Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വംശഹത്യയുടെ ചോരപ്പാടുകൾ

വിദേശരംഗം  / കെ. ഉബൈദുള്ള
rohingya-pics9

ജിനോസൈഡ് അഥവാ വംശഹത്യ എന്നതു രാജ്യാന്തര നിയമത്തിൽ വളരെ ലാഘവത്തോടെ പരാമർശിക്കപ്പെടുന്ന ഒരു പദമല്ല. മതം, വർഗം, സാംസ്ക്കാരിക പാരമ്പര്യം എന്നിവയുടെ അടിസ്ഥാനത്തിൽ  ജനവിഭാഗങ്ങളെ കൂട്ടത്തോടെ തുടച്ചുനീക്കാൻ തീരുമാനിക്കുക, ആസൂത്രിതമായും  സൈനിക സഹായത്തോടെയും അവരെ നിരന്തരമായി വേട്ടയാടുകയും ആക്രമിച്ചു കൊലപ്പെടുത്തുകയും ചെയ്യുക,ഭയാക്രാന്തരാക്കി നാട്ടിൽനിന്നോടിക്കുക- ഇതിനെയെല്ലാം കൂടിയാണ് ജിനോസൈഡ് എന്നു പറയുന്നത്. മ്യാൻമറിൽ രോഹിൻഗ്യ മുസ്ലിംകൾക്കെതിരെ നടന്നുവരുന്നതു ജിനോസൈഡ് എന്നു പറയാവുന്ന കൊടിയ പാതകങ്ങളാണെന്ന് ഒരു യുഎൻ അന്വേഷണ സംഘം കുറ്റപ്പെടുത്തിയിരിക്കുകയാണ്.   

മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന വിധത്തിലുള്ള ഇൗ അക്രമങ്ങൾ  ഇതിനു മുൻപും പല തവണ രാജ്യാന്തര തലത്തിൽ അപലപിക്കപ്പെടുകയുണ്ടായി. എന്നാൽ, ജിനോസൈഡ് എന്ന പദം ഉപയോഗിച്ചുള്ള ഇത്രയും രൂക്ഷമായ വിമർശനം ഇതാദ്യമാണ്. കൂടുതൽ അന്വേഷണം നടത്തുകയും ഇൗ പാതകങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുൻപാകെ കൊണ്ടുവരികയും ചെയ്യണമെന്നും യുഎൻ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്  (ഒാഗസ്റ്റ് 27) യുഎൻ മനുഷ്യാവകാശ സമിതിക്കു റിപ്പോർട്ടിന്റെ സംഗ്രഹം ലഭിച്ചത്. 400 പേജുളള പൂർണ റിപ്പോർട്ട് സെപ്റ്റംബർ 18നു ലഭിക്കും.  

rohingyas-myanmar

മ്യാൻമർ സായുധ സേനയുടെ കമാൻഡർ ഇൻ ചീഫായ സീനിയർ ജനറൽ മിൻ ഒാങ് ഹ്ലെയിങ് ഉൾപ്പെടെയുള്ള ആറ് ഉന്നത സൈനികോദ്യോഗസ്ഥരെയാണ് പ്രതികളായി റിപ്പോർട്ടിൽ പേരെടുത്തു പറഞ്ഞിരിക്കുന്നത്.  സിവിലിയൻ  ഭരണകൂടത്തിനു പാതകത്തിൽ പങ്കുള്ളതായി പറയുന്നില്ല. എങ്കിലും സ്റ്റേറ്റ് കൗൺസലർ എന്ന സ്ഥാനപ്പേരോടെ മൂന്നു വർഷമായി ഫലത്തിൽ ഭരണത്തിനു നേതൃത്വം നൽകുന്ന ഒാങ് സാൻ സൂചി തന്റെ ആ പദവിയോ ധാർമികമായ അധികാരമോ അക്രമങ്ങൾ തടയാൻ ഉപയോഗിച്ചില്ലെന്നു റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. 

മ്യാൻമറിൽ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുവേണ്ടി ദീർഘകാലത്തെ തടങ്കൽ ഉൾപ്പെടെ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച വ്യക്തിയാണ് എഴുപത്തിമൂന്നുകാരിയായ സൂചി. യഥാർഥ ഗാന്ധിശിഷ്യയായും നെൽസൻ മണ്ടേലയുടെ ഉത്തമ പിൻഗാമിയായും അവർ വാഴ്ത്തപ്പെട്ടു. 1991ലെ നൊബേൽ സമാധാന സമ്മാനം അവർക്കായിരുന്നു.

പക്ഷേ, രോഗിൻഗ്യകൾക്കുവേണ്ടി സൂചി ഒരിക്കലും ശബ്ദമുയർത്തിയില്ല. മാത്രമല്ല, അക്രമങ്ങളെ അവർ ന്യായീകരിച്ചുവെന്ന ആരോപണവുമുണ്ടായി. സൂചിക്കു നൽകിയ നൊബേൽ സമ്മാനം അതിനാൽതിരിച്ചെടുക്കണമെന്നു പോലും മുറവിളി ഉയർന്നു. യുഎൻ അന്വേഷണ റിപ്പോർട്ടിലെ പരാമർശം അവരുടെ ധാർമിക പരിവേഷത്തിനു കഠിനമായ പ്രഹരമേൽപ്പിക്കുന്നു.

aung-san-suu-ky

ഇന്തൊനീഷ്യക്കാരനായ മർസൂകി ദാറുസ്മാൻ, രാധിക കുമാരസ്വാമി (ശ്രീലങ്ക), ക്രിസ്റ്റഫർ സദോതി (ഒാസ്ട്രേലിയ) എന്നീ രാജ്യാന്തര പ്രശസ്തരായ നിയമജ്ഞർ ഉൾപ്പെടുന്ന സംഘത്തെ യുഎൻ മനുഷ്യാവകാശ സമിതി അന്വേഷണത്തിനു നിയോഗിച്ചത് ഒരു വർഷം മുൻപാണ്. നമ്മുടെ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകയായ ഇന്ദിര ജയ് സിങ്ങിനെയാണ് സംഘത്തിന്റെ ചെയർപേഴ്സനായി ആദ്യം നിയമിച്ചിരുന്നത്. എന്നാൽ, മ്യാൻമറിൽ നടക്കുന്നതു ജിനോസൈഡ് തന്നെയാണന്ന് അവർ ഒരു പ്രസ്താവനയിൽ പറഞ്ഞത് അവരുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടാൻ കാരണമായി. അതിനാൽ അവരെ മാറ്റുകയായിരുന്നു. 

സ്ഥിതിഗതികൾ നേരിട്ടുകണ്ടു മനസ്സിലാക്കാനായി മ്യാൻമർ സന്ദർശിക്കാൻ അന്വേഷണ സംഘം പലതവണ ശ്രമിച്ചുവെങ്കിലും സൂചിയുടെ ഗവൺമെന്റ് അനുമതി നൽകിയില്ല. ജീവനുംകൊണ്ട് ഒാടി ബംഗ്ളദേശ് ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ എത്തിയ രോഹിൻഗ്യ അഭയാർഥികളുമായും ദൃക്സാക്ഷികളുമായും സംഘം വിശദമായി സംസാരിച്ചു. അവരുടെ പക്കലുളള രേഖകളും മൊബൈൽ ഫോണുകളിലെ വിഡിയോ ചിത്രങ്ങളും പരിശോധിക്കുകയും ഉപഗ്രഹ ചിത്രങ്ങൾ കാണുകയും ചെയ്തു. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ തയാറാക്കിയതാണ്  റിപ്പോർട്ട്്. നേരത്തെതന്നെ രാജ്യാന്തര മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒട്ടും അതിശയോക്തിപരമല്ലെന്നു ഇൗ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. 

എന്നാൽ, മാധ്യമ റിപ്പോർട്ടുകളെപ്പോലെതന്നെ ഇതും  മ്യാൻമർ പട്ടാളം തള്ളിക്കളഞ്ഞു.  ഭീകരാക്രമണം അഴിച്ചുവിട്ട തീവ്രവാദികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകമാത്രമേ തങ്ങൾ ചെയ്തിട്ടുളളൂവെന്ന് അവർ വാദിക്കുന്നു. മാധ്യമവാർത്തകൾ അതിശയോക്തിപരമാണെന്നു പറഞ്ഞുകൊണ്ടിരുന്ന  സൂചി യുഎൻ റിപ്പോർട്ടിനെപ്പറ്റി നിശ്ശബ്ദത പാലിക്കുകയാണെന്നതും ശ്രദ്ധേയമാണ്.  റിപ്പോർട്ട് വന്നതിന്റെ പിറ്റേന്ന് അവർ യാംഗോൺ സർവകലാശാലയിൽ പ്രസംഗിക്കുകയുണ്ടായി. പക്ഷേ, വിഷയം സാഹിത്യമായിരുന്നു. 

suu-kyi

ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗം എന്ന വിശേഷണം നേരത്തെതന്നെ പേറുന്നവരാണ് രോഹിൻഗ്യകൾ. ബുദ്ധമതക്കാർ ബഹുഭൂരിപക്ഷമുള്ള മ്യാൻമറിലെ ഒരു ചെറിയ ന്യൂനപക്ഷവും പരമദരിദ്രരുമായ രോഹിൻഗ്യകൾ അനുഭവിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കു ദശകങ്ങളുടെ പഴക്കമുണ്ട്. 2012ൽ അതു രൂക്ഷവും വ്യാപകവുമാവുകയും ഉളളതെല്ലാം നുള്ളിപ്പെറുക്കി 

രോഹിൻഗ്യകൾ അയൽരാജ്യങ്ങളിലേക്കു, വിശേഷിച്ച് ബംഗ്്ളദേശിലേക്കു പലായനം ചെയ്യാൻ തുടങ്ങുകയും ചെയ്തു. അതോടെയാണ് അവരുടെ പ്രശ്നം രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതും. 

പട്ടാളത്തിന്റെ സഹകരണത്തോടെയും പിന്തുണയോടെയും ജനങ്ങളിലൊരു തീവ്രവാദി വിഭാഗം നടത്തിവന്ന സംഘടിതമായ ആക്രമണം പിന്നീട് പട്ടാളം നേരിട്ട്  ഏറ്റെടുത്തുവെന്നാണ് ആരോപണം. രോഹിൻഗ്യകൾക്കിടയിൽ രൂപംകൊണ്ട അരാക്കൻ രോഹിൻഗ്യ സാൽവേഷൻ ആർമി (ആർസ) എന്ന തീവ്രവാദി സായുധ സംഘടന കഴിഞ്ഞ വർഷം ഒാഗസ്റ്റ് 25നു 30 പൊലീസ് ഒൗട്പോസ്റ്റുകളും ഒരു സൈനിക ക്യാംപും ആക്രമിച്ചതിനെ തുടർന്നായിരുന്നു അത്. 20 പേർ കൊല്ലപ്പെടുകയുണ്ടായി. 

അക്രമികളെ തിരഞ്ഞുപിടിച്ചു ശിക്ഷിക്കുന്നതിനുപകരം രോഹിൻഗ്യകൾക്കെതിരെ പൊതുവിൽതന്നെ ആക്രമണം അഴിച്ചുവിടുകയാണ് പട്ടാളം ചെയ്തത്. രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്തെ റാഖിൻ സംസ്ഥാനത്തിൽ രോഹിൻഗ്യകൾ താമസിക്കുന്ന ഗ്രാമങ്ങൾ അവർ ചുട്ടെരിച്ചു. ആളുകളെ തീയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. പിഞ്ചുകിടാങ്ങളെ നദിയിലേക്കു വലിച്ചെറിയുകയും സ്ത്രീകളെ സംഘടിതമായി മാനഭംഗപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. 

rohingya-fleeing-6

ഭയാക്രാന്തരായ ഏഴു ലക്ഷത്തിലേറെ രോഹിൻഗ്യകളാണ് അതിനുശേഷം ബംഗ്ളദേശിലേക്കു പലായനം ചെയ്തത്. മ്യാൻമർ അതിർത്തിക്കടുത്തുളള ബംഗ്ളദേശ് നഗരമായ കോക്സ് ബസാറിലും പരിസരത്തും താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളിലും കുടിലുകളിലും ദുരിതപൂർണമായ ജീവിതം നയിക്കുന്ന രോഹിൻഗ്യ അഭയാർഥികളുടെ എണ്ണം ഇതോടെ പത്തു ലക്ഷത്തിലേറെയായി. സ്വതവെതന്നെ സാമ്പത്തികശേഷി കുറഞ്ഞ ബംഗ്ളദേശ് ഇവരുടെകൂടി സംരക്ഷണത്തിന്റെ ഭാരത്താൽ  വീർപ്പുമുട്ടുന്നു. 

മ്യാൻമറിലെ വംശഹത്യക്ക് ഉത്തരവാദികളായ ജനറൽമാരെ എങ്ങനെ നിമയമത്തിന്റെ മുൻപാകെ കൊണ്ടുവരുമെന്ന ചോദ്യമാണ് ഉയരുന്നത്. നെതർലൻഡ്സിലെ ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര ക്രിമിനൽ കോടതിയിലേക്കു (എെസിസി) കേസ് റഫർ ചെയ്യുകയോ അല്ലെങ്കിൽ പ്രത്യേക രാജ്യാന്തര ടൈ്രബ്യൂണൽ ഏർപ്പെടുത്തുകയോ ചെയ്യണമെന്നാണ് യുഎൻ അന്വേഷണ സംഘംതന്നെ നിർദേശിച്ചിരിക്കുന്നത്. പക്ഷേ, രണ്ടും എളുപ്പമല്ല. 

വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ പാതകങ്ങൾ എന്നിവ വിചാരണ ചെയ്യാനായി 2002ൽ രൂപംകൊണ്ടതാണ് എെസിസി. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കൈകാര്യം ചെയ്യാനായി ഹേഗിൽതന്നെ 1945 മുതൽ പ്രവർത്തിച്ചുവരുന്ന രാജ്യാന്തര നീതിന്യായ കോടതി അഥവാ ലോക കോടതിയിൽനിന്നു വ്യത്യസ്തമാണിത്. 

rohingya-6

എെസിസിയിൽ എല്ലാ രാജ്യങ്ങളും അംഗമല്ല. അംഗരാജ്യങ്ങളിലെ കേസുകൾ മാത്രമേ കോടതി നേരിട്ട് ഏറ്റെടുക്കുകയുള്ളൂ. മ്യാൻമർ അംഗമല്ലാത്തതിനാൽ ഇതിനു തടസ്സം നേരിടുന്നു. യുഎൻ രക്ഷാസമിതിയുടെ  പ്രമേയത്തിലൂടെ ഇൗ തടസ്സത്തെ മറികടക്കാൻ ശ്രമിക്കാം. എന്നാൽ, രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളിൽ ആരെങ്കിലും വീറ്റോ പ്രയോഗിച്ചാൽ ശ്രമം പരാജയപ്പെടുകയും ചെയ്യും.  

മ്യാൻമറിന്  അനുകൂലമായി ചൈന വീറ്റോപ്രയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. അത്രയും ശക്തവും വ്യാപകവുമാണ് ഇരു രാജ്യങ്ങളുംതമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ. രോഹിൻഗ്യ പ്രശ്നത്തിൽ രക്ഷാസമിതി ഇതുവരെ ഇടപെടാതിരുന്നതിനു കാരണവും ചൈനയുടെ നിസ്സഹകരണമായിരുന്നു. റഷ്യയുടെ നിലപാടും ഏറെ വ്യത്യസ്തമല്ല. 

ആഫ്രിക്കയിലെ റുവാണ്ടയിലെയും യൂറോപ്പിലെ മുൻ യുഗൊസ്ളാവിയയിലെയും സമാനമായ കേസുകൾ വിചാരണ ചെയ്യാനാണ് ഇതിനു മുൻപ് പ്രത്യേക ട്രൈബ്യൂണലുകൾ ഏർപ്പെടുത്തിയിരുന്നത്. ആർക്കും വീറ്റോ അധികാരമില്ലാത്ത യുഎൻ പൊതുസഭയിലൂടെ ഇതിനുളള അനുമതി നേടിയെടുക്കാം. പക്ഷേ, പ്രതികളെ ട്രൈബ്യൂണലിന്റെ മുൻപാകെ എത്തിക്കാൻ ബന്ധപ്പെട്ട രാജ്യത്തിന്റെ സഹകരണംവേണം. മ്യാൻമർ സഹകരിക്കുമെന്നുപ്രതീക്ഷിക്കാനാവില്ല. 

rohingya-pics2

മ്യാൻമറിൽ വംശഹത്യ നടത്തിയവരെ ഒരിക്കലും നിയമത്തിന്റെ മുൻപാകെ കൊണ്ടുവരാനാവില്ലെന്നാണ് ഇതിനർഥമെന്നു പലരും ഭയപ്പെടുന്നു. രാജ്യാന്തര സമൂഹത്തിന്റെ ഇൗ നിസ്സഹയാവസ്ഥ രോഹിൻഗ്യകൾക്കെതിരായ പാതകങ്ങൾ തുടരാൻ മ്യാൻമറിലെ പട്ടാളത്തിനുള്ള ലൈസൻസായി മാറുകയും ചെയ്തേക്കാം.   

നാടുവിട്ടോടിയ രോഹിൻഗ്യകൾക്കെല്ലാം എപ്പോൾ തിരിച്ചെത്താനാകുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു. അതു സംബന്ധിച്ച് മ്യാൻമാർ ഒരുറപ്പും നൽകുന്നില്ല. അരനൂറ്റാണ്ടുകാലം രാജ്യം ഭരിച്ച പട്ടാളം രോഹിൻഗ്യകളെ പൗരന്മാരായി അംഗീകരിക്കുന്നുപോലുമില്ല.  രോഹിൻഗ്യ എന്ന പേരുപോലും ഉച്ചരിക്കാൻ വിസമ്മതിക്കുന്നു. അവർ ബംഗാളികളാണെന്നും ബംഗ്ലദേശിൽനിന്നു  നുഴഞ്ഞുകയറിയവരാണെന്നുമാണ് വാദം. പട്ടാളത്തിന്റെ നിയന്ത്രണങ്ങൾക്കു വിധേയമായ സിവിലിയൻ ഗവൺമെന്റിന്റെ നിലപാടും ഫലത്തിൽ വ്യത്യസ്തമല്ല.  

രോഹിൻഗ്യകൾ അനുഭവിക്കുന്ന പീഢനങ്ങളും യാതനകളും ലോകശ്രദ്ധയിലേക്കു കൊണ്ടുവന്ന രാജ്യാന്തര മാധ്യമങ്ങളെയും രോഹിൻഗ്യകൾക്കുവേണ്ടി ശബ്ദമുയർത്തുന്ന യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികളെയും മനുഷ്യാവകാശ സംഘടനകളെയും മ്യാൻമറിന്റെ ശത്രുക്കളായിട്ടാണ് അവർ കാണുന്നത്.  റോയിട്ടർ  വാർത്താ ഏജൻസിയുടെ രണ്ടു പ്രാദേശിക റിപ്പോർട്ടർമാർക്കുണ്ടായ അനുഭവം ഇതിനുദാഹരണമാണ്.  

rohingya-refugees

രോഹിൻഗ്യകൾ മുഖ്യമായി താമസിക്കുന്ന ഒരിടത്തു ഒട്ടേറെ പേരുടെ മൃതദേഹങ്ങൾ ഒന്നിച്ചു കുഴിച്ചുമൂടിയതായി കണ്ടെത്തുകയും അതു ലോകശ്രദ്ധയിലെത്തിക്കുകയും ചെയ്തതു വാ ലോൺ (32), ക്യാ സോ ഉൗ (28) എന്നീ റോയിട്ടർ  റിപ്പോർട്ടർമാരായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽഇരുവരെയും പൊലീസ് അത്താഴത്തിനെന്നു പറഞ്ഞു വിളിച്ചുകൊണ്ടുപോയി അറസ്റ്റ്ചെയ്തു. രാജ്യരക്ഷാ സംബന്ധമായ ഒൗദ്യോഗിക രഹസ്യ രേഖകൾ അവരിൽനിന്നു കണ്ടുകിട്ടിയതായി ഗവൺമെന്റ് അവകാശപ്പെടുന്നു. 

പതിനാലു വർഷംവരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് അവരുടെ മേൽ ചുമത്തിയിട്ടുള്ളത്. യുഎൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അവരുടെ സ്ഥിതിയും പൂർവാധികം ലോകശ്രദ്ധയാകർഷിക്കുന്നു.