ആൾക്കൂട്ടത്തിലകപ്പെട്ട മകളെ തിരഞ്ഞ് കണ്ണീരോടെ അമ്മ; മൽസരം നിർ‌ത്തി നദാലിന്റെ മാതൃക - വിഡിയോ

റാഫേൽ നദാൽ, കുഞ്ഞിനെ അമ്മയ്ക്ക് തിരികെ കിട്ടിയപ്പോൾ. (വിഡിയോ ദൃശ്യം)

മഡ്രി‍ഡ്∙ കാണികൾക്കിടയിൽപ്പെട്ട് കാണാതെ പോയ മകളെ തിരയുന്ന അമ്മയ്ക്കു വേണ്ടി ടെന്നിസ് മൽസരം നിർത്തിവച്ച സ്പാനിഷ് താരം റാഫേൽ നദാലിന്റെ മാതൃകയ്ക്ക് കാണികളുടെ കൈയ്യടി. സ്പെയിനിൽ നടന്ന ഒരു പ്രദർശന ടെന്നിസ് മൽസരത്തിനിടെയാണ് സംഭവം. ഇതിന്റെ വിഡിയോ പുറത്തായതോടെയാണ് കായിക ലോകം കൈയടികളുമായി നദാലിന്റെ മാതൃകയെ അനുമോദിച്ചത്.

മറ്റൊരു സ്പാനിഷ് താരമായ സൈമൺ സോൽബാസിനെ പങ്കാളിയാക്കി ഡബിൾസ് മൽസരം കളിക്കുകയായിരന്നു നദാൽ. ജോൺ മക്കെൻറോ-കാർലോസ് മോയ സഖ്യമായിരുന്നു എതിരാളികൾ. മൽസരത്തിനിടെ സർവ് ചെയ്യാനെത്തിയപ്പോഴാണ് കാണികൾക്കിടെ ഒരു സ്ത്രീ അലമുറയിടുന്നത് നദാലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തിരക്കിനിടെ കൈവിട്ടുപോയ മകളെ തിരയുന്ന അമ്മയാണതെന്ന് മനസിലാക്കിയ നദാൽ സർവ് ചെയ്യാതെ കാത്തുനിന്നു. ഇതോടെ കാണികളെല്ലാം പെൺകുട്ടിക്കായി തിരച്ചിൽ തുടങ്ങി.

ക്ലാരയെന്ന് വിളിച്ച് മകളെ തിരഞ്ഞ അമ്മയ്ക്കൊപ്പം കാണികളെല്ലാം ക്ലാര വിളികളോടെ തിരിച്ചിലാരംഭിച്ചതോടെ പെട്ടെന്ന് തന്നെ കുട്ടിയെ അമ്മയ്ക്ക് കണ്ടെത്താനായി. കരച്ചിലോടെ പെണ്‍കുട്ടി അമ്മയുടെ പക്കലേക്കെത്തുന്നതും വിഡിയോയിലുണ്ട്. തുടർന്ന് മൽസരം പുനഃരാരംഭിക്കുകയും ചെയ്തു. വിഡിയോ ചുവടെ: