്നു.

എന്നാൽ 2010നു ശേഷം സെറീനയെ മാറ്റിനിർത്തിയാൽ, രണ്ടിൽ കൂടുതൽ ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയ ഒരു വനിതാ താരവുമില്ല.