Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജന്മനാട്ടിൽ രക്ഷയില്ലാത്തവർ

വിദേശരംഗം  / കെ. ഉബൈദുള്ള
honduras-migrant നിയമരാഹിത്യവും അരാജകത്വവും അതോടൊപ്പം ലഹരി മരുന്നു മാഫിയകളുടെയും ഗുണ്ടാ സംഘങ്ങളുടെയും വിളയാട്ടവും മധ്യ അമേരിക്കയിലെ ജനജീവിതം ദുസ്സഹമാക്കുന്നു. വർഷങ്ങളായി ലോകത്തിലെ ഏറ്റവും ഉയർന്ന നരഹത്യാ നിരക്ക് ഹോൻഡുറസിലാണ്. അവിടെ ജനങ്ങളിൽ മൂന്നിൽ രണ്ടും ദരിദ്രരാണെന്നാണ് കണക്ക്. ഇൗ സാഹചര്യത്തിലാണ് ഏതു വിധത്തിലെങ്കിലും അമേരിക്കയിൽ എത്തിച്ചേരാനുള്ള അവരുടെ വെപ്രാളം..

ജന്മനാടു വിട്ടുപോകാൻ ആരാണ് ആഗ്രഹിക്കുക? എന്നാൽ, ജീവിതം ദുസ്സഹമായിത്തീരുമ്പോൾ പലർക്കും മറ്റൊന്നും ആലോചിക്കാനാവുന്നില്ല. എങ്ങനെയെങ്കിലും എവിടേക്കെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്നു. അഭയാർഥി പ്രവാഹവും കൂട്ടത്തോടെയുള്ള അനധികൃത കുടിയേറ്റവും ഉണ്ടാകുന്നത് അങ്ങനെയാണ്. 

പശ്ചിമേഷ്യയിൽനിന്നും ഉത്തരാഫ്രിക്കയിൽനിന്നും യൂറോപ്പിലേക്കുളള അഭയാർഥി പ്രവാഹമാണ് കഴിഞ്ഞ ചില വർഷങ്ങളിൽ ലോകമനഃസാക്ഷിയെ കൊളുത്തിവലിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ, മറ്റൊരു മേഖലയിൽ നടന്നുവരുന്ന ഏതാണ്ടു സമാനമായ സംഭവങ്ങളും ലോകത്തെ പൊതുവിൽ അസ്വസ്ഥമാക്കുന്നു. 

മധ്യഅമേരിക്ക എന്നറിയപ്പെടുന്ന ഭൂവിഭാഗത്തിലെ ചില രാജ്യങ്ങളിൽ നടമാടുന്ന കടുത്ത ദാരിദ്ര്യത്തിലേക്കും അരാജകത്വത്തിലേക്കും ഇൗ സംഭവങ്ങൾ വിരൽചൂണ്ടുന്നു. മുഖ്യമായി ഹോണ്ടുറസ്, ഗ്വാട്ടിമാല, എൽസാൽവദോർ എന്നിവയാണ് ഇൗ രാജ്യങ്ങൾ. 

ഇക്കൂട്ടത്തിൽ ഏറ്റവും ദുസ്സഹമായ സാഹചര്യങ്ങൾ നിലനിൽക്കുകയാണ്് ഹോൻഡുറസിൽ. അവിടെനിന്ന് ആയിരക്കണക്കിനാളുകൾ-അധികവും സ്ത്രീകളും കുട്ടികളും-അയൽരാജ്യങ്ങളായ ഗ്വാട്ടിമാല, മെക്സിക്കോ എന്നിവവഴി അമേരിക്കയിലേക്കു കടക്കാൻ നടത്തുന്ന അതീവ ക്ളേശകരമായ ശ്രമവും അതിലവർ നേരിടുന്ന തടസ്സങ്ങളുമാണ് ഏറ്റവും പുതിയ സംഭവവികാസം. 

x-default

വാഹനങ്ങളിൽ മാത്രമല്ല, കാൽനടയായും ആളുകൾ കൂട്ടത്തോടെ അതിർത്തികളിലേക്കു നീങ്ങുകയാണ്. പലകുട്ടികളും തനിച്ചാണ്. മുതിർന്നവരാരും ഒപ്പമില്ല. ചുട്ടുപഴുത്ത വെയിലിലുള്ള തുടർച്ചയായ നടത്തം പലരെയും മൃതപ്രായരാക്കുന്നു. പക്ഷേ, യാത്ര അവസാനിപ്പിക്കാനോ തിരിച്ചുപോകാനോ അവർ തയാറില്ല. തിരിച്ചുപോകുന്നത് അവരെ സംബന്ധിച്ചിടത്തോളം മരണതുല്യമാണ്.

അമേരിക്ക, മധ്യ അമേരിക്ക എന്നീ പേരുകൾ ഒന്നിച്ചുകേൾക്കുമ്പോൾ ചിലർക്കെങ്കിലും ഭൂമിശാസ്ത്രപരമായ ആശയക്കുഴപ്പമുണ്ടാകാൻ ഇടയുണ്ട്. അമേരിക്കയെന്നു പരക്കേ വിളിക്കപ്പെടുന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് അഥവാ യുഎസ് വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ തെക്കൻ മേഖലയിൽ കിടക്കുന്ന സുപ്രധാന രാജ്യമാണ്. അതിന്റെ തെക്കു ഭാഗത്തുള്ള മെക്സിക്കോയെയും അതിനോടു ചേർന്നുകിടക്കുന്ന ഏഴു രാജ്യങ്ങളെയും ചേർത്താണ് മധ്യ അമേരിക്കയെന്നു പറയുന്നത്. കാരണം, തെക്കും വടക്കും അമേരിക്കൻ ഭൂഖണ്ഡങ്ങൾക്കു മധ്യേയാണ് ഇവയുടെ സ്ഥാനം. 

മെക്സിക്കോയുമായുള്ള അമേരിക്കയുടെ (യുഎസ്) അതിർത്തി 3000 കിലോമീറ്റർ നീണ്ടുകിടക്കുന്നു. അഭയാർഥികളും കുടിയേറ്റക്കാരും വർഷങ്ങളായി അമേരിക്കയിലേക്കു കടക്കുന്നത് ഇതിലൂടെയാണ്. മെക്സിക്കോയിൽ നിന്നുളളവർ മാത്രമല്ല, മറ്റു മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്നു മെക്സിക്കോയിൽ എത്തുന്നവരും ഇക്കൂട്ടത്തിൽപ്പെടുന്നു. ഹോൻഡുറസ്, ഗ്വാട്ടിമാല, എൽസാൽവദോർ എന്നിവിടങ്ങളിൽനിന്നായി 34 ലക്ഷംപേർ അമേരിക്കയിലുണ്ടെന്നും കണക്കാക്കപ്പെടുന്നു. 

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായി അതിർത്തിയിൽ മെക്സിക്കോ വേണ്ടത്ര ജാഗ്രത പുലർത്തില്ലെന്നതിൽ ക്ഷുഭിതനായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനാൽ മെക്സിക്കോ  അതിർത്തിയിൽ താൻ മതിൽ കെട്ടുമെന്നും അതിന്റെ ചെലവ് (ഏതാണ്ട് 25 ശതകോടി ഡോളർ) മെക്സിക്കോയിൽനിന്നു വസൂലാക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുകയുമുണ്ടായി. 

ഇപ്പോൾ, ഹോൻഡുറസിൽനിന്നുള്ള അഭയാർഥി പ്രവാഹം തടയാനുള്ള നടപടിയെന്ന നിലയിലും അദ്ദേഹം സമാനമായ ഭീഷണി മുഴക്കിയിരിക്കുകയാണ്.  ഹോൻഡുറസ്, ഗ്വാട്ടിമാല, എൽസാൽവദോർ, മെക്സിക്കോ എന്നിവയ്ക്കുള്ള ദശലക്ഷക്കണക്കിനു ഡോളറിന്റെ യുഎസ് സാമ്പത്തിക സഹായം ഉടൻ നിർത്തുമെന്നാണ് ഭീഷണി. മെക്സിക്കോ അതിർത്തികടന്നു അമേരിക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവരെ തടയാൻ പട്ടാളത്തെ അയക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

യുഎസ് സാമ്പത്തിക സഹായം കിട്ടാതായാൽ ഹോൻഡുറസ്, ഗ്വാട്ടിമാല, എൽസാൽവേദോർ എന്നീ രാജ്യങ്ങളിലെ ജീവിത സാഹചര്യങ്ങൾ കൂടുതൽ ദുസ്സഹമാവുകയാണ് ചെയ്യുക. അതോടെ അവിടങ്ങളിലെ ജനങ്ങൾ രക്ഷതേടി മറ്റെവിടേക്കെങ്കിലും, മുഖ്യമായും അമേരിക്കയിലേക്കുതന്നെ ഒാടിപ്പോകാനുളള ശ്രമങ്ങൾ വർധിക്കുകയും ചെയ്യാനിടയുണ്ട്. ട്രംപിന്റെ നയം അങ്ങനെ വിപരീത ഫലമാണുണ്ടാക്കുകയെന്നും പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

അഭയാർഥികളുടെയും നിയമവിരുദ്ധ കുടിയേറ്റക്കാരുടെയും സങ്കേതമായി അമേരിക്ക മാറിക്കൊണ്ടിരിക്കുകയാണെന്നും    അതനുവദിക്കില്ലെന്നുമുള്ളതാണ് നേരത്തെതന്നെയുളള ട്രംപിന്റെ നിലപാട്.  അനിയന്ത്രിതമായ കുടിയേറ്റവും അഭയാർഥി പ്രവാഹവും അമേരിക്കക്കാർക്കു തൊഴിൽ നഷ്ടമുണ്ടാക്കുന്നു, കുറ്റകൃത്യങ്ങൾ വർധിക്കാൻ ഇടയാക്കുന്നു, സാംസ്ക്കാരികമായ അപചയമുണ്ടാക്കുന്നു എന്നിങ്ങനെ അദ്ദേഹം 2016ല പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തുതന്നെ വാദിച്ചുകൊണ്ടുമിരുന്നു. മെക്സിക്കോ അതിർത്തി കടന്നെത്തുന്ന അനധികത കുടിയേറ്റക്കാരെ അദ്ദേഹം മൊത്തത്തിൽ ബലാൽസംഗക്കാരും ലഹരിമരുന്നു കള്ളക്കടത്തുകാരുമായി മുദ്രകുത്തുകയുമുണ്ടായി.

അതിന്റെ തുടർച്ചയായിരുന്നു നിയമവിരുദ്ധ കുടിയേറ്റം തടയാനെന്നപേരിൽ ഇൗ വർഷം ഏപ്രിലിൽ അമേരിക്ക പ്രഖ്യാപിച്ച സീറോ ടോളറൻസ് പോളിസി അഥവാ വിട്ടുവീഴ്ചയില്ലാ നയം. അതിനുശേഷമുള്ള ഏതാനും ആഴ്ചകൾക്കകം  2206 പേർ അറസ്റ്റിലായി. അവരുടെ മക്കൾ (2342 പേർ) വേർപെടുത്തപ്പെടുകയും തടങ്കൽ ക്യാംപുകളിലാവുകയും ചെയ്തു. 

ഇവരിൽ അധികേപേരും മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറസ് എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.  കുട്ടികൾ വേർപെട്ടുപോകുമെന്ന ഭയം നിമിത്തം ആളുകൾ അനധികൃത കുടിയേറ്റത്തിൽനിന്നു പിന്തിരിയുമെന്ന കണക്കുകൂട്ടലായിരുന്നു ഇൗ നടപടിയുടെ പിന്നിൽ. 

കുട്ടികളുടെ കൂട്ടത്തിൽ  രണ്ടും മൂന്നും മാത്രം വയസ്സു പ്രായമുള്ളവരും ഉണ്ടായിരുന്നു. എല്ലാവരെയും പാർപ്പിച്ചിരുന്നത് ഇരുമ്പുകൂടുകൾ പോലുള്ള തടങ്കൽ ക്യാംപുകളിലും.  അമേരിക്കയ്ക്കകത്തും പുറത്തും ഇതിനെതിരെ രൂക്ഷമായ വിമർശനമാണുണ്ടായത്. ഏതാനും ആഴ്ചകൾ അതിനെതിരെ ചെറുത്തുനിന്ന ട്രംപ് ഒടുവിൽ പെട്ടെന്നു ചുവടു മാറ്റാൻ നിർബന്ധിതനായി. 

നിയമവിരുദ്ധ കുടിയേറ്റത്തിന് അറസ്റ്റ്ചെയ്യപ്പെട്ടവരിൽനിന്ന് അവരുടെ മക്കളെ വേർപെടുത്തി തടങ്കൽ ക്യാംപുകളിൽ പാർപ്പിക്കുന്നത് അദ്ദേഹം നിർത്തി. എങ്കിലും മെക്സിക്കോ അതിർത്തിയിൽനിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരായ നിലപാടിൽ ഒരയവും വരുത്തിയില്ല.

പശ്ചിമേഷ്യയിൽനിന്നും ഉത്തരാഫ്രിക്കയിൽനിന്നും യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹത്തിനു കാരണം ആഭ്യന്തര യുദ്ധവും അതിനു സമാനമായ സ്ഥിതിഗതികളുമാണ്. എന്നാൽ മധ്യ അമേരിക്കയിൽ എവിടെയും ആഭ്യന്തരയുദ്ധം നടക്കുന്നില്ല. അതേസമയം, ഹോൻഡുറസിലും ഗ്വാട്ടിമാലയിലും എൽസാൽവദോറിലും ഭരണകൂടങ്ങൾ ദുർബലമാണ്.

നിയമരാഹിത്യവും അരാജകത്വവും അതോടൊപ്പം ലഹരി മരുന്നു മാഫികയകളുടെയും ഗുണ്ടാസംഘങ്ങളുടെയും വിളയാട്ടവുമാണ് സർവത്ര. വർഷങ്ങളായി ലോകത്തിലെ ഏറ്റവും ഉയർന്ന നരഹത്യാ  നിരക്ക് ഹോൻഡുറസിലാണ്. ഇതിനെല്ലാം പുറമെ ദാരിദ്രവും അഴിമതിയും കൊടികുത്തി വാഴുകയും ചെയ്യുന്നു. ഹോൻഡുറസിലെ ജനങ്ങളിൽ മൂന്നിൽ രണ്ടും ദരിദ്രരാണെന്നാണ് കണക്ക്. പരമ ദയനീയമായ ഇൗ സാഹചര്യത്തിലാണ് ഏതു വിധത്തിലെങ്കിലും അമേരിക്കയിൽ എത്തിച്ചേരാനുള്ള ജനങ്ങളുടെ വെപ്രാളം.   

Donald Trump

മധ്യ അമേരിക്കയിൽനിന്നുള്ള അഭയാർഥി പ്രവാഹവും നിയമവിരുദ്ധ കുടിയേറ്റ ശ്രമവും പെട്ടെന്നു വർധിച്ചതിനു പിന്നിൽ ഒരു രാഷ്ട്രീയ ഗൂഡാലോചനയും പ്രസിഡന്റ് ട്രംപ് കാണുന്നു. ഡമോക്രാറ്റിക് പാർട്ടിക്കാർ തനിക്കു പ്രയാസങ്ങളുണ്ടാക്കാനായി പണം നൽകി ആളുകളെ ഇളക്കിവിടുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 

നവംബർ ആറിനു നടക്കുന്ന കോൺഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും തന്റെ റിപ്പബ്ളിക്കൻ പാർട്ടിയെ തോൽപ്പിക്കാനാണ് അവർ ഇൗ തന്ത്രം പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഏതായാലും, തിരഞ്ഞെടുപ്പിനു വീറും വാശിയും കൂടാൻ ഇപ്പോൾ ഇതും ഒരു കാരണമായി.