Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

21 ാം നൂറ്റാണ്ടിലെ പോലീസ് സ്റ്റേറ്റ്

വിദേശരംഗം  / കെ. ഉബൈദുള്ള
china-police-state ഏഴു പതിറ്റാണ്ടുമുൻപ്് ജോർജ് ഒാർവൽ നോവലിൽ വരച്ചുകാട്ടിയ പൊലീസ് സ്റ്റേറ്റ് പിൽക്കാലത്തു കമ്യൂണിസ്റ്റ്് സമഗ്രാധിപത്യ രാജ്യങ്ങളിൽ യാഥാർഥ്യമായി. ഇപ്പോൾ, സിൻജിയാങ്ങിൽ നടന്നുവരുന്നത് അതിന്റെ പരിഷ്കൃതവും കൂടുതൽ ഭീകരവുമായ ആവർത്തനമാണെന്ന് അവിടെനിന്നുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു..

ചൈനയുടെ വടക്കു പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിലെ പകുതിയോളം ജനങ്ങൾ ഗവൺമെന്റിന്റെ നോട്ടപ്പുള്ളികളാണ്. ഗവൺമെന്റ് അവരെ നിരന്തരമായി നിരീക്ഷിച്ചുവരുന്നു. അവർ എങ്ങോട്ടുപോയാലും എന്തുചെയ്താലും ഗവൺമെന്റ് അറിയാതിരിക്കില്ല. 

ഇസ്ലാം മതവിശ്വാസികളായ ഇൗ ഉയിഗർ വിഭാഗക്കാർ ഭരണകൂടത്തിന് ഭീഷണിയാകുമെന്നു സംശയിക്കുന്നതിനാൽ അതിനെതിരായ മുൻകരുതൽ എന്ന നിലയിലാണ്രേത ഇൗ കർശന നിരീക്ഷണം. അതിന്റെ ഭാഗമായുള്ള മറ്റു നടപടികൾക്കും ഉയിഗറുകൾ വിധേയരായിക്കൊണ്ടിരിക്കുന്നു. നിയന്ത്രണങ്ങൾ കാരണം സിൻജിയാങ്ങിൽനിന്നു നേരിട്ടു വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ, മറ്റു വഴികളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതാണ്  ഇതു സംബന്ധിച്ച  റിപ്പോർട്ടുകൾ.

ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷനൽ തുടങ്ങിയ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ നടത്തിയ അന്വേഷണങ്ങളും ഇൗ സ്ഥിതിഗതികൾ സ്ഥിരീകരിക്കുന്നു. ഇത്തരമൊരു പൊലീസ് സ്റ്റേറ്റിനെപ്പറ്റി ആദ്യമായി പ്രതിപാദിച്ചതു ഏതാണ്ട് ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് ബ്രിട്ടീഷ് എഴുത്തുകാരൻ ജോർജ് ഒാർവലായിരുന്നു. 1949ൽ അദ്ദേഹം സങ്കൽപ്പത്തിൽ നിന്നെടുത്തെഴുതിയ 1984 എന്ന നോവലിൽ പറഞ്ഞ പല കാര്യങ്ങളും പിൽക്കാലത്തു കമ്യൂണിസ്റ്റ് സമഗ്രാധിപത്യ രാജ്യങ്ങളിൽ യാഥാർഥ്യമായി. 

ഇപ്പോൾ, സിൻജിയാങ്ങിൽ നടന്നുവരുന്നത്  അതിന്റെ പരിഷ്കൃതവും കൂടുതൽ ഭീകരവുമായ ആവർത്തനമാണെന്നാണ് അവിടെനിന്നുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്്. ഒാർവലിന്റെ സങ്കൽപ്പങ്ങൾക്കും എത്രയോ അതീതമായ വിധത്തിലാണ്  ചൈനീസ് അധികൃതർ ഉയിഗറുകളെ നിരീക്ഷിക്കുന്നതെന്നും വ്യക്തമാകുന്നു. അതിനുവേണ്ടി ചൈനീസ് ഭരണകൂടം അത്യാധുനിക സാങ്കതിക വിദ്യകൾ ഉപയോഗിക്കുന്നു.   

നിരീക്ഷണത്തിനു വേണ്ടി ഉപയോഗിക്കാനായി ഒാരോ ഉയിഗറും അവരുടെ ഡിഎൻഎ, ബയോമെട്രിക് സാംപിളുകൾ അധികൃതർക്കു നൽകാൻ നിർബന്ധിതരാണത്രേ. ഒാരോരുത്തരുടെയും സ്മാർട്ട് ഫോണുകളിലൂടെയും അവരുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. 

xinjiang

ഇതിനാവശ്യമായ സോഫ്റ്റ് വെയർ അവർതന്നെ സ്വയം ഡൗൺലോഡ് ചെയ്തിരിക്കണം. ഇല്ലെങ്കിൽ അറസ്റ്റിലാകും. അരലക്ഷം പേരടങ്ങിയ ആൾക്കൂട്ടത്തിൽനിന്ന്് ഏതൊരാളെയും തിരിച്ചറിയാൻ സഹായിക്കുന്ന സോഫ്റ്റ് വെയറും ഉണ്ടത്രേ.

പൊലീസ് നേരിട്ടു നടത്തുന്ന പരിശോധനകളും സാധാരണം. ഉയിഗറുകൾ ഇടപഴകുന്ന സ്ഥലങ്ങളിലെല്ലാം അതിനുവേണ്ടി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആളുകളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങുകയും അവർ ആരോടെല്ലാമാണ് സംസാരിച്ചതെന്നു കണ്ടുപിടിക്കാൻശ്രമിക്കുകയും ചെയ്യുന്നു. 

വംശീയ വിവേചന നിർമാർജനത്തിനുള്ള യുഎൻ സമിതി ഇക്കഴിഞ്ഞ ഒാഗസ്റ്റിൽ ജനീവയിൽ സമ്മേളിച്ചപ്പോൾ അതിന്റെ മുന്നിലുണ്ടായിരുന്ന മുഖ്യ ചർച്ചാവിഷയം സിൻജിയാങ്ങിലെ ഗുരുതരമായ സ്ഥിതിഗതികളായിരുന്നു.  പത്തുലക്ഷം പേരെ അവിടെ തടങ്ങലിൽ പാർപ്പിച്ചിരിക്കുന്നുവെന്ന റിപ്പോർട്ട് അമ്പരപ്പോടെയാണ്് സമിതി കേട്ടത്. 

ചൈന ഇതു നിഷേധിച്ചുവെങ്കിലും പുനർ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ടെന്നു പിന്നീടു സമ്മതിച്ചു. ഉയിഗറുകളുടെ സ്വത്വം പുർണമായി തുടച്ചുനീക്കി അവരെ ചൈനാവൽക്കരിക്കാനുള്ള ശ്രമമാണ് ഇൗ ക്യാമ്പുകളിൽനടക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. 

കുട്ടികൾക്കുവേണ്ടി പ്രത്യേക ക്യാംപുകളുണ്ട്. അതിനുവേണ്ടി കുട്ടികളെ അവരുടെ മാതാപിതാക്കളിൽനിന്ന് കൊത്തിയെടുക്കുകയാണത്രേ. ക്യാംപുകളിലലേക്കെന്നു പറഞ്ഞു പിടിച്ചുകൊണ്ടുപോയ പലരെയും പിന്നീടു കാണായതായും റിപ്പോർട്ടുകളുണ്ട്. സ്വന്തം പാരമ്പര്യവും സംസ്ക്കാരവും മതവിശ്വാസവും തള്ളിപ്പറയുക, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അപദാനങ്ങൾ വർണിക്കുക, പാർട്ടിയുടെ തലവനും രാജ്യത്തിന്റെ പ്രസിഡന്റുമായ ഷി ചിൻപിങ്ങിന്റെ മഹത്വം പാടിപ്പുകഴ്ത്തുക എന്നിവയാണത്രേ പുനർവിദ്യാഭാസം എന്ന പേരിൽ നടക്കുന്നത്. നിശ്ചിത സമയത്തിനകം ഇക്കാര്യത്തിൽ വേണ്ടത്ര പുരോഗതി കൈവരിക്കാത്തവർക്കു കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുന്നു. ഭക്ഷണം നൽകാതിരിക്കൽ മുതൽ കടുത്ത ശാരീരിക പീഢനങ്ങൾവരെ ശിക്ഷകളിൽ ഉൾപ്പെടുന്നു. 

ഇതെല്ലാം ചൈനീസ് ഗവൺമെന്റ് നിഷേധിക്കുകയാണ്. അതേസമയം, യഥാർഥ സ്ഥിതിഗതികൾ അറിയാനായി രാജ്യന്തര മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും സിൻജിയാങ്ങിലേക്കു കടക്കാൻ ചൈന അനുവദിക്കുന്നുമില്ല. എെക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ നേരിട്ടുള്ള അന്വേഷണം അനുവദിക്കണമെന്നു യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ മിഷേൽ ബാഷിലോട്ട് (മുൻ ചിലി പ്രസിഡന്റ്) നടത്തിയ അഭ്യർഥനപോലും ചൈന തള്ളിക്കളയുകയാണ് ചെയ്തത്. 

പടിഞ്ഞാറൻ മേഖലയിലെ തന്നെ ടിബറ്റിലെ ബുദ്ധമതക്കാരെപ്പോലെ സിൻജിയാങ്ങിലെ ഉയിഗർ മുസ്ലിംകളും ചൈനയിലെ ന്യൂനപക്ഷ വിഭാഗങ്ങളാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷം (92 ശതമാനം) വരുന്ന ഹാൻ  വിഭാഗക്കാരിൽനിന്നു പലവിധത്തിലും വ്യത്യസ്തരാണിവർ. തുർക്കി വംശജരെന്ന് അവകാശപ്പെടുന്ന ഉയിഗറുകളെ കാഴ്ചയിൽതന്നെ തിരിച്ചറിയാം. പരമ്പരാഗത വേഷം,  തുർക്കിഭാഷയോടു സാമ്യമുളള ഭാഷ, ഇസ്ലാം മതവിശ്വാസം, ഹലാൽ ഭക്ഷണത്തിലുള്ള നിഷ്ക്കർഷ എന്നിവയെല്ലാം അവരെ വേർതിരിക്കുന്നു. 

അയൽരാജ്യങ്ങളായ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മംഗോളിയ എന്നിവയിലെ ജനങ്ങളുമായാണ് അവർക്കു  സാംസ്ക്കാരികമായ അടുപ്പം. ഇന്ത്യ, പാക്കിസ്ഥാൻ എന്നിവയുമായും സിൻജിയാങ് അതിർത്തി പങ്കിടുന്നു. സിൻജിയാങ്ങിനെ ഉയിഗറുകൾ ചൈനയിൽനിന്നു വേർപെടുത്തി സ്വതന്ത്ര രാജ്യമാക്കാൻ ശ്രമിക്കുമെന്നതാണ് ബെയ്ജിങ്ങിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ  ഭയം. മുൻപ് കിഴക്കൻ തുർക്കമനിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ഇൗ പ്രദേശം പതിനെട്ടാം നൂറ്റാണ്ടിൽ ഷിൻ രാജവാഴ്ചക്കാലത്തു ചൈനയിൽ ലയിപ്പിക്കപ്പെടുകയായിരുന്നു. 

പിന്നീട് സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമം നടന്നുവെങ്കിലും 1949ൽ ചൈനയിൽ കമ്യൂണിസ്റ്റ് ഭരണം വന്നതോടെ അതെല്ലാം അസ്തമിച്ചു. എങ്കിലും ജനങ്ങളുടെ സാമൂഹിക-സാംസ്ക്കാരിക സവിശേഷതകൾ കാരണം ടിബറ്റിനെപ്പോലെ സിൻജിയാങ്ങും  സ്വയംഭരണ മേഖലകളായി പ്രഖ്യാപിക്കപ്പെട്ടു. സ്വയംഭരണം ഇപ്പോൾ കടലാസ്സിൽമാത്രമേ അവശേഷിക്കുന്നുള്ളൂവെന്നതും സിൻജിയാങ്ങിന്റെ പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു.     

സിൻജിയാങ്ങിലെ ഉയിഗർ മേധാവിത്തം അവസാനിപ്പിക്കാൻ ചൈനീസ് ഗവൺമെന്റ് കണ്ടെത്തിയ മാർഗമാണ് അവിടേക്കു ചൈനയുടെ ഇതര ഭാഗങ്ങളിൽനിന്നുള്ള ഹാൻ വിഭാഗക്കാരുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം. വീട്, പെൻഷൻ, വിദ്യാഭ്യാസ സൗകര്യങ്ങൾ, ചികിൽസാ സൗകര്യങ്ങൾ തുടങ്ങിയ ഒട്ടേറെ വാഗ്ദാനങ്ങൾ വച്ചുകാട്ടിയാണ് അവരെ ഗവൺമെന്റ് സിൻജിയാങ്ങിലേക്ക് ആകർഷിക്കുന്നത്. 1949ൽ 

സിൻജിയാങ്ങിലെ ഹാൻ വിഭാഗക്കാർ വെറും ആറു ശതമാനമായിരുന്നത് 2010ലെ കാനേഷുമാരി പ്രകാരം 40 ശതമാനമായി. ഇപ്പോൽ 58 ശതമാനമായതായി കണക്കാക്കപ്പെടുന്നു. അവരോടു സൗഹൃദപൂർവം പെരുമാറാനും വിവാഹ ബന്ധത്തിൽപോലും ഏർപ്പെടാനും ഉയിഗറുകളെ ഗവൺമെന്റ് പ്രോൽസാഹിപ്പിക്കുന്നു. പക്ഷേ, സിൻജിയാങ്ങിലെ ഹാൻ് കുടിയേറ്റം വർദ്ധിക്കുന്തോറും അതിനോടുള്ള ഉയിഗറുകളുടെ എതിർപ്പ് രൂക്ഷമാവുകയാണ് ചെയ്യുന്നത്. ഇതു പലതവണ അക്രമങ്ങൾക്കു കാരണമാവുകയുമുണ്ടായി. 

സിൻജിയാങ്ങിന്റെ തലസ്ഥാനമായ ഉറുംഖിയിൽ 2009ൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഏതാണ്ട് 200 പേരാണ് മരിച്ചത്-അധികവും ഹാൻ വിഭാഗക്കാർ. 2014ൽ പൊലീസ് സ്റ്റേഷനുകൾക്കും ഗവൺമെന്റ് ഒാഫീസുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ 96 പേർ മരിച്ചു. തൊട്ടടുത്ത വർഷമുണ്ടായ അക്രമസംഭവങ്ങളിൽ 50 പേർമരിച്ചു. 

ബെയ്ജിങ്ങിലെ ടിയനൻമെൻ സ്്ക്വയറിൽ 2013ൽ ജനക്കൂട്ടത്തിനിടയിലേക്കു കാർ പാഞ്ഞുകയറിയതിന്റെ ഫലമായി ആറുപേർ മരിക്കുകയുണ്ടായി. 2014ൽ തെക്കു പടിഞ്ഞാറൻ ചൈനയിലെ യുന്നാനിൽ ഒരു ട്രെയിനിനുനേരെയുണ്ടായ ആക്രമണത്തിൽ 33 പേർമരിച്ചു. സിൻജിയാങ്ങിനു പുറത്തും ഉയിഗറുകൾ കുഴപ്പമുണ്ടാക്കുകയാണെന്നതിന് ഉദാഹരണമായി ഇൗ സംഭവങ്ങൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ, ഇത്തരം അക്രമങ്ങൾക്ക് ഉത്തരവാദികൾ ഇസ്ലാമിക് സറ്റേറ്റ് (എെഎസ്) ഭീകരരാണെന്നും ഒരു സമൂഹമെന്ന നിലയിൽ ഉയിഗറുകൾക്ക്് അതിൽ പങ്കില്ലെന്നുമാണ് പൊതുവിലുളള അഭിപ്രായം. സിൻജിയാങ്ങിൽനിന്നുളള എെഎസ് ഭീകരർ സിറിയയിലും ഇറാഖിലും യുദ്ധങ്ങളിൽ പങ്കെടുത്തതായി നേരത്തെതന്നെ റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ 2001 സെപ്റ്റംബറിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് അൽഖായിദ ബന്ധത്തിന്റെ പേരിൽ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും അറസ്റ്റ് ചെയ്യപ്പെട്ടവരിലും സിൻജിയാങ്ങിലെ ഉയിഗറുകൾ ഉണ്ടായിരുന്നു.

സിൻജിയാങ്ങിനെ ചൈനയിൽനിന്നു വേർപെടുത്തി സ്വതന്ത്ര രാജ്യമാക്കാനുളള ശ്രമങ്ങൾ ഇപ്പോഴും നടന്നുവരികയാണെന്നും ഗവൺമെന്റ് കുറ്റപ്പെടുത്തുന്നു. പുനർ വിദ്യാഭ്യാസ ക്യാംപുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഇതിനെതിരായ മുൻകരുതൽ നടപടികൾ മാത്രമാണെന്നാണ് അവരുടെ ന്യായീകരണം. പക്ഷ, ചുരുക്കം ചിലർ നടത്തുന്ന അക്രമങ്ങൾക്കു സമൂഹത്തെ മൊത്തത്തിൽ ശിക്ഷിക്കുന്നത് ഉയിഗറുകൾക്കിടയിൽ തീവ്രവാദവും വിഘടനവാദവും വളർത്തുകയാണന്ന വിമർശനവും ഉയരുന്നുണ്ട്.

ചൈനുടെ ഏറ്റവും വലിയ മേഖലയാണ് 16 ലക്ഷം ചതുരശ്ര കിലാമീറ്ററിൽ  പരന്നുകിടക്കുന്ന സിൻജിയാങ്. അവിടെയുള്ള രണ്ടരക്കോടി കോടി ജനങ്ങളുടെ 45 ശതമാനമാണ് ഉയിഗറുകൾ. ചൈനയുടെ കൽക്കരി നിക്ഷേപത്തിന്റെയും എണ്ണ-പ്രകൃതി വാതക നിക്ഷേപത്തിന്റെയും വലിയൊരു ഭാഗവും സിൻജിയാങ്ങിലാണ്. 

ചൈന-പാക്കിസ്ഥാൻ സഹകരണത്തിന്റെ ദൃഢത വിളിച്ചോതുന്ന സാമ്പത്തിക ഇടനാഴി പദ്ധതിയിലും  സിൻജിയാങ് നിർണായക പങ്കു വഹിക്കുന്നു. റോഡുകൾ, റയിൽപ്പാതകൾ, എണ്ണ-പ്രകൃതി വാതക പൈപ് ലൈനുകൾ, വാർത്താ വിനിമയ ബന്ധങ്ങൾ എളുപ്പമാക്കുന്ന ഫൈബർ ഒാപ്റ്റിക് കേബിളുകൾ എന്നിവ അടങ്ങിയതാണിത്. 3000 കിലോ മീറ്റർ നീളത്തിലുള്ള ഇടനാഴിയുടെ ചെലവ് നാലു മൂതൽ എട്ടുവരെ ലക്ഷം കോടി ഡോളർ.  അറബിക്കടൽ തീരത്തെ പാക്ക് തുറമുഖമായ ഗ്വാദറിൽനിന്നു തുടങ്ങുന്ന ഇത് അവസാനിക്കുന്നതു സിൻജിയാങ്ങിലെ കാഷ്ഗറിൽ. 

തൊട്ടടുത്ത പ്രദേശമായിട്ടും സിൻജിയാങ്ങിലെ ഉയിഗർ മുസ്ലിംകൾ അനുഭവിച്ചുവരുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ പാക്കിസ്ഥാനെ അലട്ടുന്നില്ല. ചൈനയുടെ സമ്മർദ്ദവും സ്വാധീനവും അവരെ അതിന് അനുവദിക്കുന്നില്ല. അതേസമയം, മറ്റൊരു മുസ്ലിം രാജ്യമായ മലേഷ്യ ഇൗയിടെ സ്വീകരിച്ചതു തികച്ചും വ്യത്യസ്തമായ നിലപാടാണ്.

തായ്ൻഡിൽ അഭയം പ്രാപിച്ചിരുന്ന ചില ഉയിഗറുകൾ അവിടെ അറസ്റ്റിലാവുകയുണ്ടായി. പക്ഷേ, അവർ തടവുചാടി മലേഷ്യയിലെത്തി. അവിടെയും അവർ തടങ്കലിലായപ്പോൾ അവരെ നാട്ടിലേക്കു തിരിച്ചയക്കണമെന്ന ആവശ്യവുമായി ചൈന മലേഷ്യയെ സമീപിപ്പിച്ചു. പക്ഷേ, പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ പുതിയ മലേഷ്യൻ ഗവൺമെന്റ് വിസമ്മതിക്കുകയാണ് ചെയ്തത്. ഉയിഗറുകളെ മലേഷ്യ  തടങ്കലിൽനിന്നു വിട്ടയക്കുകയുംതുർക്കിയിലേക്കു പോകാൻ അനുവദിക്കുകയും ചെയ്തു.