Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിരപ്പൂടയുടെ തെളിവും സാക്ഷാൽ ഡോയലും

ജിജോ
Detective-kuthirapoodayude-thelivum-sakshal-doyalum ജോർജ് ഏണസ്റ്റ് ഇഡൽജി, സർ ആർതർ കോനൻ ഡോയൽ, കിർക്ക് ഒഡോം

ഒരു മുടിനാരിന്റെ മാത്രം തെളിവിൽ അകത്തായി 22 വർഷം തടവിൽ കഴിഞ്ഞ കിർക്ക് ഒഡോം പുറത്തിറങ്ങിയപ്പോൾ യൗവനം മുഴുവൻ അദ്ദേഹത്തിനു നഷ്ടപ്പെട്ടിരുന്നു. വംശീയവൈരം നിറഞ്ഞ പൊലീസ് നടപടികളുടെ ഇരയായിരുന്നു ഒഡോം.  വാഷിങ്‌ടൻ ഡിസിയിലൂടെ 1981 ഏപ്രിൽ മൂന്നിനു നടന്നു നീങ്ങുകയായിരുന്നു 18 കാരനായ ഒഡോം. അമേരിക്കൻ പൊലീസുകാരൻ അദ്ദേഹത്തെ അടുത്തു വിളിച്ചു. പോക്കറ്റിൽ നിന്നു രേഖാ ചിത്രം എടുത്തു കാണിച്ചു. 

‘ ഇവൻ നിന്നെപ്പോലെയില്ലേ?’ 

ഒറ്റനോട്ടത്തിൽ ഒഡോം ഉത്തരം പറഞ്ഞു: ‘ഇല്ല സാർ, ഇയാൾക്കു പ്രായം കൂടുതലാണ്.’

എന്നാൽ ശരി നീ പൊയ്ക്കോ, വിളിപ്പിക്കുമ്പോൾ വരണം. (നോക്കൂ, ലോകത്ത് എല്ലായിടത്തും പൊലീസിന്റെ ‘ഭാഷ’ ഒന്നാണ്).

പിന്നീടു നടന്നത് അറസ്റ്റാണ്. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നു ലഭിച്ച ഒരു ചുരുണ്ടമുടിയുടെ സാമ്പിൾ പൊലീസ് ലാബിലെ മൈക്രോസ്കോപ്പിനടിയിൽ പരിശോധിച്ചു. അതും ഒഡോമിന്റെ മുടികളും ഒരേ സ്വഭാവമുള്ളതാണെന്നു സ്ഥാപിച്ചു. കോടതി അതു ശരിവച്ചു, ഒഡോമിനു മരണം വരെ ജയിൽശിക്ഷ വിധിച്ചു. 

മുടിനാരിന്റെ ഡിഎൻഎ പരിശോധനകൾ വ്യാപകമായതോടെ ഒറ്റ മുടിനാരിന്റെ തെളിവിൽ മാത്രം ശിക്ഷിക്കപ്പെട്ടവരുടെ   സാമ്പിളുകളുടെ  ഡിഎൻഎ പരിശോധിക്കാൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ) തീരുമാനിച്ചു. 

ഈ പരിശോധനയാണു നിരപരാധിത്വം തെളിയിച്ചു ജയിൽ മോചിതനാവാൻ കിർക്ക് ഒഡോമിനു തുണയായത്. ഒഡോം അകത്തു പോവുന്നതിനും 78 വർഷം മുൻപാണ് ഇന്ത്യൻ  വംശജനായ ജോർജ് ഏണസ്റ്റ് ഇഡൽജിയെന്ന അഭിഭാഷകൻ ഇംഗ്ലണ്ടിൽ ജയിലിലായത്. 

അറസ്റ്റും വിചാരണയുമെല്ലാം പെട്ടെന്നായിരുന്നു. ബ്രിട്ടനെതിരായ ഇന്ത്യൻ സ്വാതന്ത്ര്യ വികാരം ലോകമെങ്ങും അലയടിക്കുന്ന കാലത്ത് ഇന്ത്യൻ വംശജരെ കുറ്റവാളി സമൂഹമായാണു അവർ കണക്കാക്കിയിരുന്നത്. ഒരു ആരോപണമുണ്ടായാൽ തന്നെ പിടിച്ചു ജയിലിലിടും. തെളിവും വിചാരണയുമൊക്കെ അവരുടെ ഇഷ്ടത്തിനു നടക്കും.

രാത്രിയുടെ മറവിൽ പന്തയക്കുതിരകളെ വയറു കീറി കൊലപ്പെടുത്തുന്നു– ഇതായിരുന്നു ജോർജ് ഇഡൽജിക്ക് എതിരായ കുറ്റാരോപണം. പിന്നാലെ കുതിരകളുടെ ഉടമയ്ക്കു കൊലയാളിയുടെ വക ഭീഷണിക്കത്തു ലഭിക്കും. ‘അടുത്തത് നിന്റെ കുഞ്ഞാണു കൊല്ലപ്പെടാൻ പോവുന്നത്’. 

കുതിരകളെ മയക്കാൻ മിടുക്കന്മാരായ ഇന്ത്യക്കാരനു മാത്രമേ ഇങ്ങനെ കൊല ചെയ്യാൻ കഴിയൂ– ബ്രിട്ടിഷ് പൊലീസിന്റെ പ്രാഥമിക നിഗമനം ഇതായിരുന്നു. കൊലനടന്ന ഗ്രേറ്റ് യർലി പ്രദേശത്തെ അറിയപ്പെടുന്ന ഇന്ത്യൻ വംശജൻ അഭിഭാഷകനായ ജോർജ് ഇഡൽജിയാണ്.  

പിന്നെ എല്ലാം പെട്ടന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഗൗണിൽ ഒരു കുതിരപ്പൂട കണ്ടെത്തി. ഷേവ് ചെയ്യുന്ന കത്തി കൊണ്ടാണു കുതിരകളുടെ വയറു കീറിയതെന്നു സ്ഥാപിച്ചു. കുതിരകൾ ചത്തു കിടന്ന സ്ഥലത്തു പതിഞ്ഞ ബൂട്ടിന്റെ അടയാളങ്ങളും ജോർജിന്റേതെന്നു പ്രഖ്യാപിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ 7 വർഷം തടവും ശിക്ഷയും വിധിച്ചു. 

അഭിഭാഷകരുടെ ഇടയിൽ തന്നെ പ്രതിഷേധം ഉയർന്നു. ജോർജിനെ മോചിപ്പിക്കാനുള്ള പ്രചാരണവും ഒപ്പു ശേഖരണവും പുറത്തു നടക്കുന്നുണ്ട്. അങ്ങനെ മൂന്നു വർഷം പിന്നിട്ടപ്പോൾ എല്ലാ പ്രതീക്ഷയും നശിച്ചു ജോർജ് ഒരു കത്തെഴുതി, ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന ഒരു ഡോക്ടർക്ക്. എന്നെ രക്ഷിക്കാൻ അങ്ങയ്ക്കേ കഴിയൂ– ഇതായിരുന്നു ഉള്ളടക്കം.

മുന്നറിയിപ്പില്ലാതെ ഡോക്ടർ ജയിൽ സന്ദർശിച്ചു. അദ്ദേഹം ജയിലിനുള്ളിലെത്തിയപ്പോൾ കാണുന്നത് പത്രം വായിക്കുന്ന ജോർജ് ഇഡൽജിയെയാണ്. അപ്പോൾ തന്നെ അദ്ദേഹം മനസിൽ പറഞ്ഞു– ഇയാൾ നിരപരാധിയാണ്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം നേരിട്ടു കേസന്വേഷിക്കാനാണ് അദ്ദേഹം ഇറങ്ങിയത്. ഡോക്ടറുടെ ഈ നീക്കങ്ങൾ പൊലീസിനെ അലോസരപ്പെടുത്തി. വധഭീഷണിവരെയുണ്ടായി. 

ഒടുവിൽ കുതിരക്കൊലപാതക കേസിലെ ഡോക്ടറുടെ അന്വേഷണ റിപ്പോർട്ട് ഡെയ്‌ലി ടെലിഗ്രാഫ് പത്രം പ്രസിദ്ധീകരിച്ചു. ജോർജ് ഇഡൽജിയെ വിട്ടയക്കാൻ സർക്കാർ ഉത്തരവിട്ടു. 

ഡോക്ടർ എന്താണു ചെയ്തത്? 

∙ ജയിലിൽ നിന്നു ജോർജ് അയച്ച കത്തിലെ കയ്യക്ഷരമല്ല കൊലയാളി അയച്ച ഭീഷണിക്കത്തിലേതെന്നു ശാസ്ത്രീയമായി തെളിയിച്ചു.

∙ ജോർജിന്റെ ഗൗണിൽ കണ്ടെത്തിയ കുതിരപ്പൂട യഥാർഥത്തിൽ ചെമ്മിരിയാടിന്റേതാണെന്നു സ്ഥിരീകരിച്ചു.

∙ ഷേവ് ചെയ്യുന്ന കത്തി കൊണ്ടു കുതിരകളുടെ വയർ പിളരാൻ കഴിയില്ലെന്നു പരീക്ഷണങ്ങളിലൂടെ കോടതിക്കു മുന്നിൽ തെളിയിച്ചു.

∙ കുറ്റം ജോർജിന്റെ മേൽ ചാരാൻ ബൂട്ടിൽ പൊലീസ് തന്നെ ചെളി പുരട്ടിയതാണെന്ന വാദം മുന്നോട്ടു വച്ചു.

∙ പകൽ പോലും മൂന്നടിക്ക് അപ്പുറത്തേക്കു ജോർജിനു കാഴ്ച കുറവാണ്, രാത്രിയിൽ ഒട്ടും കാണില്ല. 

(ജയിൽ സന്ദർശനത്തിനിടയിൽ പത്രം മുഖത്തോട് അടുപ്പിച്ചു പിടിച്ചുള്ള ജോർജിന്റെ വായനകണ്ടാണു ഡോക്ടർ ആദ്യമേ ഇയാൾ നിരപരാധിയാണെന്നു മനസിൽ പറഞ്ഞത്) 

അപ്പോൾ എന്താണു ഡോക്ടറുടെ പേര്? സർ ആർതർ കോനൻ ഡോയൽ! സാക്ഷാൽ ഷെർലക്ക് ഹോംസിന്റെ സ്രഷ്ടാവ്.