ആപ്പുണ്ടല്ലോ; നിന്ന നിൽപ്പിൽ വായ്പ

ഓണത്തിനു കേരളത്തിൽ ചെറിയ ടിവിക്കു ഡിമാൻഡില്ല. 26 ഇഞ്ചുള്ള ടിവിക്ക് ജിഎസ്ടി കുറച്ചതുകൊണ്ട് പ്രയോജനവുമില്ല. 32 ഇഞ്ചിന്റെ ടിവിയാണോ ഇവിടെ വിൽപന? അതുമല്ല 43 ഇഞ്ച് മുതൽ മുകളിലോട്ടാണു ഡിമാൻഡ്. വീടിന്റെ സ്വീകരണമുറിയിൽ പ്രദർശിപ്പിക്കുന്ന സാധനമാകയാൽ വലുപ്പം കുറയാൻ പാടില്ലല്ലോ. പക്ഷേ, വൻ വില കൊടുത്തു വാങ്ങാൻ പാങ്ങുണ്ടോ!

അതിനല്ലേ ഫിനാൻസ്! ബാങ്കിൽ പോയി കാത്തുകെട്ടിക്കിടക്കേണ്ട. കടയിൽ ആളുണ്ട്. ബാങ്കിന്റ ആൾ ആവണമെന്നില്ല, ഫിനാൻസ് കമ്പനിക്കാരുടെ കക്ഷി നിങ്ങളുടെ വായ്പതിരിച്ചടവു ശേഷി പരിശോധിക്കുന്നു. ശേഷിയും ശേമുഷിയും നോക്കാൻ ആപ്പുകളുണ്ട്. ആധാർ നമ്പറും കെവൈസിയും മൊബൈൽ നമ്പറും കൊടുക്കൂ. ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ അനുവാദവും കൊടുക്കണം. ക്രെഡിറ്റ് സ്കോർ റെഡി. തിരിച്ചടയ്ക്കാൻ പാങ്ങുണ്ടോ തിരിച്ചടയ്ക്കുന്ന ടൈപ്പാണോ അതോ തരികിടയാണോ എന്നൊക്കെ ആപ്പിൽ നിന്നറിയാം. ഇതിനു സിബിൽ പോലെ റേറ്റിങ്  ഏജൻസി വരെ പോകേണ്ട കാര്യവുമില്ല. കുടുംബം പണയം വയ്ക്കേണ്ട. ഈട്, കൊളാറ്ററൽ എന്നൊന്നും ആരും മിണ്ടില്ല. നിന്ന നിൽപ്പിൽ  എല്ലാം കഴിയും!

ഒരു ഈടുമില്ലാതെ വായ്പയോ? അൺ സെക്വേഡ് വിഭാഗത്തിൽ വരുന്ന ഇമ്മാതിരി വായ്പകൾ വച്ചടി കേറുകയാണ്. അതിൽ മുൻപൻമാരായ ബജാജ് ഫിനാൻസിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. കിട്ടാക്കടം പെരുകി വശംകെട്ടു നിൽക്കുന്ന പൊതുമേഖലാ ബാങ്കുകൾ ഇതിൽ തൊടുകില്ല. വ്യവസ്ഥാപിത ബാങ്കുകൾ മാറിനിൽക്കുമ്പോൾ ഫിനാൻസ് കമ്പനികൾ കസറുന്നു.

ചെറുകിട വായ്പകളാവുമ്പോൾ ആരും ഡിഫോൾട്ടർ ആവുന്നില്ലെന്നതാണ് അനുഭവം. എന്നെ ഡിഫോൾട്ടർ ആക്കല്ലേ എന്നാണത്രെ ഇപ്പോൾ എല്ലാരും പ്രാർഥിക്കാറ്. മാസത്തവണ തിരിച്ചടവിനു മുടക്കം വരുത്തല്ലേ എന്നേ അർഥമുള്ളു. ഇങ്ങനെ ഒരുപാടു ചെറുകിട വായ്പകളുടെ ഭാരവും പേറി നടക്കുന്നവരുണ്ട്. അരലക്ഷത്തിന്റെ മൊബൈൽ ഫോൺ, അരലക്ഷത്തിന്റെ ടൂവീലർ... അരിമണിയൊന്നു കൊറിക്കാനില്ല, ഐഫോൺ കൊണ്ടു നടക്കാൻ മോഹം  എന്നു പറഞ്ഞാൽ കറക്ടായി.

ക്രെഡിറ്റ് സ്കോർ മോശമാണെങ്കിലോ? ഫിനാൻസ് കമ്പനിക്കാർ കയ്യൊഴിയുമ്പോൾ സ്വർണവായ്പക്കമ്പനിക്കാർ രംഗത്തു വരുന്നു. സ്വർണം പണയം വച്ച് സാധനം വാങ്ങാമെന്നു മാത്രമല്ല കൃത്യമായി തിരിച്ചടച്ച് ക്രെഡിറ്റ് സ്കോർ ഉയർത്തുകയും ചെയ്യാം. 

അതിനു വേണ്ടി പദ്ധതികളുള്ള കമ്പനികളുണ്ട്. പണയത്തിൽ ഒരു ലക്ഷം രൂപ എടുത്ത ശേഷം അരലക്ഷം തിരിച്ചടച്ചെന്നു കരുതുക. വീണ്ടും ഒരത്യാവശ്യം വന്നാൽ എസ്എംഎസ് അയച്ചാൽ മതി. പണം ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാവും. ഒരു ലക്ഷത്തിന്റെ സ്വർണം ഇപ്പോഴും അകത്തിരിക്കുകയല്ലേ?

ഒടുവിലാൻ ∙ മാസം 40,000 രൂപ ശമ്പളമെങ്കിൽ വർഷം അഞ്ചു ലക്ഷത്തിനടുത്തു വരുമാനം. ചെലവു കഴിഞ്ഞ് ഒന്നരലക്ഷം ബാക്കിയായേക്കും. അതിൽ ഭവനവായ്പ, വാഹനവായ്പ. പിന്നെ മൊബൈലും ടിവിയും മറ്റു പല ഇഎംഐകളും. ഏതു നിമിഷവും നിങ്ങളൊരു കുഞ്ഞു മല്യ ആയേക്കുമെന്നതുകൊണ്ടാണ് വൻകിട ബാങ്കുകൾ ഈ കൈവിട്ട കളിക്കു നിൽക്കാത്തത്.