Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുകളിൽ അടയ്ക്കപ്പെട്ട കുരുന്നുകൾ

 വിദേശരംഗം / കെ. ഉബൈദുള്ള
US - Mexico Immigration തെക്കുഭാഗത്തുള്ള മെക്സിക്കോ അതിർത്തിയിൽനിന്ന് അമേരിക്കയിലേക്കു നുഴഞ്ഞുകയറിയതിനെതുടർന്ന് അറസ്റ്റിലായവരുടെ മക്കളാണ് ഇൗ കുട്ടികൾ.

മമ്മീ....ഡാഡീ....!

അമേരിക്കയിൽ മാതാപിതാക്കളിൽനിന്ന് അടർത്തിമാറ്റപ്പെട്ട കുട്ടികളുടെ കണ്ഠങ്ങളിൽനിന്ന് ഉയർന്നു കൊണ്ടിരുന്നതാണ് ദയനീയമായ ഇൗ നിലവിളി. രണ്ടായിരത്തിലേറെ കുട്ടികളുടെ കൂട്ടത്തിൽ  രണ്ടും മൂന്നും മാത്രം വയസ്സു പ്രായമുള്ളവരും ഉണ്ടായിരുന്നു. എല്ലാവരെയും പാർപ്പിച്ചിരുന്നത് ഇരുമ്പുകൂടുകൾ പോലുള്ള തടങ്കൽ ക്യാംപുകളിൽ.  

തെക്കുഭാഗത്തുള്ള മെക്സിക്കോ അതിർത്തിയിൽനിന്ന് അമേരിക്കയിലേക്കു നുഴഞ്ഞുകയറിയതിനെതുടർന്ന് അറസ്റ്റിലായവരുടെ മക്കളാണ് ഇൗ കുട്ടികൾ. പ്രോസിക്യൂഷൻ നടപടികൾക്കു മുന്നോടിയായി മാതാപിതാക്കൾ ജയിലിലായതോടെ മക്കൾ അവരിൽനിന്നു വേർപെടുത്തപ്പെട്ടു. അതാണ് നിയമമെന്നു പറഞ്ഞ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമം കർശനമായി നടപ്പാക്കുകയായിരുന്നു.

അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെയും മനഃസാക്ഷിയെ ഇതു പിടിച്ചുലച്ചു. രാജ്യത്തിനകത്തും പുറത്തും രൂക്ഷമായ വിമർശനം ഉയർന്നു. ഫ്രാൻസിസ് മാർപ്പാപ്പ മുതൽ ട്രംപിന്റെ ഭാര്യ മെലാനിയയും മകൾ ഇവാൻകയുംവരെ വിമർശകരിൽ ഉൾപ്പെടുന്നു. 

ട്രംപിന്റെ സ്വന്തം പാർട്ടിക്കാരനായ മുൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ ഭാര്യ ലോറ ബുഷ് വാഷിങ്ടൺ പോസ്റ്റ് പത്രത്തിൽ ലേഖനമെഴുതി. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കക്കയിലെ ജപ്പാൻ വംശജരെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിച്ചതിനോടാണ്് അവർ ഇൗ സംഭവത്തെ ഉപമിച്ചത്. 

അധികമാരും ഒാർക്കാത്തതാണ് യുഎസ് ചരിത്രത്തിലെ ഇൗ അധ്യായം. അമേരിക്കയിലെ പേൾ ഹാർബർ നാവികസേനാതാവളം 1941ൽ ജപ്പാൻ ബോംബിട്ടു തകർത്തതിനെ തുടർന്നായിരുന്നു ജപ്പാൻ വംശജർക്കെതിരായ പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്വെൽറ്റിന്റെ നടപടി. യുഎസ് പൗരന്മാരായിരുന്നിട്ടും  പശ്ചിമതീര മേഖലയിലെ ഒന്നേകാൽ ലക്ഷം ജപ്പാൻ വംശജരുടെ കൂറിനെ റൂസ്വെൽട്ട് സംശയിച്ചു. 

MEXICO-US-TRUMP-PROTEST

അവരെ മുഴുവൻ രാജ്യത്തിന്റെ ഉൾഭാഗങ്ങളിലേക്കു മാറ്റി. കടുത്ത കഷ്ടപ്പാടുകളാണ് അവർക്ക് അനുഭവിക്കേണ്ടിവന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ലജ്ജാവഹമായ സംഭവങ്ങളിൽ ഒന്നായി ഇതെണ്ണപ്പെടുന്നു. 

രണ്ടാം ലോകമഹായുദ്ധകാലത്തുതന്നെ ജൂതന്മാരെ കൂട്ടക്കാല ചെയ്യുന്നതിനുമുൻപ് പാർപ്പിക്കാൻ ജർമൻ നാസികളും  ക്യാംപുകൾ സ്ഥാപിച്ചിരുന്നു. നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കുട്ടികളെ താമസിപ്പിക്കാൻ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ക്യാംപുകൾ അവയുമായും താരതമ്യം ചെയ്യപ്പെട്ടു. 

ജിമ്മി കാർട്ടർ, ബറാക് ഒബാമ എന്നീ മറ്റു രണ്ടു മുൻ പ്രസിഡന്റുമാരുടെ  ഭാര്യമാരും വിമർശനവുമായി മുന്നോട്ടുവന്നു. ഗവൺമെന്റ് ചെയ്യുന്നതു  ബാലപീഢനമാണെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനലും കുറ്റപ്പെടുത്തി. കുട്ടികളെ തടങ്കൽ ക്യാംപുകളിലേക്കു കൊണ്ടുപോകാൻ തങ്ങളുടെ വിമാനങ്ങൾ ഉപയോഗിക്കരുതെന്നു ആറു പ്രമുഖ വിമാനക്കമ്പനികൾ ഗവൺമെന്റിനെഴുതി.  

പ്രതിപക്ഷ ഡമോക്രാറ്റിക് പാർട്ടിക്കാരോടൊപ്പം പ്രസിഡന്റിന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലെ പ്രമുഖരും പ്രതിഷേധവും ഉൽക്കണ്ഠയും പ്രകടിപ്പിച്ചു. നവംബറിൽ നടക്കുന്ന കോൺഗ്രസ് (പാർലമെന്റ്) ഇടക്കാല തിരഞ്ഞെടുപ്പിൽ ഇതു തങ്ങൾക്കു ദോഷം ചെയ്യുമോ എന്നായിരുന്നു റിപ്പബ്ളിക്കന്മാരുടെ ആശങ്ക. 

Mexico border wall

ഒരാഴ്ചയോളം ഇതിനെയെല്ലാം ചെറുക്കുകയായിരുന്നു ട്രംപ്. നേരത്തെതന്നെ നിലവിലുള്ള ഒരുനിയമം അനുസരിച്ചാണ് തന്റെ നടപടിയെന്നു വാദിച്ച അദ്ദേഹം കോൺഗ്രസിനു മാത്രമേ അതു മാറ്റാൻ കഴിയുകയുള്ളൂവെന്ന നിലപാടിലും  ഉറച്ചുനിന്നു. ഒടുവിൽ ഇക്കഴിഞ്ഞ ബുധനാഴ്ച  (ജൂൺ 20) അദ്ദേഹം പെട്ടെന്നു ചുവടുമാറ്റുകയും ചെയ്തു. 

നിയമവിരുദ്ധ കുടിയേറ്റത്തിന് അറസ്റ്റ്ചെയ്യപ്പെട്ടവരിൽനിന്ന് അവരുടെ മക്കളെ വേർപെടുത്തി തടങ്കൽ ക്യാംപുകളിൽ പാർപ്പിക്കുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു. ഇക്കാര്യത്തിൽ തന്റെ  ഭാര്യയും മകളും അസ്വസ്ഥരായിരുന്നുവെന്ന  കാര്യം അദ്ദേഹം മറച്ചുവച്ചുമില്ല. 

നിയമത്തിൽ മാറ്റം വരുത്താൻ കോൺഗ്രസിനുമാത്രമേ സാധ്യമാവുകയുള്ളൂവെന്നു ട്രംപ് പറഞ്ഞുകൊണ്ടിരുന്നതു ശരിയല്ലെന്നും ഇതോടെ വ്യക്തമായി. തന്റെയൊരു വിവാദ തീരുമാനം ട്രംപ് പിൻവലിക്കുന്നതു കഴിഞ്ഞ ഒന്നര വർഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിൽ ആദ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

്അതേസമയം, ട്രംപിന്റെ പുതിയ ഉത്തരവ് ഇനി അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ കുട്ടികൾക്കുമാത്രമേ ബാധകമാവുകയുള്ളൂവെന്നും ഇതിനകം തടങ്കലിലാക്കപ്പെട്ട കുട്ടികൾക്ക് അതുകൊണ്ടു പ്രയോജനമില്ലെന്നും സൂചനകളുണ്ട്്. അവരിൽ പലരുടെയും മാതാപിതാക്കൾ വിവിധ ജയിലുകളിലായതാണ്രേത ഇതിനു കാരണം. 

ഏതായാലും, അമേരിക്കയെ നിയമവിരുദ്ധ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും സങ്കേതമാക്കാൻ താൻ  അനുവദിക്കില്ലെന്ന നിലപാടിൽ ട്രംപ് ഇപ്പോഴും ഉറച്ചുനിൽക്കുന്നു. അനിയന്ത്രിതമായ കുടിയേറ്റവും അഭയാർഥിപ്രവാഹവും അമേരിക്കക്കാർക്കു തൊഴിൽ നഷ്ടമുണ്ടാക്കുന്നു, കുറ്റകൃത്യങ്ങൾ വർധിക്കാൻ ഇടയാക്കുന്നു, 

സാംസ്ക്കാരികമായ അപചയമുണ്ടാക്കുന്നു എന്നതു 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തുതന്നെ അദ്ദേഹം  ഉന്നയിച്ചുകൊണ്ടിരുന്ന വാദമാണ്. ഇതവസാനിപ്പിക്കാനുള്ള നടപടിയെന്ന നിലയിലാണ് 

നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ഒരു പുതിയ നയം-സീറോ ടോളറൻസ് പോളിസി അഥവാ വിട്ടുവീഴ്ചയില്ലാ നയം-ഇക്കഴിഞ്ഞ ഏപ്രിൽ 19നു ട്രംപിന്റെ അറ്റോർണി ജനറൽ ജെഫ് സെഷൻസ് പ്രഖ്യാപിച്ചത്. അതിനുശേഷമുള്ള ആറാഴ്ചകൾക്കകം  2206 പേർ അറസ്റ്റിലായി. അവരുടെ മക്കൾ (2342 പേർ) വേർപെടുത്തപ്പെട്ടു തടങ്കൽ ക്യാംപുകളിലാവുകയും ചെയ്തു. കുട്ടികൾ വേർപെട്ടുപോകുമെന്ന ഭയം അനധികൃത കുടിയേറ്റത്തിൽനിന്നു പിന്തിരിപ്പിക്കാൻ പ്രേരകമാവുമെന്ന കണക്കുകൂട്ടലായിരുന്നു ഇൗ നയത്തിന്റെ പിന്നിൽ. 

അമേരിക്കയുടെ തെക്കൻ അതിർത്തിയിലുള്ള മെക്സിക്കോയിൽനിന്നും ഗ്വാട്ടിമാല, ഹോണ്ടുറസ് എൽസാൽവദോർ തുടങ്ങിയ മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ളവരാണ് അറസ്റ്റിലായത്. നേരത്തെതന്നെ അമേരിക്കയിൽ നിയമവിരുദ്ധമായി  കുടിയേറിപ്പാർക്കാൻ തുടങ്ങിയവരിലും ബഹുഭൂരിപക്ഷം ഇൗ നാടുകളിൽനിന്നുള്ളവരാരാണ്. അമേരിക്കയിൽ കുറ്റകൃത്യങ്ങൾ വർധിക്കാൻ ഇവർ കാരണമാകുന്നുണ്ടെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. 

ഇവർ എത്തുന്നതു മെക്സിക്കോ അതിർത്തിയിലൂടെയായതിനാൽ അവിടെ  താൻ  മതിൽകെട്ടുമെന്നതു ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മരുഭൂമികൾ, കുന്നുകൾ, മലകൾ, നദികൾ എന്നിവയിലൂടെ മൂവായിരത്തിലേറെ കിലോമീറ്റർ നീളുന്നതാണ് ഇൗ അതിർത്തി. 

മതിൽ കെട്ടാൻ ആവശ്യമായ തുക (ഏതാണ്ട് 25 ശതകോടി ഡോളർ) താൻ മെക്സിക്കോയിൽനിന്നു വസൂലാക്കുമെന്നും ട്രംപ് പറയുകയുണ്ടായി. നടപ്പില്ലെന്നായിരുന്നു മെക്സിക്കോ പ്രസിഡന്റ് എൻറിക് പെന നിയറ്റോയുടെ മറുപടി. അത്രയും തുക കോൺഗ്രസ് മുഖേന അനുവദിച്ചുകിട്ടാൻ ട്രംപ് നടത്തിയ ശ്രമം വിജയിച്ചുമില്ല. 

അക്കാര്യത്തിൽ ഡമോക്രാറ്റിക് പാർട്ടി സഹകരിക്കുന്നില്ലെന്നാണ് ട്രംപിന്റെ ആക്ഷേപം. അമേരിക്കയെ നിയമവിരുദ്ധ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും സങ്കേതമാക്കാനും അങ്ങനെ രാജ്യത്തെ മലീമസമാക്കാനും ഡമോക്രാറ്റുകൾ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

മാതാപിതാക്കൾക്ക് എന്തുപറ്റിയെന്നറിയാതെ ഭയാക്രാന്തരായി തടങ്കൽ ക്യാംപുകളിൽ കഴിയുന്ന കുട്ടികളുടെ ഭാവി ട്രംപ് ഭരണകൂടത്തിനുതന്നെ ഒരു തലവേദനയായിത്തീർന്നിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇൗ വർഷാവസാനംവരെ അവരെ പഴയ സൈനിക താവളങ്ങളിൽ പാർപ്പിക്കുന്നകാര്യവും ആലോചനയിലണ്ടത്രേ.              

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.