Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാമൂഴവും തേടി ഹസീന

 വിദേശരംഗം  / കെ. ഉബൈദുള്ള
election-in-bangladesh-elections-sheikh-hasina (ഒട്ടേറെ നേട്ടങ്ങളുടെ പട്ടികയുമാണ് ഷെയ്ക്ക് ഹസീന ഇത്തവണ ബംഗ്ളദേശ് വോട്ടർമാരെ സമീപിക്കുന്നത്. പക്ഷേ, അവരുടെ ഭരണത്തിൽ ജനാധിപത്യവുംപൗരസ്വാതന്ത്ര്യവും അപകടത്തിലാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു)

ബംഗ്ളദേശിൽ നാലാം തവണയും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് ഷെയ്ക്ക് ഹസീന വാജിദ്. ഇത്തവണയും അവർജയിക്കുകയാണെങ്കിൽ തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ബംഗ്ളദേശ് നേതാവായും അവർ എണ്ണപ്പെടും. ഇൗ മാസം 30നു നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമിലീഗും സഖ്യകക്ഷികളുംകൂടി എളുപ്പത്തിൽ വൻവിജയം ആവർത്തിക്കുമെന്ന കാര്യത്തിൽ അധികമാർക്കും സംശയമുണ്ടായിരുന്നില്ല. പ്രതിപക്ഷം അത്രയും ദുർബലമായിരുന്നു. എന്നാൽ, അടുത്തിടെ പെട്ടെന്നു പ്രതിപക്ഷത്തുണ്ടായ ഉണർവും ചലനങ്ങളും ഇൗ തിരഞ്ഞെടുപ്പിനെ വീറും വാശിയുമേറിയ പോരാട്ടമായി മാറ്റിയിരിക്കുന്നു. 

പ്രതിപക്ഷത്തെ നയിക്കാൻ മുൻപ്രധാനമന്ത്രി ഖാലിദ സിയ രംഗത്തില്ല. ജയിലിലാണ്. എങ്കിലും, അവരുടെ ബംഗ്ളദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ഇത്തവണ ഹസീനയ്ക്കെതിരെ ശക്തമായ വെല്ലുവിളി ഉയർത്തുകയാണ്. കഴിഞ്ഞ (2014ലെ) തിരഞ്ഞെടുപ്പിലെ സ്ഥിതി ഇതായിരുന്നില്ല. ബിഎൻപിയും സഖ്യകക്ഷികളും  ആ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുകയായിരുന്നു.അതിനാൽ, പാർലമെന്റിലെ മൊത്തം 300 സീറ്റുകളിൽ ഏതാണ്ടു പകുതി എണ്ണത്തിൽ മാത്രമാണ് മൽസരമുണ്ടായത്. ബാക്കിയായ എല്ലാ സീറ്റുകളിലും അവാമി ലീഗിന്റെയും സഖ്യകക്ഷികളുടെയും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അവാമി ലീഗ് തനിച്ചുതന്നെ പാർലമെന്റിൽ  മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടുകയും ചെയ്തു. 

പക്ഷേ, പോളിങ് ബൂത്തുകളിൽ എത്തിയതു വോട്ടർമാരുടെ വെറും 51 ശതമാനമാണ്. അതിനു മുൻപത്തെ (2008) തിരഞ്ഞെടുപ്പിൽ 85 ശതമാനമായിരുന്നു. പോളിങ് ദിനത്തിലും അതിനുമുൻപുള്ള ദിവസങ്ങളിലുമായി വ്യാപകമായ അക്രമങ്ങൾ നടക്കുകയും നൂറിലേറെപേർ കൊല്ലപ്പെടുകയുംചെയ്തു. ഇൗ പശ്ചാത്തലത്തിലും പുതിയ തിരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.

എടുത്തുകാണിക്കാൻ പറ്റുന്ന ഒട്ടേറെ നേട്ടങ്ങളുടെ പട്ടികയുമായാണ് ഹസീന ഇത്തവണ വോട്ടർമാരെ സമീപിക്കുന്നത്. ലോകത്തിലെ പരമദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ബംഗ്ളദേശില്ല. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് 7.86 ശതമാനമായി. കയറ്റുമതിയും വിദേശ നിക്ഷേപവും വർധിച്ചു.സാക്ഷരതയിലും ബംഗ്ളദേശ് ഏറെ മുന്നേറി. പുരുഷന്മാർക്കിടയിലെ സാക്ഷരത 91 ശതമാനമാണെങ്കിൽ സ്ത്രീകൾക്കിടയിൽ 94 ശതമാനം. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ രംഗങ്ങളിലും പ്രശംസനീയമായ പുരോഗതിയുണ്ടായി. ഇതെല്ലാം സവിശേഷ സാമൂഹിക മുന്നേറ്റത്തിന്റെ അടയാളമായി വാഴ്ത്തപ്പെടുന്നു. 

ജനങ്ങളുടെ ആയുർദൈർഘ്യം വർധിക്കുകയും ശിശുമരണനിരക്കു കുറയുകയും ചെയ്തു. മാനുഷിക വികസന സൂചികയുംഉയർന്നു. സാമ്പത്തിക-സാമൂഹിക രംഗങ്ങളിൽ ഇത്രയും ചുരുങ്ങിയ കാലംകൊണ്ട് ഇത്രയേറെ മുന്നോട്ടുപോയ രാജ്യങ്ങൾ വേറെ അധികമില്ലെന്നു ഹസീന അവകാശപ്പെടുന്നു.

Narendra-Modi-Sheikh-Hasina

അയൽരാജ്യമായ ഇന്ത്യയുമായുള്ള ബന്ധം വളരെയേറെ മെച്ചപ്പെട്ടതും ഹസീനയുടെ ഭരണത്തിലാണ്. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികൾക്കു മുൻപത്തെപ്പോലെ ഇപ്പോൾ ബംഗ്ളദേശിൽ അഭയമോ താവളമോ ലഭിക്കുന്നില്ല. രാജ്യത്തിനകത്തെ ഭീകര പ്രവർത്തനങ്ങൾക്കുംഗണ്യമായ തോതിൽ ശമനമായി. ഭീകരത എത്രമാത്രം വളർന്നുകഴിഞ്ഞിരുന്നുവെന്നതിന്  ഉദാഹരണമായിരുന്നു 2004ൽ ഹസീനയ്ക്കെതിരെ നടന്ന വധശ്രമം. അവർ പ്രസംഗിക്കുകയായിരുന്ന പൊതുയോഗത്തിൽ ബോംബാക്രമണമുണ്ടായി. ഹസീന രക്ഷപ്പെട്ടുവെങ്കിലും മറ്റ് ഒട്ടേറെ പേർ മരിച്ചു. 

ചൈനയുമായും ബംഗ്ളദേശ് സൗഹൃദം പുലർത്തിവരുന്നു. ഏഷ്യയെയും ആഫ്രിക്കയെയും യൂറോപ്പിനെയും കൂട്ടിയിണക്കുന്ന ചൈനയുടെ "ഒരു മേഖല, ഒരു പാത' എന്നു പേരായ ബൃഹദ് പദ്ധതിയിൽ പാക്കിസ്ഥാനെപ്പോലെ ബംഗ്ളദേശും ചേർന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ചൈനീസ് സഹായത്തോടെ ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടന്നുവരുന്നു. മറ്റൊരു അയൽരാജ്യമായ മ്യാൻമറിൽനിന്നുള്ള പുറത്താക്കപ്പെട്ട പത്തു ലക്ഷം റോഹിൻഗ്യകൾക്ക്് അഭയം  നൽകേണ്ടിവന്നതാണ് അടുത്ത കാലത്തു ബംഗ്ളദേശിനെ ഞെരുക്കത്തിലാക്കിയ ഒരു പ്രശ്നം. എങ്കിലും ഹസീന  ഇൗ പ്രശ്നം കൈകാര്യംചെയ്ത രീതി അവർക്കു രാജ്യാന്തര സമൂഹത്തിന്റെ പ്രശംസ നേടിക്കൊടുത്തു.  

ഇതേസമയം, ഹസീനയുടെ ഭരണത്തിൽ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും അപകടത്തിലായിരിക്കുകയാണെന്ന വിമർശനവും ശക്തിപ്പെട്ടുവരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ അവർ ഒന്നൊന്നായി അടിച്ചമർത്തുകയാണെന്നാണ് ആരോപണം. സാധാരണ രീതിയിലുള്ള വിമർശനങ്ങളുടെ നേർക്കുപോലും അസഹിഷ്ണുത പുലർത്തുകയാണെന്ന ആക്ഷേപവുമുണ്ട്.  തങ്ങളുടെ നേതാക്കളെ കേസുകളിൽ കുടുക്കി ഒതുക്കാൻ ശ്രമിക്കുന്നു,  കോടതികളും തിരഞ്ഞെടുപ്പ് കമ്മിഷനും പോലുള്ള ജനാധിപത്യ സ്ഥാപനങ്ങളെ സ്വന്തം ആജ്ഞാനുവർത്തികളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു-ഇങ്ങനെയുള്ള ആരോപണങ്ങളും ഹസീനയ്ക്കെതിരെ  പ്രതിപക്ഷം ഉന്നയിക്കുന്നു. 

ഇൗ സാഹചര്യത്തിൽ ഇത്തവണയും തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനാണ് ബിഎൻപി ആദ്യം ആലോചിച്ചിരുന്നതത്രേ. അവരുടെ  നേതാവായ ഖാലിദ സിയ എഴുപത്തിരണ്ടാം വയസ്സിൽ രണ്ട് അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടു 17 വർഷത്തേക്കാണ് ജയിലിൽ കഴിയുന്നത്. അതിനാൽ അവർ പാർലമെന്റ് അംഗത്വത്തിന് അയോഗ്യയാണെന്നും തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ലെന്നും ഇലക്ഷൻ കമ്മിഷൻ വിധിക്കുകയുംചെയ്തു.   

അവരുടെ ഒഴിവിൽ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കേണ്ടിയിരുന്ന മൂത്ത മകൻ താരീഖ് റഹ്മാനും അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടു. പക്ഷേ, പിടികൊടുക്കാതെ ലണ്ടനിൽ അഭയംപ്രാപിച്ചിരിക്കുന്നു.  ഇൗ കാരണങ്ങളാലും തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ആലോചിച്ച ബിഎൻപിക്കു പക്ഷേ, അതിൽനിന്നു പിന്തിരിയേണ്ടിവന്നു. കാരണം, തുടർച്ചയായി രണ്ടു തവണ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് അംഗീകാരം നഷ്ടപ്പെടും.  

ഷെയ്ഖ് ഹസീന

ബിഎൻപിയുടെ സഖ്യകക്ഷിയും ഭരണത്തിൽ അവരുടെ പങ്കാളിയുമായിരുന്ന ജമാഅത്തെ ഇസ്ലാമിക്കും ഗൂരുതരമായ പ്രതിസന്ധിയെയാണ് നേരിടേണ്ടിവന്നത്്.  നാലരപ്പതിറ്റാണ്ടുമുൻപ് നടന്ന ബംഗ്ളദേശ് വിമോചന സമരത്തിനു ജമാഅത്ത് എതിരായിരുന്നു. സമരം പരാജയപ്പെടുത്താൻ അവർ പാക്കിസ്ഥാന്റെ പക്ഷത്തു ചേർന്നു. അവരിൽ ചിലർ കൊടിയ അക്രമങ്ങൾ അഴിച്ചുവിട്ടതായും പരാതിയുണ്ടായിരുന്നു.  അവർക്കെതിരായ കേസുകൾ വിചാരണ ചെയ്യാൻ ഹസീന പ്രത്യേക ടൈ്രബ്യൂണലുകൾ ഏർപ്പെടുത്തി. ജമാഅത്തിന്റെ ഒട്ടേറെ പ്രമുഖ നേതാക്കൾ വധശിക്ഷയ്ക്കും ജീവപര്യന്തം തടവിനും വിധിക്കപ്പെട്ടു. പലരുടെയും വധശിക്ഷകൾ നടപ്പായി. ജമാഅത്തെ ഇസ്ലാമിക്ക് അയോഗ്യത കൽപ്പിക്കപ്പെടുകയും ചെയ്തു. 

ജമാഅത്തുകാർ ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതു ബിഎൻപി ടിക്കറ്റിലാണ്. ബിഎൻപിയുടെ നേതൃത്വത്തിൽ ജാതിയ ഒാകിയ ഫ്രണ്ട് എന്ന പേരിൽ 18 കക്ഷികൾ അടങ്ങിയ ഒരു സഖ്യവും രൂപംകൊണ്ടു. മുൻപ് അവാമി ലീഗിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്ന ഡോ. കമാൽ ഹുസൈനും അവരോടോപ്പം ചേർന്നതു ഹസീനയെ വിഷമത്തിലാക്കുന്നു. 

ഹസീനയുടെ പിതാവും ബംഗ്ളദേശ് വിമോചന സമരനായകനുമായ ഷെ്ക്ക് മുജീബുർ റഹ്മാന്റെ സഹപ്രവർത്തകനും അദ്ദേഹത്തിന്റെ കീഴിൽ വിദേശമന്ത്രിയും നിയമന്ത്രിയുമായിരുന്നു കമാൽ ഹുസൈൻ. ആദര സൂചകമായി ഹസീന അദ്ദേഹത്തെകാക (അമ്മാവൻ) എന്നാണ്രേത വിളിച്ചിരുന്നത്. ഹസീനയുടെ ഭരണം സ്വേഛാധിപത്യപരമാണെന്ന് അദ്ദേഹവും കുറ്റപ്പെടുത്തുന്നു. ഹസീന ഉയർത്തിക്കാട്ടുന്ന വികസന നേട്ടങ്ങൾ ഒരു ഭാഗത്ത്. അവർക്കെതിരായ ആരോപണങ്ങൾ മറുഭാഗത്ത്. ഇവയ്ക്കിടയിൽ നിന്നുകൊണ്ടുള്ള ജനങ്ങളുടെ വിധിയെഴുത്താണ് നടക്കാൻ പോകുന്നത്.