Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് ഓപ്പൺ: നദാൽ, സെറീന ക്വാർട്ടറിൽ

Rafael Nadal നദാലിന്റെ വിജയാഹ്ലാദം

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ റാഫേൽ നദാൽ, സെറീന വില്യംസ് എന്നിവർ ക്വാർട്ടറിൽ. ഒന്നാം സീഡ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ചെത്തിയ എസ്റ്റോണിയൻ താരം കായിയ കനേപിയെയാണ് സെറീന വീഴ്ത്തിയത് (6–0,4–6,6–3). ജോർജിയൻ താരം നിക്കോളോസ് ബാസിലാവ്‌ഷിലിക്കെതിരെയായിരുന്നു നദാലിന്റെ ജയം (6–3,6–3,6–7,6–4). പുരുഷ വിഭാഗത്തിൽ യുവാൻ മാർട്ടിൻ ഡെൽപോട്രോ, ഡൊമിനിക് തീം, ജോൺ ഇസ്‌നർ എന്നിവരും ക്വാർട്ടറിലെത്തി. വനിതകളിൽ കരോളിൻ പ്ലിസ്കോവ, സ്ലൊവാൻ സ്റ്റീഫൻസ്, അനസ്റ്റാസിയ സെവാസ്റ്റോവ എന്നിവരും മുന്നേറി. 

18 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ സെറീനയ്ക്കെതിരെ രണ്ടാം സെറ്റ് സ്വന്തമാക്കിയാണ് കനേപി തിരിച്ചടിച്ചത്. എന്നാൽ മൂന്നാം സെറ്റിൽ അതു നിലനിർത്താൻ കനേപിക്കായില്ല. ചെക് റിപ്പബ്ലിക് താരം കരോളിൻ പ്ലിസ്കോവയുമായിട്ടാണ് സെറീനയുടെ ക്വാർട്ടർ പോരാട്ടം. 2016ൽ ഇവിടെ സെമിഫൈനലി‍ൽ സെറീനയെ തോൽപ്പിച്ച ചരിത്രം പ്ലിസ്കോവയ്ക്കുണ്ട്. നിലവിലെ ചാംപ്യൻ അമേരിക്കയുടെ സ്ലൊയാൻ സ്റ്റീഫൻസ് അനായാസമായിട്ടാണ് ഡച്ച് താരം എലിസെ മെർട്ടെൻസിനെ മറികടന്നത് (6–3,6–3). ലാത്വിയൻ താരം അനസ്റ്റാസിയ സെവസ്റ്റോവയാണ് അടുത്ത റൗണ്ടിൽ എതിരാളി. ഏഴാം സീഡ് എലിന സ്വിറ്റോലിനയെയാണ് സെവസ്റ്റോവ തോൽപ്പിച്ചത്. ഇതോടെ വനിതാ സിംഗിൾ‍സിൽ ആദ്യ പത്ത് സീഡുകളിൽ രണ്ടു പേർ മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. 

പുരുഷ വിഭാഗം ക്വാർട്ടർ ഫൈനലിൽ നദാലിനെ കാത്തിരിക്കുന്നത് ഓസ്ട്രിയൻ താരം ഡൊമിനിക് തീം ആണ്. ഈ വർഷം നദാലിനെ തോൽപ്പിച്ച മൂന്നു പേരിൽ ഒരാളാണ് തീം. യുഎസ് ഓപ്പൺ നാലാം റൗണ്ടിലെത്തുന്ന ആദ്യ ജോർജിയക്കാരനായ ബാസിലാവ്‌ഷിലിയെ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് നദാൽ കീഴടക്കിയത്. തീം ദക്ഷണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണെ മടക്കി (7–5,6–2,7–6). 2009ലെ ചാംപ്യനായ അർജന്റീന താരം ഡെൽപോട്രോ തുടരെ മൂന്നാം വർഷമാണ് ക്വാർട്ടറിലെത്തുന്നത്. 

ക്രൊയേഷ്യൻ താരം ബോർന കോറികിനെയാണ് ഡെൽപോട്രോ തോൽപ്പിച്ചത് (6–4,6–3,6–1).