Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻമരങ്ങൾ വീണു; ജോക്കോവിച്ചും വീനസ് സഹോദരിമാരും പുറത്ത്

OLYMPICS-RIO-TENNIS-M-SINGLES പുരുഷവിഭാഗം ടെന്നിസ് സിംഗിൾസിൽ അർജന്റീനയുടെ ഡെൽപോട്രോയോട് തോറ്റശേഷം ജോക്കോവിച്ചിന്റെ പ്രതികരണം.

റിയോ ഡി ജനീറോ∙ പ്രമുഖ താരങ്ങളുടെ പിന്മാറ്റംമൂലം തുടക്കത്തിലേ നിറം മങ്ങിയ ഒളിംപിക് ടെന്നിസിൽ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു മടങ്ങുന്ന വൻമരങ്ങളുടെ എണ്ണം കൂടുന്നു. പുരുഷ വിഭാഗം സിംഗിൾസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചും വനിതാ വിഭാഗം ഡബിൾസിൽ ഹാട്രിക്ക് സ്വർണത്തിന്റെ പകിട്ടിലെത്തിയ വില്യംസ് സഹോദരിമാരും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. വനിതാ വിഭാഗം സിംഗിൾസിലും വീനസ് ഇന്നലെ തോറ്റിരുന്നു.

ലോക ഒന്നാം നമ്പർ താരമായ നൊവാക് ജോക്കോവിച്ച്, അർജന്റീനയുടെ സീഡ് ചെയ്യപ്പെടാത്ത താരം യുവാൻ മാര്‍ട്ടിൻ ഡെൽപോട്രോയോട് തോറ്റാണ് പുറത്തായത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോവിച്ചിന്റെ തോൽവി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ മൂന്നാം സ്ഥാനം നേടിയ താരമാണ് ഡെൽപോട്രോ. അന്നും സെമിയിൽ ജോക്കോവിച്ചിനെ തോൽപ്പിച്ചാണ് ഡെൽപോട്രോ മൂന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ രണ്ടുവർഷമായി പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച്, 14 ഗ്രാൻസ്‌ലാം കിരീടങ്ങളും നേടിയിട്ടുണ്ട്. ഒളിംപിക് സ്വർണം നേടി കരിയർ ഗോൾഡൻ സ്‍ലാം നേടാനുള്ള അപൂർവ അവസരമാണ് തോൽവിയോടെ ജോക്കോവിച്ചിന് നഷ്ടമായത്.

OLYMPICS-RIO-TENNIS-W-DOUBLES ടെന്നിസ് വനിതാ വിഭാഗം ഡബിൾസിൽ പരാജയപ്പെട്ട വില്യംസ് സഹോദരിമാർ മൽസരശേഷം മടങ്ങുന്നു.

അതേസമയം, ചെക്ക് റിപ്പബ്ലിക്ക് ജോഡികളായ ലൂസി സഫറോവ-ബാർബോറ ക്രെയിസ്കോവ സഖ്യമാണ് ഹാട്രിക്ക് സ്വർണനേട്ടവുമായി റിയോയിലെത്തിയ സെറീന വില്യംസ്-വീനസ് വില്യംസ് സഖ്യത്തെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇവരുടെ തോൽവി. സ്കോർ: 6-3, 6-4.

2000ലെ സിഡ്നി ഒളിംപിക്സ് മുതൽ ഡബിൾസിൽ ഒന്നിച്ചു മൽസരിക്കുന്ന വില്യംസ് സഹോദരിമാരുടെ ഒളിംപിക്സിലെ ആദ്യ തോൽവിയാണിത്. 2000ൽ സിഡ്നിയിലും 2008ൽ ബെയ്ജിങ്ങിലും 2012ൽ ലണ്ടനിലും സ്വർണം നേടി ഹാട്രിക്ക് തികച്ച ശേഷമാണ് 2016ൽ റിയോയിലെ ഇവരുടെ ആദ്യറൗണ്ട് തോൽവിയെന്നത് ശ്രദ്ധേയമാണ്. 

Your Rating: