ഡോണൾഡ് ട്രംപിന്റെ സെൽഫ് ഗോളുകൾ

ഹെൽസിങ്കി ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിൻ സമ്മാനിച്ചത് ഒരു ഫുട്ബോൾ. അതിന്റെ 

തലേന്നു റഷ്യയിൽ സമാപിച്ച ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ പശ്ചാത്തലത്തിൽ ഉചിതമായ സമ്മാനം. പക്ഷേ, അതിനു മുൻപ്തന്നെ അമേരിക്കയുടെ സ്വന്തം പോസ്റ്റിലേക്കു ട്രംപ് ഗോളടിച്ചു തുടങ്ങിയിരുന്നു. ഹെൽസിങ്കിയിൽ പുടിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം കളിച്ചതും അതേ കളി തന്നെ.  

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനോടു തോറ്റ ഹിലരി ക്ളിന്റൻ നേരത്തെതന്നെ ട്രംപിനോടു ചോദിച്ചത് ഇങ്ങനെയായിരുന്നു :  നിങ്ങൾ ഏതു ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നു നിങ്ങൾക്കറിയാമോ ? 

ഹെൽസിങ്കിയോടെ ഈ ചോദ്യത്തിനു പ്രസക്തിയേറി. യുഎസ്-റഷ്യ ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിലായിരുന്നു അവയുടെ തലവന്മാർ തമ്മിലുള്ള 

ആദ്യത്തെ ഈ ഔപചാരിക കൂടിക്കാഴ്ച. ബന്ധം മോശമാകാൻ മുഖ്യകാരണം 2014ൽ റഷ്യ അതിന്റെ അയൽരാജ്യമായ  യുക്രെയിനിൽ ഇടപെട്ടതും യുക്രെയിനിന്റെ ഭാഗമായ കൈ്രമിയ സ്വന്തമാക്കിയതുമാണ്. പക്ഷേ, അക്കാര്യം ഉച്ചകോടിയിൽ ട്രംപ് കാര്യമായി ഉന്നയിച്ചില്ല. 

പ്രധാനമായും ഇതാണ് ചർച്ച ചെയ്യേണ്ടതെന്നു അമേരിക്കയ്ക്കകത്തും പുറത്തുംനിന്ന് ഉയർന്ന ആവശ്യം ട്രംപ് ബോധപൂർവം അവഗണിച്ചു. 

2016ലെ യുഎസ് പ്രസിഡന്റ് തിരഞൈ്ഞടുപ്പിൽ റഷ്യ ഇടപെട്ടുവെന്ന ആരോപണമാണ് മറ്റൊരു പ്രശ്നം. ഇതുസംബന്ധിച്ച് ഒരു വർഷത്തിലേറെയായി അന്വേഷണം നടത്തിവരുന്ന യുഎസ് സ്പെഷ്യൽ കൗൺസൽ റോബർട്ട് മുള്ളർ റഷ്യൻ സൈനിക ചാരവിഭാഗത്തിലെ 12 ഉദ്യോഗസ്ഥർക്കെതിരെ ചാർജ് ചുമത്തിയിട്ട് ഏതാനും ദിവസങ്ങളായതേയുളളൂ. അവരെ ചോദ്യം ചെയ്യാനായി റഷ്യ വിട്ടുതരണമെന്നാണ് അമേരിക്കയുടെ ആവശ്യം.

ഇക്കാര്യവും പുടിന്റെ മുൻപാകെ വേണ്ടത്ര  ശക്തമായി ട്രംപ് ഉന്നയിച്ചില്ല. ഇതിനെപ്പറ്റി പുടിനുമായി സംസാരിച്ചുവെന്നും ആരോപണം അദ്ദേഹം നിഷേധിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. പുടിൻ പറഞ്ഞതു ട്രംപ് പൂർണമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തിന്റെ 

വാക്കുകൾ വ്യക്തമാക്കി. 

നേരത്തെ യുഎസ് ഇന്റലിജൻസ് ഏജൻസികളും സെനറ്റ് കമ്മിറ്റിയും നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയതു തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്നുതന്നെയായിരുന്നു. ഇവരുടെയെല്ലാം  വിശ്വാസ്യതയെയാണ് ട്രംപ് ഫലത്തിൽ ചോദ്യം ചെയ്തത്. യുഎസ് കേന്ദ്ര കുറ്റാന്വേഷണ വിഭാഗത്തിന്റെ (എഫ്ബിഐ) മുൻ തലവൻകൂടിയാണ് സ്പെഷ്യൽ കൗൺസൽ മുളളർ. അദ്ദേഹത്തിന്റെ അന്വേഷണത്തെ തനിക്കെതിരായ യക്ഷിവേട്ടയെന്നാണ് പ്രസിഡന്റ് വിശേഷിപ്പിച്ചുകൊണ്ടിരുന്നത്.  

റഷ്യയുമായുളള ബന്ധം മോശമായതിൽ അമേരിക്കകൂടി ഉത്തരവാദിയാണെന്നു കുറ്റപ്പെടുത്താനും ഹെൽസിങ്കിയിലെ വാർത്താസമ്മേളനത്തിൽ ട്രംപ് മടിച്ചില്ല. തന്റെ മുൻഗാമികളുടെ വിഡ്ഢിത്തവും മണ്ടത്തരവുമാണ് ഇതിനു കാരണമെന്നു ഹെൽസിങ്കിയിൽ എത്തുന്നതിനു മുൻപ്തന്നെ അദ്ദേഹം തുറന്നടിക്കുകയുമുണ്ടായി. 

അമേരിക്ക പൊതുവിൽ അമ്പരന്നു. പുടിന്റെ നേരെ തങ്ങളുടെ പ്രസിഡന്റിനു പ്രത്യേക മമതയുണ്ടെന്നു നേരത്തെ തന്നെ എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ, അത് ഇത്രത്തോളം വലുതാണെന്ന് അധികമാരും കരുതിയിരുന്നില്ല. യുഎസ് താൽപര്യങ്ങൾക്കു ദോഷകരമായ വിധത്തിൽ സംസാരിക്കുകവഴി രാജ്യദ്രോഹമാണ് ട്രംപ് നടത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 

ഇത്രയും നാണംകെട്ട രീതിയിൽ ഇതുവരെ ഒരു പ്രസിഡന്റും പെരുമാറിയതായി തന്റെ ഓർമയിലില്ലെന്നാണ്  ട്രംപിന്റെ പാർട്ടിക്കാരൻ കൂടിയായ സെനറ്റർ ജോൺ മെക്കയിൻ പറഞ്ഞത്. റിപ്പബ്ളിക്കൻ പാർട്ടിയിലെതന്നെ മറ്റു ചില പ്രമുഖരും വിമർശനവുമായി മുന്നോട്ടുവന്നു. 

നാലു മണിക്കൂറാണ് പുടിനും ട്രംപും തമ്മിൽ സംസാരിച്ചത്. രണ്ടു മണിക്കൂർ നേരം പരിഭാഷകരല്ലാതെ ആരും കൂടെയുണ്ടായിരുന്നില്ല. അതിനാൽ എന്താണവർ സംസാരിച്ചതെന്നു സൂചനകളൊന്നുമില്ല.  ഇങ്ങനെയൊരു  രഹസ്യ ചർച്ചയുടെ ആവശ്യം എന്തായിരുന്നുവെന്നും പലരും അൽഭുതപ്പെടുന്നു.  

പുടിനുമായുളള ഉച്ചകോടിക്കു ട്രംപ് പോകരുതെന്നും അതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുമാണ് പല നയതന്ത്രവിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവ-സൈനിക ശക്തികളുടെ നേതാക്കൾ തമ്മിൽ കൂടിക്കാണുന്നതിനെ സാധാരണഗതിയിൽ എല്ലാവരും സ്വാഗതം ചെയ്യേണ്ടതായിരുന്നു. കാരണം, മുൻപ് സോവിയറ്റ് യൂണിയനുമായി ഉണ്ടായിരുന്നുതുപോലെ ഇപ്പോൾ റഷ്യയുമായും അമേരിക്കയ്ക്കു (മാത്രമല്ല, പാശ്ചാത്യ ലോകത്തിനു പൊതുവിൽതന്നെ) പ്രശ്നങ്ങളുണ്ട്. അവയ്ക്കു പരിഹാരമുണ്ടാകണം. 

എന്നാൽ, ഫിൻലൻഡിന്റെ തലസ്ഥാനത്തു ജൂലൈ 16നു  ട്രംപ്-പുടിൻ ഉച്ചകോടി നടക്കുമെന്നു ജൂൺ 28ന് അറിയിപ്പുണ്ടായപ്പോൾ അമേരിക്കയിൽതന്നെയുണ്ടായത്  അമ്പരപ്പും ആശങ്കയുമാണ്. പരമ്പരാഗതമായി അമേരിക്കയോടൊപ്പം അണിനിരന്നുവന്ന പാശ്ചാത്യരും അസ്വസ്ഥരായി. 

തങ്ങളെ ഒഴിവാക്കിക്കൊണ്ട് പുടിനുമായി കൂടുതൽ അടുക്കാൻ ട്രംപ് ശ്രമിക്കുമോയെന്നായിരുന്നു അവരുടെ ഭയം. ഈ ഭയം അസ്ഥാനത്തായിരുന്നില്ലെന്നും ഇപ്പോൾ വ്യക്തമാവുന്നു. 

ബ്രസൽസിലെ (ബെൽജിയം) രണ്ടു ദിവസത്തെ നാറ്റോ ഉച്ചകോടിയും തുടർന്നു മൂന്നു ദിവസത്തെ ബ്രിട്ടൻ സന്ദർശനവും കഴിഞ്ഞാണ് ട്രംപ് ഹെൽസിങ്കിയിൽ എത്തിയത്. ബ്രസൽസിലും ലണ്ടനിലും അദ്ദേഹം നടത്തിയ പ്രസ്താവനകളും സഖ്യരാജ്യങ്ങളിൽ യുഎസ് നേതൃത്വത്തെപ്പറ്റി സംശയം ജനിപ്പിച്ചു.  

നാറ്റോ ഉച്ചകോടിയിൽ അതിന്റെ ഭാവിയപ്പറ്റിതന്നെ ആശങ്ക സൃഷ്ടിക്കുന്ന രീതിയിലായിരുന്നു ട്രംപിന്റെ പെരുമാറ്റം.  സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയുടെ നേതൃത്വത്തിൽ രൂപം കൊണ്ട പാശ്ചാത്യ സൈനിക സഖ്യമാണ് 29  രാജ്യങ്ങൾ അംഗങ്ങളായ നാറ്റോ. ഇതു നിലനിർത്തുന്നതിൽ മുൻപുണ്ടായിരുന്നത്ര താൽപര്യം അമേരിക്കയ്ക്ക് ഇപ്പോളില്ലെന്ന സൂചനയാണ് ട്രംപ്  നൽകിയത്.  

യുക്രെയിൻ, കൈ്രമിയ പ്രശ്നത്തിൽ  റഷ്യയുമായി വിട്ടുവീഴ്ച പാടില്ലെന്നു വാദിക്കുന്ന പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായ ജർമനിയെ ട്രംപ് ഒന്നു കശക്കി.  വാസ്തവത്തിൽ ജർമനി റഷ്യയുടെ ബന്ദിയാണെന്നു പറഞ്ഞു. റഷ്യയിൽനിന്നു പ്രകൃതിവാതകം കൊണ്ടുവരാനായി പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജർമനി സഹകരിക്കുന്നതാണ് അദ്ദേഹം ഇതിനു പറഞ്ഞ കാരണം.   

ബ്രിട്ടനിൽ എത്തുന്നതിനു തൊട്ടുമുൻപ് അവിടത്തെ പ്രധാനമന്ത്രി തെരേസ മേയെ കുഴപ്പത്തിലാക്കാനും ട്രംപ് മടിച്ചില്ല. ബ്രെക്സിറ്റ് പ്രശ്നത്തിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ കലാപം നേരിടുകയാണ് മേയ്. അവരുടെ  എതിരാളിയായ മുൻവിദേശമന്ത്രി ബോറിസ് ജോൺസൻ ഒരു നല്ല പ്രധാനമന്ത്രിയായിരിക്കുമെന്നു ട്രംപ് പറഞ്ഞു.  ബ്രെക്സിസ്റ്റ് കാര്യത്തിലുളള മേയുടെ നിലപാടിനെ വിമർശിക്കുകയുംചെയ്തു. ഒരു രാജ്യത്തിന്റെ തലവൻ മറ്റൊരു രാജ്യത്തിന്റെ, അതുമൊരു സഖ്യരാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇങ്ങനെ ഇടപെടുന്നതു നയതന്ത്രരംഗത്തു കേട്ടുകേൾവിയില്ലാത്തതാണ്. 

യൂറോപ്യൻ യൂണിയനിൽ (ഇയു) നിന്നു ബ്രിട്ടൻ വിട്ടുപോയശേഷം ഇയുമായുള്ള ബ്രിട്ടന്റെ ബന്ധം ഏതു വിധത്തിലായിരിക്കണമെന്നതാണ് മേയ് നേരിടുന്ന പ്രശ്നം. ഇതു സംബന്ധിച്ച് ഇയുമായി ചർച്ച നടത്തുന്നതിനു പകരം കേസ് കൊടുക്കണമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു യുഎസ് പ്രസിഡന്റ് നൽകിയ  ഉപദേശം.  

വ്യാപാരകാര്യത്തിൽ യൂറോപ്യൻ യൂണിയൻ അമേരിക്കയുടെ ശത്രുവാണെന്നും  ട്രംപ് പറഞ്ഞു.  അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഇയു ഉൽപന്നങ്ങൾക്കു ചുങ്കം ചുമത്തിക്കൊണ്ട് ഇയുവുമായി അദ്ദേഹം നേരത്തെതന്നെ വ്യാപാരയുദ്ധം തുടങ്ങുകയുമുണ്ടായി. 

ലോകത്തിലെ മുൻനിരയിലുള്ള ഏഴു വ്യാവസായികരാജ്യങ്ങളുടെ കൂട്ടായ്്മയായ ജി-7ന്റെ ഉച്ചകോടി ഇക്കഴിഞ്ഞ ജൂണിൽ കാനഡയിൽ ചേർന്നപ്പോഴും പ്രകടമായത് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നതാണ്. റഷ്യകൂടി അംഗമായിരുന്ന ഈ കൂട്ടായ്മ മുൻപ് ജി-8 എന്നാണറിയപ്പെട്ടിരുന്നത്. പക്ഷേ, യുക്രെയിൻ, കൈ്രമിയ പ്രശ്നത്തിന്റെ പേരിൽ മറ്റുള്ളവരെല്ലാം കൂടി റഷ്യയെ പുറത്താക്കി. റഷ്യക്കു വീണ്ടും പ്രവേശനം നൽകണമെന്നായിരുന്നു കാനഡയിലെ ജി-7 ഉച്ചകോടിയോടനുബന്ധിച്ച് ട്രംപ് മുന്നോട്ടുവച്ച നിർദേശം. 

ഇത്രയും നഗ്നമായ റഷ്യാപ്രേമത്തോടെയാണ്  ട്രംപ് പുടിനുമായി കൂടിക്കാണുന്നതെങ്കിൽ അപകടം ഉറപ്പാണെന്നു അമേരിക്കയിലെതന്നെ പല നയതന്ത്ര വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയുടെ മുൻ ചാരവകുപ്പ് മേധാവികൂടിയായ പുടിന്റെ കെണിയിൽ ട്രംപ് വീണുപോകുമെന്നായിരുന്നു അവരുടെ ഭയം. എന്നാൽ, പുടിനുമായുള്ള ഉച്ചകോടി തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പമായിരിക്കുമെന്നു പറഞ്ഞ് ട്രംപ് അതെല്ലാം പുഛിച്ചുതള്ളി.  

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന കേസിൽ റഷ്യൻ ചാരവിഭാഗത്തിലെ 12 ഉദ്യോഗസ്ഥർക്കെതിരെ സ്പെഷ്യൽ കൗൺസൽ കുറ്റം ചുമത്തിയത് അതിനുശേഷമാണ്. റഷ്യയിലുള്ള അവരെ സംബന്ധിച്ച വിശദവിവരങ്ങൾ കുറ്റപത്രത്തിലുണ്ട്. റഷ്യൻ ഭരണകൂടത്തിന്റെ തലപ്പത്തുനിന്നുള്ള നിർദേശം അനുസരിച്ചാണ് അവർ പ്രവർത്തിച്ചതെന്നും അതിൽ പറയുന്നു. 

തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മൽസരിച്ച ഹിലരി ക്ളിന്റന്റെയും അവരുടെ കക്ഷിയായ ഡമോക്രാറ്റിക് പാർട്ടിയുടെയും കംപ്യൂട്ടറുകളിൽനിന്നു വിവരങ്ങൾ മോഷ്ടിക്കുകയും അവ ഹിലരിക്കെതിരെ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം. യുഎസ് ജനാധിപത്യത്തിനെതിരായ സൈബർ ആക്രമണം എന്നാണ് ഇതിനെപ്പറ്റി പറയുന്നത്. 

ട്രംപിനെ ജയിപ്പിക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ, ട്രംപിന്റെ വിജയത്തിനു അതു കാരണമായതായി ആരോപിക്കുന്നില്ല. ഇതേസമയം, ട്രംപ്   ജയിക്കണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്നു പുടിൻ ഹെൽസിങ്കിയിൽ ട്രംപിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതും ശ്രദ്ധേയമാണ്.  

സൈബർ ആക്രമണത്തിന്റെ പേരിൽ നേരത്തെ മറ്റു 13 പേർക്കെതിരെയും മുള്ളർ കുറ്റം ചുമത്തിയിരുന്നു. അപ്പോഴും റഷ്യയുടെ നിരപരാധിത്വത്തിൽ ട്രംപിനു 

സംശയമുണ്ടായിരുന്നില്ല. ഒരു രാഷ്ട്രത്തലവൻ സ്വന്തം ഗവൺമെന്റ് പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്ന ഒരു രാജ്യത്തിനുവേണ്ടി വാദിക്കുന്നതു കണ്ടു ലോകം മൂക്കത്തു വിരൽവച്ചുപോയതു സ്വാഭാവികം. 

ഏറ്റവുമൊടുവിൽ, ഒരു വിശദീകരണത്തിനും ട്രംപ് തയാറായിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്നു കരുതാൻ ഒരു കാരണവും താൻ കാണുന്നില്ലെന്നു ഹെൽസിങ്കിയിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞതു നാക്കുപിഴയായിരുന്നുവെന്നാണ് വിശദീകരണം. റഷ്യയല്ല ഇടപെട്ടതെന്നു കരുതാൻ ഒരു കാരണവും താൻ കാണുന്നില്ലെന്നാണത്രേ ഉദ്ദേശിച്ചിരുന്നത്. വാഷിങ്ടണിൽ തിരിച്ചെത്തിയ അദ്ദേഹം തനിക്കെതിരെ അലയടിക്കുന്ന വിമർശനങ്ങളുടെ രൂക്ഷതകണ്ട് വിശദീകരണം നൽകാൻ നിർബന്ധിതനാവുകയായിരുന്നു.