മിനി സ്ക്രീനിലെ ‘നക്സലൈറ്റ്’i

പറഞ്ഞു വരുന്നത് സിനിമ-സീരിയൽ നടനായ ജയനാരായണനെ കുറിച്ചാണ്. മിനി സ്ക്രീനിലെ മസിൽമാനും താരസംഘടനയായ 'ആത്മ' യിലെ ബെസ്റ്റ് ക്രിക്കറ്ററുമൊക്കെയായ ജയനാരായണൻ തുളസീദാസ്. ജയൻ ആള് പാവമാണ് എന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാം. 

മിനി സ്ക്രീനിൽ നല്ല കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്തു ചെയ്യുന്ന ആൾ. സിനിമയിലും അങ്ങനെ തന്നെ. പിന്നെ, ഈ പാവം ജയനാരായണൻ എങ്ങനെ നക്സലൈറ്റ് ആയി ?

നക്സലൈറ്റിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ആളെ നക്സലൈറ്റ് എന്ന് വിളിച്ചാൽ എന്തെങ്കിലും പറയാൻ പറ്റുമോ? ഇ.എം.എസ്സിന്റെ  കളിക്കൂട്ടുകാരനും ഇന്ന് ജീവിച്ചിരിക്കുന്ന നക്സലൈറ്റുമായ മാണിക്യൻ നായരുടെ യൗവ്വനം 'ഇൻക്വിലാബ്' എന്ന ഷോർട്ട് ഫിലിമിൽ അവതരിപ്പിച്ചത് ജയനാരായണൻ ആണ്. ചിക്കാഗോ ആസ്ഥാനമായുള്ള 'സത്ഗമയ ഫൗണ്ടേഷൻ'  മാണിക്യൻ നായരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ആറ് ഭാഷകളിലായി നിർമ്മിച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ആണ് 'ഇൻക്വിലാബ് !'

മലയാള സിനിമ-സീരിയൽ താരങ്ങൾക്കൊപ്പം വിദേശ താരങ്ങളും ഇതിൽ വേഷമിട്ടിരുന്നു. വാർദ്ധക്യകാലം അഭിനയിച്ചത് ഇപ്പോൾ തൊണ്ണൂറ്റിയഞ്ച് വയസ്സുള്ള മാണിക്യൻ നായർ തന്നെ ആയിരുന്നു. 1970 ൽ ആണ് മാണിക്യൻ നായർ ഉൾപ്പെട്ട നക്സലൈറ്റ് സംഘം കോങ്ങാട് നാരായണൻ നായർ എന്ന ജന്മിയെ തല വെട്ടി കൊന്നത്. പിന്നീട് വിപ്ലവവും ആയുധവും ഉപേക്ഷിച്ച് വിശ്വാസത്തിന്റെ വഴിയിലേക്ക് വന്ന മാണിക്യൻ നായരെ ജയനാരായണൻ അവിസ്മരണീയമാക്കി.

'ഇൻക്വിലാബ്' എന്ന പേരിൽ ജോർജ് കോശി മൈലപ്രയും ബാബു.കെ.ജോസും ചേർന്നെഴുതിയ മാണിക്യൻ നായരുടെ ജീവിതകഥയെ ആസ്പദമാക്കി ആയിരുന്നു ഷോർട്ട് ഫിലിം. 'ചക്രവാകം' എന്ന മെഗാഹിറ്റ് സീരിയലിലൂടെയാണ് ജയനാരായണൻ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട്, കെ.കെ.രാജീവ് സംവിധാനം ചെയ്ത 'അവളുടെ കഥ' എന്ന സീരിയലിൽ നായകൻ. 'മൂന്നു മണി' എന്ന സീരിലയിലെ ചന്ദ്രു എന്ന വില്ലൻ വേഷവും സൂപ്പർ!

റോസാപ്പൂ, ഹലോ നമസ്തെ എന്നിവയാണ് ജയനാരായണന്റെ പ്രധാന സിനിമകൾ. കർമ്മ കഫെ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു. ഇപ്പോൾ, ഒരു തമിഴ് സിനിമയിൽ നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ് ഈ പാവം 'നക്സലൈറ്റ്!