യുഎസ് ഓപ്പൺ; ഫെഡററും ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ

റോജർ ഫെഡറർ (ഫയൽ ചിത്രം)

ന്യൂയോർക്ക് ∙ റോജർ ഫെഡറർ യുഎസ് ഓപ്പൺ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ. ഫ്രഞ്ച് താരം ബെനോയ്റ്റ് പെയറിനെ 7–5, 6–4, 6–4 ന് കീഴ്പ്പെടുത്തിയാണ് ഫെഡററുടെ വിജയം. നൊവാക്ജോക്കോവിച്ച്, മരിൻ സിലിച്ച് എന്നിവരും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്. അമേരിക്കയുടെ ടെന്നിസ് സാൻ‍ഡ്ഗ്രെനെ 6–1,6–3, 6–7, 6–2 നാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. മൂന്നാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവും മൂന്നാം റൗണ്ടിൽ കടന്നു. വനിതകളിൽ വിമ്പിൾഡൻ ചാംപ്യൻ ഏയ്ഞ്ചലിക് കെർബർ സ്വീഡന്റെ യോനലാർസനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ കടന്നു.

ഓസ്ട്രേലിയയുടെ നിക്ക് കിർഗിയോസും ഹംഗറിയുടെ പിയറി ഹ്യൂസ്ഹെർബർട്ടും തമ്മിലുള്ള കളിക്കിടെ അംപയർ മുഹമ്മദ് ലഹ്യാനി കസേരയിൽ നിന്നറങ്ങി വന്ന് നിക്കിനോട് നിങ്ങളെ ഞാൻ സഹായിക്കാം എന്നു പറഞ്ഞ സംഭവം പുതിയവിവാദത്തിനു തിരികൊളുത്തി. രണ്ടാം സെറ്റിൽ പിന്നിൽ നിൽക്കുമ്പോഴാണ് റഫറി തന്നെ കളിക്കാരനെ ആശ്വസിപ്പിക്കാനെത്തിയത്. ടൂർണമെന്റ് ചട്ടങ്ങളുടെ ലംഘനമാണ് റഫറിയുടെ നടപടിയെന്ന് കണ്ടെത്തിയിട്ടുണ്ട്.