Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുകുട്ടികൾക്ക് ടെന്നിസ് അക്കാദമിയുമായി സാനിയ മിർസ

sania-mirza

ഹൈദരാബാദ് ∙ മൂന്നു മുതൽ എട്ടുവരെ പ്രായമുള്ള കുട്ടികൾക്കായി ടെന്നിസ് അക്കാദമിയുമായി സാനിയ മിർസ. എസ്എംടിഎ ഗ്രാസ്റൂട്ട് ലെവൽ ടെന്നിസ് അക്കാദമിക്ക് ഇന്നലെ ഹൈദരാബാദിൽ തുടക്കമായി. അമ്മയുടെ ആശയപ്രകാരമാണു അക്കാദമി തുടങ്ങിയതെന്നു സാനിയ പറഞ്ഞു. ‌

‘ഞാൻ കുട്ടിയായിരുന്ന കാലത്ത് എവിടെ പരിശീലിക്കണമെന്നോ എത്ര നേരം പരിശീലിക്കണമെന്നോ ഒന്നും അറിയില്ലായിരുന്നു. ശരിയായ കാര്യങ്ങൾ പറഞ്ഞുതരാനും അധികം പേരുണ്ടായിരുന്നില്ല. ഇക്കാലത്ത് ഇതിനു മാറ്റമുണ്ടാകണം എന്ന ആഗ്രഹത്തോടെയാണ് അക്കാദമി തുടങ്ങുന്നത് – സാനിയ പറഞ്ഞു.

ടെന്നിസ് രംഗത്തെ പ്രമുഖ താരങ്ങളെല്ലാം നാലഞ്ചു വയസ്സിൽ കളി തുടങ്ങിയവരാണ്. എട്ടുവയസ്സാകുമ്പോഴേയ്ക്കും ഈ രംഗത്തു കടുത്ത മൽസരമുണ്ടാകും. ചെറുപ്പത്തിലേ പരിശീലനം നേടേണ്ടത് അത്യാവശ്യമാണ് അതിനാൽ എന്റെ വീടിനോടു ചേർന്നു തന്നെയാണ് അക്കാദമിയും. അതിനാൽ, ഞാനിവിടെ ഉള്ളപ്പോഴൊക്കെ കുട്ടികളുടെ ഒപ്പമുണ്ടാകും. അടുത്ത സാനിയയും മഹേഷ് ഭൂപതിയും ലിയാൻഡർ പെയ്സുമൊക്കെ വളർന്നു വരേണ്ടതു നമ്മുടെ ആവശ്യമാണ്. അവരെ വളർത്തിയെടുക്കേണ്ടതു നമ്മുടെ കടമയും –സാനിയ പറഞ്ഞു.