'കത്രീന സുന്ദരിയാണ്, പക്ഷേ...', വൈറലായി ഫേസ്ബുക് പോസ്റ്റ്, പുലിവാലു പിടിച്ച് നടി!

ഡയാൻഡ്ര സോഴ്സ്, കത്രീന കൈഫ്

ബോളിവു‍ഡില്‍ താരങ്ങൾക്കിടയിലെ വഴക്കുകൾ അത്ര പുത്തരിയൊന്നുമല്ല. വർഷങ്ങളോളം പഴക്കമുള്ള സൗഹൃദങ്ങൾ പോലും ബ്രേക്അപ് ആയ കഥകൾ നാം ധാരാളം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കളല്ലാത്ത രണ്ടു നടിമാർക്കിടയിലെ പ്രശ്നമാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. മോഡലും നടിയുമായ ഡയാൻഡ്രാ സോഴ്സും കത്രീന കൈഫും ആണത്. സംഗതി മറ്റൊന്നുമല്ല വളരെ ഗൗരവതരമായ ഒരു സന്ദേശം അറിയിക്കാനായി സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ‌െഴുതിയപ്പോൾ ഡയാൻഡ്ര പോസ്റ്റു ചെയ്ത ചിത്രം കത്രീനയുടേതായിരുന്നു. ഇതോടെ കത്രീനയ്ക്കെതിരെയാണ് ഡയാൻഡ്രയുടെ പോസ്റ്റ് എന്നു പരക്കുകയായിരുന്നു. പ്രായം കുറച്ചു തോന്നിക്കാനായി സ്ത്രീകൾ പരിശ്രമിക്കേണ്ടതില്ലെന്നും അവനവനായി ഇരിക്കുന്നതിലാണ് സൗന്ദര്യമെന്നും പറഞ്ഞുള്ള പോസ്റ്റാണ് പ്രശ്നത്തിനെല്ലാം തുടക്കം കുറിച്ചത്. 

''പ്രിയസ്ത്രീകളെ,

നിങ്ങളുടെ പ്രായത്തിൽ അഭിമാനം കൊള്ളുന്നവരാകൂ, നിങ്ങളുടെ ജീവിത പരിചയത്തിലും സ്വാഭാവിക സൗന്ദര്യത്തിലും അഭിമാനം കൊള്ളൂ, നിങ്ങളെപ്പോലെ മറ്റാരുമില്ല. സമൂഹമാധ്യമവും ജനങ്ങളും മാഗസിനുകളും നൽകുന്ന തെറ്റായ സൗന്ദര്യ സങ്കൽപങ്ങളെക്കൊണ്ടല്ല സ്നേഹം കൊണ്ടു മനസും ശരീവും നിറയ്ക്കൂ.  സ്വാഭാവികമായുള്ളതിനെ നശിപ്പുകയാണു പലരും ചെയ്യുന്നത്. പൂർണമായും സുന്ദരമായ മുഖത്തെയും ശരീരത്തെയും അക്ഷരാർഥത്തിൽ വൃത്തികേടാക്കുന്നു. 

ഇതൊരിക്കലും കത്രീനയ്ക്കെതിരെയുള്ള പോസ്റ്റ് അല്ല. എനിക്കവരെ അറിയാം, കത്രീനയുടെ ഈ ചിത്രവും അവരുടെ അഭിമുഖവും കണ്ടപ്പോൾ എനിക്കു തോന്നിയ കാര്യമാണ് എന്തിനാണ് സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നതെന്ന്. ചെറിയ സ്ത്രീകൾ പോലും ഇതിലകപ്പെട്ടിരിക്കുന്നു എന്നതാണ്. പ്രായമാകുന്നതിനെ ഭയത്തോടെ കാണാതെ അംഗീകരിക്കാൻ ശ്രമിക്കൂ. മുപ്പത്തിയേഴുകാരിയായ ഞാൻ മുപ്പത്തിയെട്ടിലേക്കു കടന്നു കൊണ്ടിരിക്കുകയാണ്. അതിൽ സന്തുഷ്ടയും അഭിമാനം കൊള്ളുന്നവളുമാണ്.'' 

ഡയാൻഡ്ര സോഴ്സ്, ഡയാൻഡ്ര പോസ്റ്റ് ചെയ്ത കത്രീനയു‌ടെ ചിത്രം

എന്നാൽ ഡയാൻഡ്രയുടെ പോസ്റ്റ് കത്രീനയുടെ ഫാൻസിന് അത്ര പിടിച്ചില്ലെന്നു മാത്രമല്ല പലരും ഡയാൻഡ്രയ്ക്കെതിരെ തിരിയുകയും ചെയ്തു. ഇതോടെ വിശദീകരണമാണ് ഡയാൻഡ്ര വീണ്ടും ഫേസ്ബുകില്‍ എത്തി. 

'' ഞാനൊരിക്കലും ആ പോസ്റ്റിൽ പ്രിയപ്പെട്ട കത്രീന എന്നെഴുതിയല്ല തുടങ്ങിയത്, പ്രിയപ്പെട്ട സ്ത്രീകളേ എന്നാണെഴുതിയത്. കാരണം ഞാനൊരു വലിയ സ്ത്രീ വിഭാഗത്തെയാണ് അഭിസംബോധന ചെയ്തത്. ഞാൻ കത്രീനയെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നില്ല, അവരോട് വെറുപ്പുമില്ല. നിർഭാഗ്യവശാൽ ഞാൻ ഉദ്ദേശിച്ചതെന്തോ അത് ആർക്കും മനസിലാക്കാൻ കഴിഞ്ഞില്ല, കാരണം ഈ രാജ്യം ബോളിവുഡ് എന്ന ലോകത്തെ അന്ധമായി വിശ്വസിക്കുന്നു. 

അതു കത്രീനയെ മാത്രം ഉദ്ദേശിച്ചല്ല, വിഷയത്തിന്മേലുള്ള പൊതുവായ ഒരു പോസ്റ്റ് ആയിരുന്നു. കത്രീനയെപ്പോലെ അത്രയും സ്വാഭാവിക സൗന്ദര്യമുള്ള ഒരു നടി വൃത്തികേടായി വന്നതുപോലെയാണ് ആ പ്രസ് കോൺഫറൻസ് കണ്ടപ്പോൾ എനിക്കു തോന്നിയത്. ആർക്കും ആ പോസ്റ്റിലെ സന്ദേശം എന്താണെന്നു മനസിലാക്കാനുള്ള കഴിവുണ്ടായില്ല. അവിടെ കത്രീനയുടെ പേരിനും ചിത്രത്തിനും പകരം ആരുടെ വേണമെങ്കിലും വരാമായിരുന്നു.''-  ഡയാൻഡ്ര പറഞ്ഞു.

എന്തായാലും ഡയാൻഡ്രയുടെ വിശദീകരണത്തിലൊന്നും കാറ്റിന്റെ ആരാധകർ തൃപ്തരല്ല, പലരും ഇപ്പോഴും ഡയാൻഡ്രയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഡയാൻഡ്ര പറഞ്ഞ നല്ല വശത്തെ ഉൾക്കൊണ്ട് മറുപടി പറയാതിരിക്കുമോ അതോ എതിർപോരുമായി കത്രീന രംഗത്തെത്തുമോ എന്നെല്ലാം കാത്തിരുന്നു കാണാം.

Read More: Viral, Gossip