Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''മരുഭൂമിയിലെ മണല്‍ മൂടിയ അനാഥ ഗ്രാമം''

നസീല്‍ വോയ്‍സി
jourmy-to-desert-village-al-madam

''വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിക്കപ്പെട്ട മരുഭൂമിയിലെ ഒരു ഗ്രാമം. വീടുകള്‍ പാതി മണല്‍ മൂടിയിരിക്കുന്നു. ഇടയ്ക്കിടെയുള്ള തണല്‍ മരങ്ങള്‍. വീശിയടിക്കുന്ന മരുക്കാറ്റ്. അവിടെയെത്തുമ്പോള്‍ നമ്മളെയാരോ നിരീക്ഷിക്കുന്ന പോലെയൊരു തോന്നലാണ്...'' - സായിപ്പിന്റെ ബ്ലോഗിലെ യാത്രാവിവരണം വായിച്ചപ്പോള്‍ ആകെപ്പാടെ കോരിത്തരിച്ചു. ഷാര്‍ജയിലെ താമസസ്ഥലത്തു നിന്ന് അധികം ദൂരെയല്ലാതെ ഇങ്ങനെയൊരു സ്ഥലമുള്ളത് നമ്മളറിയാന്‍ അങ്ങ് ദൂരെയുള്ള സായിപ്പ് വിമാനം കയറിവന്ന് ബ്ലോഗെഴുതേണ്ടി വന്നു. അയ്യേ, നാണക്കേട്!

പിന്നെയൊന്നും നോക്കിയില്ല. അല്‍പ്പം തള്ളാണെങ്കിലും സായിപ്പിന്റെ ബ്ലോഗ് പിന്തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ വണ്ടിയുമെടുത്തിറങ്ങി. നിഗൂഢതയുള്ള ഇടത്തേക്ക് 'പ്രേതങ്ങളുടെ പ്രിയപ്പെട്ട വെള്ളിയാഴ്ച' തന്നെ പോകുന്നത് ധൈര്യം തെളിയിക്കാനല്ല, പ്രവാസിക്ക് ഉറങ്ങാനും യാത്ര പോകാനും സൗഹൃദം പുതുക്കാനുമൊക്കെ ആകെയുള്ളത് വെള്ളിയാഴ്ച ആയതുകൊണ്ടാണ്.

ഷാര്‍ജയില്‍ എഴുപത് കിലോമീറ്റര്‍ ദുരത്തിലാണ് അല്‍ മദാം ഗ്രാമം. ചെറിയ ഇടമാണ്, വികസനത്തിന് വേഗം കൂടിവരുന്നേയുള്ളൂ. ഒമാന്‍ അതിര്‍ത്തിയോടുള്ള ഈ ഗ്രാമത്തിലെത്തിയപ്പോഴേക്കും ഉച്ചയായിരുന്നു. പ്രാര്‍ഥന കഴിഞ്ഞിറങ്ങിയപ്പോള്‍ ഊണുനേരം. ബിരിയാണിയില്ലാത്ത വെള്ളിയാഴ്ച അചിന്തനീയമാണ്. അടുത്തുള്ള റസ്റ്ററന്റില്‍ കയറി - ''ഇങ്ങക്കെന്താ വേണ്ടത്? ബീഫ് ബിരിയാണിണ്ട്, നെയ്ച്ചോറ്ണ്ട്, കോയി പൊരിച്ചത്ണ്ട്, മീന്ണ്ട്...'' - 'മലബാരിയില്ലാത്ത' അങ്ങാടി ഗള്‍ഫിലില്ലല്ലോ. 

al-madam-desert-village

മരുഭൂമിയിലെ ഗ്രാമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ക്കും വലിയ പിടിയില്ല. ഗൂഗിള്‍ വഴി നോക്കി ഒടുക്കം അതിനടുത്തെത്തി. ഫോര്‍വീല്‍ വാഹനങ്ങളേ അങ്ങോട്ട് പോവൂ. ഇല്ലെങ്കില്‍ ഇത്തിരി ദൂരം നടക്കണം. നടന്നു നടന്നു ഗ്രാമത്തിനടുത്തെത്തി; സായിപ്പ് പറഞ്ഞതില്‍ കുറച്ച് കാര്യമുണ്ട്. ആകെപ്പാടെ മണലില്‍ മൂടിക്കിടക്കുന്ന, അനാഥമായ കുറേ വീടുകള്‍. മണല്‍ക്കാറ്റിന്റെ ഏകാന്തത.  സിദ്ര്‍ മരങ്ങളുടെ പച്ചപ്പ്.

രണ്ടു വശങ്ങളിലുമായാണ് വീടുകളുടെ നിര്‍മാണം. ചുമരിന്റെ പാതിയോളം മണല്‍ അടിഞ്ഞുകിടക്കുന്നു. ചില വീടിനകം മുഴുവനായി മണല്‍ മൂടിയിട്ടുണ്ട്. ഒരിക്കല്‍ ആള്‍താമസമുണ്ടായിരുന്നു എന്നതിന്റെ തെളിവായി ചുമരുകളിലെ ചിത്രങ്ങളും മറ്റും. ചെറിയ മണല്‍ക്കുന്നുകള്‍ കയറിയാല്‍ വീടിന്റെ ടെറസിലെത്താം. അവിടെ നിന്ന് നോക്കുമ്പോള്‍ ഗ്രാമത്തിന്റെ ഏരിയല്‍ വ്യൂ; മണല്‍പരപ്പില്‍ തനിയെ, ആരാലും സ്നേഹിക്കപ്പെടാതെ ഒരു ഗ്രാമം! ഒരറ്റത്തായി മസ്ജിദുമുണ്ട്. വീടുകളുടെ നിര്‍മാണമൊക്കെ കാണുമ്പോള്‍ ഏകദേശം എഴുപതുകളുടെ അവസാനത്തിലോ എണ്‍പതിന്റെ തുടക്കത്തിലോ നിര്‍മിച്ചതാണ്. എന്തായാലും കഴിഞ്ഞ പത്ത് പതിനഞ്ചു വര്‍ഷമായി ആരും താമസിച്ചിട്ടില്ല.

വീടിനകങ്ങളും ചുറ്റുപാടുമൊക്കെ കണ്ടു നടക്കുമ്പോഴാണ് പതിയെ ഗ്രാമത്തിന്റെ ഏകാന്തത മനസ്സില്‍ കയറിക്കൂടിയത്. എന്തായിരിക്കും ഇങ്ങനെ ഒരു ഗ്രാമം ഒന്നടങ്കം ഉപേക്ഷിക്കപ്പെടാന്‍ കാരണം? പടച്ചോനെ, ഇനിയിപ്പോ ആ ബ്ലോഗുകളില്‍ എഴുതിപ്പിടിപ്പിച്ച പോലെ എന്തെങ്കിലും അതീന്ദ്രീയ ശക്തികള്‍...? 

സംശയങ്ങള്‍ പൊടിക്കാറ്റുപോലെ ചുറ്റും വീശാന്‍ തുടങ്ങിയപ്പോഴാണ് ഒട്ടകവുമായി ഒരാളുടെ വരവ്. ഹാവൂ, ഇവിടെയപ്പോ മനുഷ്യന്മാരുണ്ട്! ആളെ പരിചയപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് മൂപ്പരുടെ വീട്. പേര് അബ്ദുള്ള. കുറച്ചപ്പുറത്തുള്ള ഒട്ടകഫാമിന്റെ മേല്‍നോട്ടക്കാരനാണ് (കുറേ ഒട്ടകങ്ങളും അവരെ നോക്കാന്‍ അബ്ദുള്ളയും!).  ഗ്രാമത്തെക്കുറിച്ച് വേറെ ഒരു കഥയാണ് അബ്ദുള്ളക്കു പറയാനുള്ളത്. കടുത്ത മണല്‍ക്കാറ്റ് കാരണമാണ് ഇത് ഉപേക്ഷിക്കപ്പെട്ടതെന്നും  ഇവിടെ താമസിച്ചിരുന്നവര്‍ പട്ടണത്തിനടുത്തേക്ക് മാറിത്താമസിച്ചെന്നുമാണ് ആ കഥ. പ്രേതം, പിശാച് എന്നീ കഥകളൊക്കെ ആരോ പടച്ചുവിട്ടതാണെന്ന്.

'ജമീല'യെന്നാണ് അബ്ദുള്ളയുടെ ഒട്ടകത്തിന്റെ പേര്. എന്താ ഇങ്ങനെയൊരു പേരെന്ന് ചോദിച്ചപ്പോള്‍ ബീഡിക്കറയുള്ള പല്ല് കാണിച്ചു ചിരിച്ചു - ''ഇഷ്ടപ്പെട്ട പേരാണ്''. കൂട്ടത്തില്‍ നിന്ന് ചാടിപ്പോയ മറ്റൊരു ഒട്ടകത്തെ തേടിയിറങ്ങിയതാണ് അബ്ദുള്ള. വേണമെങ്കില്‍ ഒട്ടകപ്പുറത്തു കയറിക്കോളൂ എന്നയാള്‍ ക്ഷണിച്ചു. സാധാരണ പരിചയമില്ലാത്തവരെ കുടഞ്ഞിടാന്‍ മിടുക്കരാണ് ഒട്ടകങ്ങള്‍. ജമീല പക്ഷേ പാവമായിരുന്നു, മതിയാവോളം പുറത്തിരിക്കുന്നതില്‍ ഒരു ഇഷ്ടക്കേടും കാണിച്ചില്ല. കാണാതെ പോയതിനെത്തിരഞ്ഞ് അബ്ദുള്ള പോയപ്പോള്‍ ബാക്കിയുള്ള വീടുകളുടെ കാഴ്ചകളിലേക്ക് നടന്നു.

al-madam

മദാം പട്ടണത്തില്‍ നിന്ന് അധികം ദൂരെയല്ല ഈ ഗ്രാമം. മണല്‍കാറ്റ് എന്ന ഒറ്റ കാരണത്താല്‍ ഇങ്ങനെ ഒന്നടങ്കം ഉപേക്ഷിക്കുമോ? മസ്ജിദിലെ പായകള്‍ പോലും എടുത്തിട്ടില്ല, അവിടെക്കിടന്ന് ദ്രവിച്ചു തീര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍. വീടുകളാണെങ്കില്‍ നല്ല ഭംഗിയുള്ളതും മികച്ച നിര്‍മാണവും. ഇത്രയും കാലം മണല്‍കാറ്റടിച്ചിട്ടും ഇത്ര മണലേയുള്ളോ? ഉള്‍വഴികളിലൂടെ നടക്കുമ്പോള്‍ വീണ്ടും നിശബ്ദമായ ചോദ്യങ്ങളുയര്‍ന്നു തുടങ്ങി. കാറ്റിലൊക്കെ ആരുടെയൊക്കെയോ സാമീപ്യമുള്ള പോലെ; 'സായിപ്പ് കഥകളുടെ' പ്രതിഫലനമാവും.

അസ്തമയത്തിനു മുന്‍പ് തിരിച്ചു നടന്നു തുടങ്ങി. ഗ്രാമത്തിന്റെ കവാടത്തിലെത്തിയപ്പോഴതാ വീണ്ടും അബ്ദുള്ള.  ചാടിപ്പോയ ഒട്ടകത്തെ തിരിച്ചുപിടിച്ചുള്ള വരവാണ്. മൂന്നാഴ്ച പ്രായമായ ഒരു കുഞ്ഞൊട്ടകത്തെയും കൂട്ടിയാണ് അമ്മയൊട്ടകം ചാടിപ്പോയത്. ''വഴിതെറ്റിപ്പോയതാണ്, കിലോമീറ്ററുകള്‍ മാറി റോഡിനടുത്ത് നിന്ന് കിട്ടി''- അബ്ദുള്ളയും ഒട്ടകങ്ങളും യാത്ര പറഞ്ഞു. ദൂരെയുള്ള തന്റെ ആലയത്തിലേക്ക് അയാള്‍ നടന്നു. 

തിരികെ വാഹനത്തിനടുത്തേക്ക് നടക്കുംവഴി അയാളും ഒട്ടകങ്ങളും പോയ വഴിയേ നോക്കി - അവരെ കാണാനില്ല, ഗ്രാമത്തില്‍ നിന്ന് കണ്ണെത്തുന്ന ദൂരത്തൊന്നും അങ്ങനെയൊരു ഗ്രാമം തന്നെ കാണാനില്ലായിരുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.