ആ വാർത്ത ശരിയല്ല!! ഞങ്ങളുടെ എൻഗേജ്മെന്റ് വിഡിയോ ലൈവായി കാണിച്ചത് അത് ബോധ്യപ്പെടുത്താൻ!

ശാലു കുര്യന്‍ വരൻ മെൽവിൻ ഫിലിപ്

സീരിയൽ രംഗത്തെ ഇഷ്‍ട താരങ്ങൾക്കെല്ലാം ഇത് കല്യാണക്കാലമാണോ? ഡിംപിൾ റോസിന്റെയും മേഘ്നയുടെയും വിവാഹത്തിനു തൊട്ടുപിന്നാലെ ഇതാ, ഷാലു കുര്യനും മംഗല്യമാല്യം ചാർത്തുന്നു. വരൻ പത്തനംതിട്ട റാന്നി സ്വദേശി മെൽവിൻ ഫിലിപ്. മുംൈബയിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പിന്റെയും റേച്ചലിന്റെയും  മൂത്ത മകൻ. കൊച്ചിയിലെ പ്രമുഖ ഹേട്ടലിൽ പിആർ മാനേജരാണു മെൽവിൻ. റാന്നി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഒാർത്തഡോക്സ് പള്ളിയിൽ മെയ് ഏഴിനു വിവാഹം. 

ഇതു പലരും കരുതുന്നപോലെ പ്രണയവിവാഹമൊന്നുമല്ല. വീട്ടുകാർ ആലോചിച്ചുറപ്പിച്ച കല്യാണമാണ്. അതേക്കുറിച്ച് ഷാലുവിനു പറയാനുള്ളത്:  ‘‘മലയാള മനോരമയുടെ എം ഫോർ മാരിയലിൽ പേര് റജിസ്‌റ്റർ ചെയ്തിരുന്നു. അങ്ങനെ വന്ന ആലോചനയാണിത്. പെണ്ണു കാണാൻ വന്നപ്പോഴാണ് ഞാനാദ്യമായി മെൽവിനെ കാണുന്നത്. കണ്ടു, ഇഷ്ടപ്പെട്ടു. മനോരമയോടാണ് എനിക്കു നന്ദി പറയാനുള്ളത് – ഒരു നല്ല പാർട്ണറെയും കുടുംബത്തേയും നേടിത്തന്നതിന്. ’’

ഇതിനിടയിൽ മുംൈബയിലെ ഒരു ബിസിനസ്സുകാരനുമായി ഷാലു കുര്യന്റെ രഹസ്യവിവാഹം നടന്നുവെന്ന് വാർത്ത പരന്നിരുന്നു. ഷാലുവിന്റെ ഫ്രണ്ട്സെല്ലാം വിളിയോടു വിളി.

‘‘ആ വാർത്ത ശരിയല്ലെന്നു ബോധ്യപ്പെടുത്താൻ എൻഗേജ്മെന്റ് ദിവസം ഫെയ്സ്ബുക്കിൽ എന്റെയും മെൽവിന്റെയും ഒന്നിച്ചുള്ള വിഡിയോ ലൈവായി കാണിച്ചു. മെൽവിൻ ഒരു ബിസിനസ്സുകാരനല്ലെന്നും ഞങ്ങൾ രഹസ്യമായി വിവാഹം കഴിച്ചി‌ട്ടില്ലെന്നും വ്യക്തമാക്കി. ആദ്യമായാണ് ഞങ്ങൾ ഒന്നിച്ചുള്ള വിഡിയോ ലൈവായി വരുന്നത്. ’’

​എൻഗേജ്മെന്റ് ദിനത്തിൽ ശാലു കുര്യന്‍

സീരിയലുകൾ വല്ലപ്പോഴും കാണുമെന്നല്ലാതെ അതിന്റെ അഡിക്ടൊന്നുമല്ല മെൽവിൻ. എന്നാൽ എല്ലാ ഭാഷകളിലുമുള്ള സിനിമകൾ കാണും. ആക്ടിങ്ങിനോട് ചെറുപ്പംമുതലേ താൽപര്യമുള്ള ആളാണ്. മെൽവിന്റെ ബന്ധുക്കൾ ഷാലുവിന്റെ സീരിയലുകൾ കാണാറുണ്ട്. വില്ലത്തിയാണെങ്കിലും ‘ചന്ദനമഴ’യിലെ വർഷയെ അവരും ഇഷ്ടപ്പെടുന്നു. ‘ചന്ദനമഴ’യിലെ അഭിനയത്തിനു 2014 ലെ ഏഷ്യാനെറ്റ് സ്പെഷ്യൽ ജൂറി അവാർഡ് ഷാലു കുര്യനായിരുന്നു. 

മഴവിൽ മനോരമയിൽ ജി. ആർ. കൃഷ്ണൻ സംവിധാനം ചെയ്ത ‘സരയൂ’വിലെ രജനി ഷാലുവിന്റെ അഭിനയമികവിനെ പ്രകീർത്തിച്ച കഥാപാത്രമായിരുന്നു. ‘കുടുംബപ്പൊലിസ്’ എന്ന കോമഡി സീരിയലിൽ ആലീസ് എന്ന പൊലീസ് ഒാഫിസറായി ഷാലു കുര്യൻ പ്രേക്ഷകലക്ഷങ്ങളുടെ കയ്യടി നേടി. തമിഴകത്തെ കുടുംബസദസ്സുകളിലും ഷാലു അറിയപ്പെടുന്ന താരമാണ്. തെൻട്രൽ, അഴകി എന്ന സീരിയലുകളിലൂടെ ഈ മലയാളി പെൺകുട്ടി തമിഴ്നാടിന്റെ മനംകവർന്നു. ഏഴു സിനിമകളിലും ഷാലു വ്യത്യസ്ത കഥാപാത്രങ്ങളായി പ്രേക്ഷകരെ കയ്യിലെടുത്തു.

ശാലു കുര്യൻ

കോട്ടയം വണ്ടാനത്തുവയലിൽ കുര്യൻ വി. ജേക്കബിന്റെയം അധ്യാപിക ജയ് കുര്യന്റെയും മകളാണ് ഈ കലാകാരി. കോട്ടയം പാമ്പാടി ബിഎംഎം ഇംഗ്ലിഷ് മീഡിയം സ്കൂളിലായിരുന്നു ആറു വരെയുള്ള പഠനം. ഏഴാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ പഠിച്ചത് വാഴൂർ സെന്റ് പോൾസ് ഹൈസ്കൂളിൽ. ഈ സമയത്ത് ഷാലു കലാമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഹയർ സെക്കണ്ടറി എംഡിയിലും ഡിഗ്രി ബസേലിയോസ് കോളജിലുമായിരുന്നു. 

‘ചന്ദനമഴ’യിൽ വർഷയായും ‘കായംകുളം കൊച്ചുണ്ണിയുടെ മകനി’ൽ  നസീമയായും തകർപ്പൻ അഭിനയം കാഴ്ചവയ്ക്കുന്നതിനിയിലാണ് ഷാലുവിനു കല്യാണത്തിനു കാഹളം മുഴങ്ങിയത്. ഏതായാലും സീരിയലുകളിൽനിന്നു ഇടയ്ക്ക് വിട്ടുപോരാൻ ഷാലു കുര്യൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ കല്യാണം കഴിയുന്നതുവരെ ഒരു ചെറിയ ബ്രേക്ക്...‘ദാ പോയി.... ദേ വന്നു...’

ശാലു കുര്യൻ

ജീവിതവീക്ഷണത്തിൽ ചില കാര്യങ്ങളിലെങ്കിലും ഏറെ സമാനതകളുള്ള വ്യക്തികളാണു മെൽവിനും ഷാലുവും. അതിലൊന്ന് സാമ്പത്തിക അച്ചടക്കമാണ്. അനാവശ്യമായി പണം ചിലവഴിക്കുന്നതിനോടു ഇരുവർക്കും യോജിപ്പില്ല. ഒരു പരിധിക്കപ്പുറത്തേക്കുള്ള ആർഭാടങ്ങളിലും താൽപര്യമില്ല. ‘എന്നുവച്ച് ഞങ്ങൾ പിശുക്കനും പിശുക്കത്തിയുമൊന്നുമല്ലേ.... ’ എന്നു പറയാൻ പറഞ്ഞു കല്യാണപ്പെണ്ണ് ഷാലു കുര്യൻ.