Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയച്ചുഴിയിൽ നീതിപീഠം

വിദേശരംഗം  / കെ. ഉബൈദുള്ള
Brett-Kavanaugh-to-Supreme-Court സുപ്രീം കോടതിയിലെ ജഡ്ജിയുടെ നിയമനം ഇത്രയേറെ വിവാദമാവുകയും രാഷ്ട്രീയവൽക്കരിക്കപ്പെടുകയും ചെയ്തത് അമേരിക്കയ്ക്കു പുറത്തുളളവരെ അദ്ഭുതപ്പെടുത്തുന്നു...

ഇരുപതു മാസംമുൻപ് പ്രസിഡന്റായ ഡോണൾഡ് ട്രംപ് അതിനുശേഷം നേടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വിജയത്തിനാണ് അമേരിക്ക ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ സാക്ഷ്യംവഹിച്ചത്. യുഎസ് സുപ്രീം കോടതിയിലേക്ക് അദ്ദേഹം നോമിനേറ്റ് ചെയ്ത ജഡ്ജി ബ്രെറ്റ് കെവനോയെ കടുത്ത വിവാദത്തിനൊടുവിൽ സെനറ്റ് അംഗീകരിച്ചു. അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ അതു ട്രംപിന് ഒരു വൻതിരിച്ചടിയായേനെ. കാരണം, കെവനോയെ എതിർത്തവർ അതിലൂടെ ലക്ഷ്യമിട്ടതു ട്രംപിനെത്തന്നെയായിരുന്നു.  

കെവനോയ്ക്കെതിരെ ഡോ. ക്രിസ്റ്റീൻ ബ്ളേസി ഫോഡ് എന്ന വനിതാ പ്രഫസർ ഉന്നയിച്ച ലൈംഗികാരോപണമാണ് അദ്ദേഹത്തിന്റെ നിയമനം എളുപ്പത്തിൽ സെനറ്റ്  അംഗീകരിക്കുന്നതിനു തടസ്സമായിരുന്നത്. പിന്നീടു മറ്റു രണ്ടു സ്ത്രീകൾകൂടി സമാനമായ ആരോപണങ്ങളുമായി മുന്നോട്ടുവന്നു. കെവനോയെപ്പോലെ ട്രംപും ആരോപണങ്ങൾ പുഛിച്ചുതളളുകയാണ് ചെയ്തത്. എങ്കിലും, തന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലെതന്നെ ചില സെനറ്റർമാരുടെ ആഗ്രഹപ്രകാരം എഫ്ബിഎെയെക്കൊണ്ടുള്ള അന്വേഷണത്തിന് ഉത്തരവിടാൻ ട്രംപ് നിർബന്ധിതനായി. 

ചുരുങ്ങിയ ദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കിയ എഫ്ബിഎെ 1000 പേജുള്ള റിപ്പോർട്ടാണ് നൽകിയത്. സെനറ്റർമാർക്ക് അതു വായിക്കാൻ കിട്ടിയതു വെറും ഒരു മണിക്കൂർ. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടന്നില്ലെന്നാണ്് പരാതി. കെവനോയെയോ ഫോഡിനെയോ എഫ്ബിഎെ കാണുകയുണ്ടായില്ല. എങ്കിലൂം. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സെനറ്റിലെ വോട്ടെടുപ്പ്. 

കെവനോയുടെ നിയമനത്തെ 48 പേർ എതിർത്തപ്പോൾ 50 പേർ അനുകൂലിച്ചു. ഇത്രയും നേരിയ വ്യത്യാസം സമീപകാലത്തൊന്നും ഒരു ജഡ്ജിയുടെ നിയമന കാര്യത്തിലും സംഭവിച്ചിരുന്നില്ല. സെനറ്റിലെ നിലവിലുള്ള റിപ്പബ്ളിക്കൻ-ഡമോക്രാറ്റ് അനുപാതം ചില്ലറ വ്യത്യാസത്തോടെ വോട്ടെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു.  

അൻപത്തൊന്ന് അംഗങ്ങളുളള റിപ്പബ്ളിക്കൻ പാർട്ടിയിലെ ഒരാൾ മകളുടെ വിവാഹംകാരണം ഹാജരായിരുന്നില്ല. മറ്റൊരാൾ കെവനോയ്ക്കെതിരെ വോട്ടുചെയ്തു. അതേസമയം, ഡമോക്രാറ്റിക് പാർട്ടിയിലെ ഒരംഗം കെവനോയെ പിന്തുണയ്ക്കാനും തയാറായി. ഇങ്ങനെ കൂറുമാറി വോട്ടു ചെയ്യുന്നത് യുഎസ് പാർലമെന്റിൽ അപൂർവമല്ല. 

സെനറ്റിലെ ചേരിതിരിവ് അതിനു പുറത്തും പ്രകടമായതായിരുന്നു ശ്രദ്ധേയമായ മറ്റൊരു സംഭവവികാസം. കെവനോയുടെ നിയമനത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി വാഷിങ്ടണിലും മറ്റു ചില നഗരങ്ങളിലും പ്രകടനങ്ങൾ നടന്നുവരികയായിരുന്നു. അധികവും ചെറുപ്പക്കാരാണ് അവയിൽ പങ്കെടുത്തത്. ലൈംഗികാക്രമണത്തിനിരയായ ഒട്ടേറെപേരും അക്കൂട്ടത്തിലുണ്ടായിരുന്നു. പലരും അറസ്്റ്റ് ചെയ്യപ്പെട്ടു. ഇത്തരം പ്രകടനങ്ങളും പതിവില്ലാത്തതാണ്. 

ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ (ഒക്ടോബർ നാല്, അഞ്ച്) സെനറ്റ് യോഗം നടന്നുകൊണ്ടിരിക്കേ അവിടത്തെ സന്ദർശക ഗ്യാലറിയിലും മുദ്രാവാക്യങ്ങൾ മുഴങ്ങി. വൈസ് പ്രസിഡന്റ് മൈക്ക് പെൻസായിരുന്നു അധ്യക്ഷപീഠത്തിൽ. ബഹളമുണ്ടാക്കുന്നവരെ പുറത്താക്കാൻ കാവൽക്കാരെ വിളിക്കുമെന്നു പല തവണ അദ്ദേഹത്തിനു താക്കീതു നൽകേണ്ടിവന്നു. സുപ്രീംകോടതി കെട്ടിടത്തിന്റെ വാതിലിൽ ഇടിച്ചുകൊണ്ടുള്ള പ്രകടനവും നടന്നു. 

ഇതോടെ കഥ അവസാനിക്കുന്നില്ല. കോൺഗ്രസിലേക്ക് (പാർലമെന്റ്) അടുത്തമാസം ആറിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇൗ സംഭവങ്ങൾ എങ്ങനെ പ്രതിഫലിക്കുമെന്നാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത്. ട്രംപ് അധികാരത്തിൽ എത്തിയതിനുശേഷമുണ്ടായ തീവ്രമായ രാഷ്ട്രീയ ധ്രുവീകരണം കാരണമായിത്തന്നെ ഇൗ തിരഞ്ഞെടുപ്പ് പതിവിൽക്കവിഞ്ഞ പ്രാധാന്യം നേടിക്കഴിഞ്ഞിരുന്നു. കെവനോ വിവാദത്തോടെ അതിലെ വീറും വാശിയും പതിന്മടങ്ങു വർദ്ധിച്ചു. 

bret

പ്രതിനിധിസഭയിലും സെനറ്റിലും തങ്ങൾക്കുള്ള ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ളിക്കൻ പാർട്ടിയും അവ പിടിച്ചെടുക്കാൻ ഡമോക്രാറ്റിക് പാർട്ടിയും മുൻപെന്നത്തേക്കാളും വാശിയോടെ ശ്രമിക്കുകയാണ്. പ്രസിഡന്റ് ട്രംപ്തന്നെ നാടുനീളെ യാത്ര ചെയ്തു തന്റെ പാർട്ടിക്കുവേണ്ടി പ്രസംഗിച്ചുവരുന്നു. 

കെവനോയെ ആവർത്തിച്ച് പ്രശംസിച്ച അദ്ദേഹം കെവനോയ്്ക്കെതിരെ  ആരോപണം ഉന്നയിച്ച സത്രീയെ പരസ്യമായി പരിഹസിക്കാനും മടിച്ചില്ല. അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കാരെതന്നെ ഇത് അമ്പരപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തു. ഇത്തരം പ്രസംഗങ്ങൾ വനിതാ വോട്ടർമാരുടെ വിരോധം സമ്പാദിക്കാൻ കാരണമായിത്തീരുമോയെന്ന് അവർ ഭയപ്പെടുന്നു. 

പ്രതിനിധിസഭയിലെ മുഴുവൻ (435) സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 34 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കു തിരിച്ചടിയേൽക്കുകയാണ് പതിവ്. എങ്കിലും, പ്രതിനിധിസഭയുടെ നിയന്ത്രണം കരസ്ഥമാക്കാൻ ഡമോക്രാറ്റിക് പാർട്ടിക്ക് ഇന്നുളളതിനേക്കാൾ 24 സീറ്റുകൾ കൂടുതൽ കിട്ടണം. സെനറ്റിൽ ഭൂരിപക്ഷം നേടാൻ രണ്ടു സീറ്റുകൾ കൂടി പുതുതായി നേടിയെടുക്കുകയും വേണം. 

സുപ്രീം കോടതി ജഡ്ജിമാരെയും പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു പുറത്താക്കാൻ ഇരുസഭകളിലും ആവശ്യമായ ഭൂരിപക്ഷം ഉണ്ടായേ തീരൂ. പ്രതിനിധിസഭയിലാണ് ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കുക. അതിനു കേവല ഭൂരിപക്ഷം മതി. എന്നാൽ, സെനറ്റ് അതംഗീകരിക്കുകയും പുറത്താക്കൽ നടപടിയെടുക്കാൻ തീരുമാനിക്കുകയും ചെയ്യണമെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണവേണം. അതെളുപ്പമല്ല. 

സുപ്രീം കോടതിയിലെ ജഡ്ജിയുടെ നിയമനം ഇത്രയേറെ വിവാദമാവുകയും രാഷ്ട്രീയവൽക്കരിക്കപ്പെടുകയും ചെയ്തത് അമേരിക്കയ്ക്കു പുറത്തുളളവരെ അദ്ഭുതപ്പെടുത്താൻ പര്യാപ്തമാണ്. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും നിലവിലുള്ളതുപോലുള്ള നിഷ്പക്ഷ കൊളീജിയം സംവിധാനമല്ല അമേരിക്കയിലുള്ളത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും തിരഞ്ഞെടുക്കപ്പെടുന്ന ചില ജഡ്ജിമാരും അടങ്ങുന്നതാണ് ഇന്ത്യയിലെ കൊളീജിയം. എന്നാൽ, യുഎസ് സുപ്രീം കോടതിയിലെ ഒൻപതു ജഡ്ജിമാരെയും നിയമിക്കാനുള്ള അധികാരം പ്രസിഡന്റിനാണ്. 

അദ്ദേഹത്തിന്റെയും പാർട്ടിയുടെയും നിലപാടുകളോടു യോജിക്കുന്നവർ നിയമിക്കപ്പെടുന്നു. ജഡ്ജിയായ ശേഷവും അവരിൽ പലരും യാഥാസ്ഥിതികരോ ലിബറൽ ചിന്താഗതിക്കാരോ ആയി അറിയപ്പെടുന്നതും സാധാരണം. മരിക്കുന്നതുവരെ അല്ലെങ്കിൽ സ്വമേധയാ വിരമിക്കുകയോ ഇംപീച്മെന്റിലൂടെ പുറത്താക്കപ്പെടുകയോ ചെയ്യുന്നതുവരെ ജഡ്ജിമാർക്ക് ഉദ്യാഗത്തിൽ തുടരാം. 

കുടിയേറ്റം, ഗർഭഛിദ്രം, വോട്ടവകാശം, തോക്കു നിയന്ത്രണം, പരിസ്ഥിതി പ്രശ്നങ്ങൾ, ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അവസാന വാക്കായിരിക്കും സുപ്രീം കോടതിയുടേത്. അതിനാൽ, സുപ്രീംകോടതിയിലെ ജഡ്ജി നിയമനം അമേരിക്കയിൽ ഒരു വലിയ രാഷ്ട്രീയ സംഭവമാകുന്നതു സ്വാഭാവികം.  

ഇരുപതു മാസത്തെ ഭരണത്തിനിടയിൽ നേരത്തെതന്നെ ഒരു ജഡ്ജിയെ സുപ്രീം കോടതിയിൽ നിയമിക്കാൻ ട്രംപിന് അവസരം ലഭിക്കുകയുണ്ടായി. ട്രംപിന്റെ മുൻഗാമിയായ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് ഒഴിവുവന്ന സ്ഥാനത്തേക്കായിരുന്നു ആ നിയമനം. ഒബാമ നിർദേശിച്ച ആളെ സെനറ്റ് അംഗീകരിക്കുന്നതു റിപ്പബ്ളിക്കന്മാർ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി. അതിനിടയിൽ ഒബാമയുടെ കാലാവധി തീരുകയും ട്രംപ് പ്രസിഡന്റാവുകയും ചെയ്തു.  തനിക്കിഷ്ടമുള്ള ട്രംപ് നീൽ ഗോർസുച്ചിനെ ട്രംപ് നോമിനേറ്റ് ചെയ്തു. റിപ്പബ്ളിക്കന്മാർക്കു ഭൂരിപക്ഷമുള്ള സെനറ്റ് അതംഗീകരിക്കുകയും ചെയ്തു. യുഎസ് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിലെ രാഷ്ട്രീയത്തിലേക്കു വെളിച്ചംവീശാൻ ഇതുതന്നെ ധാരാളം.

താരതമ്യേന ലിബറൽ ചിന്താഗതിക്കാരനായി അറിയപ്പെടുന്ന ജഡ്ജി ആന്റണി കെന്നഡി സ്വമേധയാ വിരമിക്കാൻ ഇക്കഴിഞ്ഞ ജൂലൈയിൽ തീരുമാനിച്ചതോടെ രണ്ടാമതൊരവസരം കൂടി ട്രംപിനു വീണുകിട്ടി. ആ ഒഴിവിലേക്കാണ് കൂടുതൽ യാഥാസ്ഥിതികനും റിപ്പബ്ളിക്കൻ പാർട്ടി അനുഭാവിയുമായ അമ്പത്തിമൂന്നുകാരൻ കെവനോയെ് നിയമിച്ചത്. ഇതോടെ സുപ്രീം കോടതിയിൽ യാഥാസ്ഥിതികർക്കു ഭൂരിപക്ഷമായി.

സെപ്റ്റംബർ 27നു സെനറ്റിന്റെ ജുഡീഷ്യൽ കമ്മിറ്റിയുടെ മുൻപാകെ ഹാജരാകേണ്ടിവന്നപ്പോൾ കെവനോ സംസാരിച്ചതു തന്റെ രാഷ്ട്രീയ ചായ്‌വ് സംശയാതീതമായി വ്യക്തമാക്കുന്ന വിധത്തിലായിരുന്നു. ക്രിസ്റ്റീൻ ബ്ളേസി ഫോഡ് (51) എന്ന വനിതാ പ്രഫസർ ഉന്നയിച്ച ലൈംഗികാരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 1982ൽ സ്കൂളിൽ പഠിക്കുമ്പോൾ (കെവനോയ്ക്കു പതിനേഴും തനിക്കു പതിനഞ്ചും വയസ്സായിരുന്നപ്പോൾ) കെവനോ തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു ഫോഡിന്റെ ആരോപണം.  

brett-kavanaugh-christine

കെവനോ അതു നിഷേധിക്കുക മാത്രമല്ല ചെയ്തത്. അതിന്റെ പിന്നിൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഗൂഡാലോചനയുണ്ടെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനോടേറ്റ പരാജയത്തിന് അവർ പകരം വീട്ടാൻ നോക്കുകയാണെന്നും ആരോപിച്ചു. 

ചില സെനറ്റർമാരു ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത് ഒരു ജഡ്ജിയുടെ സ്വഭാവത്തിനു ചേരാത്ത അസഹ്യതയോടെയുമായിരുന്നു. പിന്നീട്, വോൾസ്്ട്രീറ്റ് ജേണൽ പത്രത്തിൽ എഴുതിയ ലേഖനത്തിൽ കെവനോ ഇതിനെല്ലാം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവിൽ ജഡ്ജിയായി സ്ഥാനമേൽക്കാനായെങ്കിലും ഇൗ വിവാദത്തിന്റെ ഒാർമകൾ ദീർഘകാലം അദ്ദേഹത്തെ പിന്തുടരാതിരിക്കില്ല.