‘അമ്മ’മാരെ തുണച്ച് ടെന്നിസിൽ റാങ്കിങ് ഭേദഗതി

സെറീന വില്യംസ്

വാഷിങ്ടൻ∙ ടെന്നിസ് കോർട്ടിലെ അമ്മമാർക്കു സഹായകമായി ചരിത്രപ്രധാനമാന റാങ്കിങ് ഭേദഗതി നിലവിൽ വന്നു. പ്രസവാനന്തര അവധിയെത്തുടർന്നു കോർട്ടിൽനിന്നു വിട്ടുനിൽക്കേണ്ടിവന്ന യുഎസ് താരം സെറീന വില്യംസിന്റെ ദുരവസ്ഥയാണ് വനിതാ ടെന്നിസ് അസോസിയേഷനെ ചരിത്രപരമായ തീരുമാനത്തിലെത്തിച്ചത്. ലോക ഒന്നാം നമ്പർ താരമായിരുന്ന സെറീന 14 മാസത്തെ പ്രസവ അവധിക്കുശേഷം ടെന്നീസ് കോർട്ടിലേക്കു മടങ്ങിയെത്തിയപ്പോൾ 453 –ാം സ്ഥാനത്തേക്കാണു പതിച്ചത്. 

പുതിയ ഭേദഗതി പ്രകാരം കളത്തിലേക്കു തിരിച്ചെത്തുന്ന താരങ്ങൾക്ക് നിശ്ചിത കാലാവധി ‘സ്പെഷൽ റാങ്കിങ്’ അനുസരിച്ചു കളിക്കാം. ഓരോ സാഹചര്യം അനുസരിച്ച് കാലാവധിയിൽ വ്യത്യാസമുണ്ട്.