Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാപ്പു പറയുന്നതുവരെ സെറീനയുടെ മൽസരങ്ങൾ അംപയർമാർ ബഹിഷ്കരിച്ചേക്കും

serena-ramos ചെയർ അംപയർ റാമോസുമായി സംസാരിക്കുന്ന സെറീന വില്യംസ്.

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിനിടെ ചെയർ അംപയറിനോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുഎസ് താരം സെറീന വില്യംസിന്റെ മൽസരങ്ങൾ ബഹിഷ്കരിക്കാൻ അംപയർമാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ചെയർ അംപയർ കാർലോസ് റാമോസിനെ കള്ളനെന്നു വിളിച്ച് അധിക്ഷേപിച്ച സെറീന മാപ്പു പറയുന്നതുവരെ അവരുടെ മൽസരങ്ങൾ ബഹിഷ്കരിക്കാനാണ് ആലോചന.

വനിതാ സിംഗിൾസിൽ 23 ഗ്രാൻസ്‍ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സെറീന, 24–ാം കിരീട നേട്ടത്തോടെ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമെത്താനുള്ള ശ്രമത്തിനിടെയാണ് അംപയറുമായി കോർത്തത്. ജപ്പാൻ താരം നവോമി ഒസാക്കയ്ക്കെതിരായ കലാശപ്പോരിൽ, ആദ്യ സെറ്റ് കൈവിട്ടതിനു പിന്നാലെ രണ്ടാം സെറ്റിനിടെയാണ് സംഘർഷം ഉടലെടുത്തത്.

മൽസരത്തിനു പിന്നാലെ ചെയർ അംപയറിനെതിരെ സെറീന വില്യംസ് ഉയർത്തിയ ആരോപണങ്ങളെച്ചൊല്ലി ടെന്നിസ് ലോകം രണ്ടു തട്ടിലായി. മൽസരത്തിനിടെയുണ്ടായ വിവാദങ്ങളിൽ സെറീനയ്ക്ക് പിൻ‌തുണയുമായി മുൻ ടെന്നിസ് താരങ്ങളായ ബില്ലി ജീൻ കിങും ജോൺ മക്കൻറോയും രംഗത്തെത്തി. വിവാദമുണ്ടാക്കിയത് പുരുഷ താരങ്ങളായിരുന്നെങ്കിൽ അവർക്ക് ഇത്ര കടുത്ത ശിക്ഷ ലഭിക്കുമായിരുന്നില്ല എന്നാണു ജീൻ കിങ് ട്വിറ്ററിൽ കുറിച്ചത്. പുരുഷ താരങ്ങൾക്കു നിയമത്തിൽ ഇളവ് അനുവദിക്കപ്പെടുന്നെന്ന സെറീനയുടെ നിരീക്ഷണം ശരിയാണെന്നു മക്കൻറോ പറഞ്ഞു.

എന്നാൽ ടെന്നിസിൽ എല്ലാം നിയമത്തിന് അനുസൃതമായാണു നടക്കുന്നതെന്നും താരങ്ങൾ നിയമത്തെക്കാൾ വലുതാകാൻ ശ്രമിക്കുന്നത് കഷ്ടമാണെന്നുമാണു മുൻ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ട് അഭിപ്രായപ്പെട്ടത്.

സംഭവം ഇങ്ങനെ

ഫൈനലിനിടെ സെറീനയ്ക്ക് പരിശീലകൻ നിർദ്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി ചെയർ അംപയർ കാർലോസ് റാമോസ് മുന്നറിയിപ്പു നൽകിയതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ആദ്യ സെറ്റ് നഷ്ടമായ സെറീന, രണ്ടാം സെറ്റിൽ മൽസരത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. ഗ്രാൻസ്‍ലാം ടൂർണമെന്റുകളിൽ മൽസരത്തിനിടെ താരങ്ങൾക്ക് പരിശീലകർ നിർദ്ദേശങ്ങൾ നൽകുന്നത് അനുവദനീയമല്ല. രണ്ടാം സെറ്റിന്റെ രണ്ടാം ഗെയിമിനിടെയാണ് പരിശീലകൻ സെറീനയ്ക്ക് നിർദ്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി റാമോസ് ഇടപെട്ടത്. സംഭവം നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സെറീനയ്ക്ക് ആദ്യ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഇതിനെതിരെ സെറീന പ്രതിഷേധിച്ചിരുന്നു.

രണ്ടാം സെറ്റിൽ 3–1ന് മുന്നിൽ നിന്നിരുന്ന സെറീന ഈ സംഭവത്തിനു പിന്നാലെ തുടർച്ചയായി പോയിന്റുകൾ നഷ്ടമാക്കി. ഇതോടെ ക്രുദ്ധയായ സെറീന റാക്കറ്റ് വലിച്ചെറിഞ്ഞതോടെ അംപയർ വീണ്ടും ഇടപെട്ടു. നിയമലംഘനം ചൂണ്ടിക്കാട്ടി സെറീനയ്ക്ക് രണ്ടാമത്തെ മുന്നറിയിപ്പും അംപയർ നൽകി. സെറീനയ്ക്ക് ഒരു പോയിന്റു നഷ്ടമാകുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടമായ സെറീന മൽസരത്തിനിടെ പരിശീലകൻ ഇടപെട്ടതിന്റെ പേരിൽ നൽകിയ മുന്നറിയിപ്പു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

‘ജീവിതത്തിൽ ഇന്നേ വരെ ഞാൻ വഞ്ചന കാട്ടിയിട്ടില്ല. നിങ്ങൾ എന്നോടു മാപ്പു പറയണം’ – സെറീന അംപയറിനോട് ആവശ്യപ്പെട്ടു. അദ്ദേഹം ഇടയ്ക്ക് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ‘എന്നോടു മിണ്ടണ്ട’ എന്ന് സെറീന വിലക്കിയതോടെ അദ്ദേഹം നിശബ്ദനായി.

‘നിങ്ങൾ എന്റെ ഒരു പോയിന്റ് കവർന്നെടുത്തു. കള്ളനാണ് നിങ്ങൾ’ എന്ന് വീണ്ടും സെറീന ആവർത്തിച്ചതോടെ അംപയർ മൂന്നാമത്തെ മുന്നറിയിപ്പും പുറപ്പെടുവിച്ചു. പെനൽറ്റി പോയിന്റുകളിൽ ഗെയിം നഷ്ടമായ സെറീന 5–3ന് പിന്നിലാവുകയും ചെയ്തു. ഇതിനു പിന്നാലെ ഇരു താരങ്ങളെയും വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ അംപയർ ശ്രമിച്ചെങ്കിലും സെറീന വഴങ്ങിയില്ല. ടൂർണമെന്റ് റഫറി ബ്രയാൻ ഏർലിയോടു സംസാരിക്കണമെന്നായിരുന്നു സെറീനയുടെ ആവശ്യം.

ഇതോടെ ഗ്രാൻസ്‌ലാം സൂപ്പർവൈസർക്കൊപ്പം ഏർലി കളത്തിലെത്തി. അംപയറിന്റെ പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ട സെറീന, പല തവണയായി ഇത്തരം സംഭവങ്ങൾ തനിക്കെതിരെ ആവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ‘അംപയർ ചെയ്തതു ശരിയല്ല’ എന്നു പറഞ്ഞിതിന്റെ പേരിൽ തനിക്ക് ഗെയിം തന്നെ നഷ്ടമായെന്നും സെറീന ചൂണ്ടിക്കാട്ടി. അംപയർമാർക്കെതിരെ സംസാരിച്ച പുരുഷ താരങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അവർക്കൊന്നും ഇത്തരം നടപടികൾ നേരിടേണ്ടി വന്നിട്ടില്ലെന്നും സെറീന ആരോപിച്ചു. ഇതിനു പിന്നാലെ കാര്യമായ അദ്ഭുതങ്ങളൊന്നും കൂടാതെ 6–4ന് സെറ്റും കിരീടവും ഒസാക്ക സ്വന്തമാക്കുകയും ചെയ്തു.