Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിതം സുന്ദരം

ദേവി .ജെ.എസ്

വളരെ സമ്പന്നമായ ചുറ്റുപാടിൽ ജനിച്ചു വളർന്നിട്ടും എന്റെ അമ്മ ഇത്രയും സിമ്പിൾ ആയ ഒരു വ്യക്തിയായി തീർന്നതെങ്ങിനെ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കുകയും അദ്‌ഭുതപ്പെടുകയും അമ്മയോട് തന്നെ ചോദിക്കുകയും ചെയ്തിട്ടുണ്ട് .അമ്മയുടെ അച്ഛനും അമ്മയും പഴയ കാലത്തെ  വിദ്യാസമ്പന്നരായിരുന്നു .അടുക്കും ചിട്ടയും അച്ചടക്കവുമുള്ള ആർഭാടരഹിതവുമായ ഒരു ജീവിത രീതി ആയിരുന്നു അധ്യാപകരായിരുന്ന  അവരുടേത് .അവരെ കണ്ടു പഠിച്ചതാണ് എന്നായിരുന്നു എപ്പോഴും അമ്മയുടെ മറുപടി എന്നാൽ ദാനധർമ്മം ചെയ്യുന്നതിൽ അവർ ആർക്കും പിന്നിലായിരുന്നില്ല .അവരുടെ സ്നേഹവാത്സല്യങ്ങളും സഹായങ്ങളും കൊണ്ട്  ജീവിതത്തിൽ ഒരു   കരപറ്റി എന്ന്  കൃതജ്ഞതയോടെ പലരും ഇന്നും സ്മരിക്കുന്നുണ്ട് .ഒരു അപ്പുപ്പാഅമ്മുമ്മക്കുട്ടിയായാണ് ഞാൻ വളർന്നത് .അവരുടെ രീതികൾ എന്നെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട് ."സത്യം പറയണം ,എന്ന് വച്ച് എല്ലാ സത്യവും അങ്ങ് തുറന്നടിച്ചു പറയണമെന്നില്ല .മൗനം പാലിക്കാം .പക്ഷെ അസത്യം പറയരുത് ".എന്നെന്നെ  ഉപദേശിച്ചത്  എന്റെ അമ്മുമ്മയാണ്.ഇന്നും ഞാൻ അങ്ങനെതന്നെ .ഞാൻ പറയുന്നതാണ് സത്യമെന്നും തർക്കവുമായി വരുന്നയാൾ പറയുന്നത്  ശരിയല്ല എന്നും പൂർണമായും അറിയാമെങ്കിലും ഞാൻ നിശബ്ദത പാലിക്കും .  കള്ളത്തെ സത്യം കൊണ്ടെതിർത്തു തോൽപ്പിക്കാനാവില്ലെന്ന് എനിക്ക് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്.

.ലാളിത്യം നന്മയുടെ അടയാളമെന്ന് പഠിപ്പിച്ചതും അമ്മുമ്മതന്നെ .ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ ആവശ്യങ്ങളാണ് ,ആർഭാടത്തിനുള്ളവയല്ല  അധികമുള്ളത് മറ്റുള്ളവർക്ക് നൽകണം  എന്ന് സ്വന്തം ജീവിതം കൊണ്ടവർ കാണിച്ചു തന്നു .അപ്പുപ്പൻ ഒരു ഹെഡ് മാസ്റ്റർ ആയിരുന്നപ്പോഴും ആർഭാടം തീരെയില്ലാത്ത വസ്ത്ര ധാരണവുംപാകതയുള്ള  പെരുമാറ്റരീതികളും  കൊണ്ട് വിദ്യാർഥികൾക്കും സഹപ്രവർത്തവർക്കും ഒരു മാതൃക തന്നെയായിരുന്നു .അത് അപ്പടി പകർത്തിയിരുന്നു അമ്മുമ്മയും .ഒരു വിലകൂടിയ മുണ്ടും നേര്യതുമോ ബ്ലൗസോ അമ്മുമ്മ ഇട്ടു കണ്ടിട്ടില്ല .കറുത്ത പുളിയിലക്കരമുണ്ടും പുള്ളിയുള്ള ചീട്ടി ബ്ളൗസുമാണ് പതിവ് .(അന്ന് മാച്ച് നോട്ടമൊന്നുമില്ല ).വെളുത്ത ഡബിൾ മുണ്ടും ജുബ്ബയും നേര്യതുമാണ് ഹെഡ്‍മാസ്റ്ററുടെ സ്ഥിരം വേഷം .വില കുറഞ്ഞ ഉടുപ്പുകൾ (ചീട്ടിപ്പാവാടയും ഉടുപ്പും അമ്മയ്ക്കും രണ്ട് അനിയത്തിമാർക്കും  ,അതുപോലെ വെറും സാധാരണ നിക്കറും ഷർട്ടും അമ്മാവനും )  ഇട്ടു തന്നെയാണ് അവർ മക്കളെയും വളർത്തിയത് . 

ഔദ്യോഗിക പദവിയുടെ ഉന്നത കസേരയിൽ എത്തിയിട്ടും അമ്മയുടെ രീതികൾക്ക് മാറ്റം  വന്നില്ല .ഒരു പത്തു സാരിയിൽ കൂടുതൽ അമ്മയുടെ ചെറിയ അലമാരിയിൽ കണ്ടിട്ടില്ല .ഞാൻ വല്ലപ്പോഴുമോ അനിയത്തിമാർ ഇടക്കിടെയോ ഒന്നോ രണ്ടോ സാരികൾ കൊണ്ട് കൊടുത്താൽ നേരത്തെ ഉള്ളതിൽ നിന്ന് ഒന്നോ രണ്ടോ മറ്റാർക്കെങ്കിലും എടുത്തു കൊടുക്കും .വസ്ത്രങ്ങൾ മാത്രമല്ല ആഭരണങ്ങളും ഇല്ലാത്തവർക്ക് നല്കാൻ അതീവ തത്പരയാണ്.നൂലുപോലെ ഒരു മാല ഒരു കമ്മൽ ,ഒരു വള കഴിഞ്ഞു അമ്മയുടെ ആഭരണസമ്പത്ത് .പെൻഷൻ കിട്ടിയാലും അത്യാവശ്യം ചിലവുകളും മരുന്നുകളും വേണം.ബാക്കി ദാനം ചെയ്യുക തന്നെയാണ് അമ്മയുടെ പതിവ്  (ദാനശീലത്തിലോ കർണന്റെ ചേച്ചി നീ എന്ന് പാടിയത് അമ്മയെപ്പറ്റിയല്ലേ എന്ന് ഞാൻ കളിയാക്കാറുണ്ടായിരുന്നു .)

.എളിമയുടെ പര്യായമായിരുന്നു എന്റെ അമ്മ .

എന്റെ  മനസ്സിലും സമാനാശയങ്ങൾ ഉണ്ടെങ്കിലും പ്രാവർത്തികമാക്കാൻ കഴിയാറില്ല .തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ "മുട്ടുകയുമില്ല മുഴുക്കുകയുമില്ല "എന്ന മട്ടിൽ മാസമെത്തിച്ചു പോകുകയായിരുന്നു ഞാൻ എന്നും  എല്ലാകാര്യത്തി ലും ഒരു ചെലവ് ചുരുക്കൽ പരിപാടി ഞാൻ ആവിഷ്ക്കരിച്ചു പൊന്നു .തത്ഫലമായി ഞങ്ങളുടെ ദിനചര്യ അങ്ങേയറ്റം സരളമായിരുന്നു എങ്കിലും .ഭക്ഷണത്തിനോ വസ്ത്രങ്ങൾക്കോ കുട്ടികളുടെ ആവശ്യങ്ങൾക്കോ ഒന്നും ഒരിക്കലും കുറവ് വരുത്തിയില്ല .പരിധിക്കുള്ളിൽ നിന്നുകൊണ്ട് സമ്മാനങ്ങളും സഹായങ്ങളും മറ്റുള്ളവർക്ക് നൽകുകയും ചെയ്തിരുന്നു .

ഇനി ഒരു തമാശ പറയട്ടെ .കടവും കടപ്പാടും ബാധ്യതകളും ഉണ്ടാക്കി വയ്ക്കാതെ സ്വന്തം വരുമാനത്തിൽ ഒതുങ്ങി ജീവിച്ചത് കൊണ്ട് എന്റെ വീട്ടിൽ എനിക്കൊരു പേര് വീണു കിട്ടി "പിശുക്കി "!.

എന്ത് പറയാനാണ് !