സെറീന വിവാദം: ടെന്നിസ് ലോകം രണ്ടു തട്ടിൽ

യുഎസ് ഓപ്പൺ കിരീടം ചൂടിയ നവോമി ഒസാക സെറീന വില്യംസിനൊപ്പം.

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ഫൈനലിനിടെ മൽസരം നിയന്ത്രിച്ച ചെയർ അംപയറിനെതിരെ സെറീന വില്യംസ് ഉയർത്തിയ ആരോപണങ്ങളെച്ചൊല്ലി ടെന്നിസ് ലോകം രണ്ടു തട്ടിൽ. മൽസരത്തിനിടെയുണ്ടായ വിവാദങ്ങളിൽ സെറീനയ്ക്ക് പിൻ‌തുണയുമായി മുൻ ടെന്നിസ് താരങ്ങളായ ബില്ലി ജീൻ കിങും ജോൺ മക്കൻറോയും രംഗത്തെത്തി.

വിവാദമുണ്ടാക്കിയത് പുരുഷ താരങ്ങളായിരുന്നെങ്കിൽ അവർക്ക് ഇത്ര കടുത്ത ശിക്ഷ ലഭിക്കുമായിരുന്നില്ല എന്നാണു ജീൻ കിങ് ട്വിറ്ററിൽ കുറിച്ചത്. പുരുഷ താരങ്ങൾക്കു നിയമത്തിൽ ഇളവ് അനുവദിക്കപ്പെടുന്നെന്ന സെറീനയുടെ നിരീക്ഷണം ശരിയാണെന്നു മക്കൻറോ പറഞ്ഞു.എന്നാൽ ടെന്നിസിൽ എല്ലാം നിയമത്തിന് അനുസൃതമായാണു നടക്കുന്നതെന്നും താരങ്ങൾ നിയമത്തെക്കാൾ വലുതാകാൻ ശ്രമിക്കുന്നത് കഷ്ടമാണെന്നുമാണു മുൻ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ട് അഭിപ്രായപ്പെട്ടത്.