ഷാരൂഖ് എന്റെ ടീനേജ് ക്രഷ് : സൂപ്പർ മോഡൽ!

നടാലിയ വൊഡിയാനോവ, ഷാരൂഖ് ഖാൻ

ബോളിവുഡിലെ താരരാജാവ് ഷാരൂഖ് ഖാന്റെ ആരാധകർക്ക് അതിരുകളില്ല. ഇന്ത്യക്കകത്തും പുറത്തുമായി ആ ആരാധകരുടെ നിര പടർന്നു കിടക്കുകയാണ്. ഇപ്പോഴിതാ റഷ്യയില്‍ നിന്നൊരു സൂപ്പർ മോഡലും ഷാരൂഖിന്റെ അടങ്ങാത്ത ആരാധികയാണെന്നു പറഞ്ഞു വന്നിരിക്കുകയാണ്, വെറുമൊരു ആരാധിക മാത്രമല്ല തന്റെ ടീനേജ് ക്രഷ് കൂടിയായിരുന്നു ഷാരൂഖ് എന്നു പറയുന്നത് സൂപ്പർ മോഡലായ നടാലിയ വൊഡിയാനോവയാണ്.

വോഗ് വിമൻ ഓഫ് ദി ഇയർ പുരസ്കാരച്ചടങ്ങിനു വേണ്ടി ഇന്ത്യയില്‍ എത്തിയപ്പോഴാണ് നടാലിയ ഷാരൂഖിനെ കണ്ടുമുട്ടിയത്. ഷാരൂഖിനൊപ്പമുള്ള ചിത്രം പങ്കുവച്ച നടാലിയ അതിനൊപ്പം ഹൃദയത്തിൽ നിന്നെഴുതിയ ഒരു കുറിപ്പും പങ്കുവച്ചിരുന്നു. നടാലിയയുടെ വാക്കുകളിലേക്ക്..

'' കഴിഞ്ഞ രാത്രിയിൽ ബോളിവുഡിന്റെ രാജാവായ എന്റെ ടീനേജ് ക്രഷിനെ കണ്ടുമുട്ടി, അദ്ദേഹത്തിന്റെ ചിത്രങ്ങളായ കുച് കുച് ഹോതാ ഹേ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ, ദിൽ തോ പാഗൽ ഹേ എന്നീ ചിത്രങ്ങൾ ഇന്ത്യയെക്കുറിച്ചു സ്വപ്നം കാണാനും യഥാർഥ പ്രണയത്തെക്കുറിച്ചും നൃത്തത്തെയും നിറങ്ങളെയും സ്നേഹിക്കാനുമൊക്കെ പഠിപ്പിച്ചു. ഇന്ന് ഞാൻ അദ്ദേഹത്തെ കാണുകയും വോഗ് എന്റർടെയ്നർ ഓഫ് ദി ഇയർ പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. യഥാർഥ ജീവിതത്തിൽ അദ്ദേഹം സിനിമയിലേതിനേക്കാൾ ചാർമിങ് ആണ്, ഇന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള സ്ത്രീകളെ ശാക്തീകരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.''

റഷ്യയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർമോഡലുകളിൽ ഒരാളായ നടാലിയയുടെ വാക്കുകൾ ഷാരൂഖ് കേട്ടോ ആവോ, അറിഞ്ഞാലും ഇല്ലെങ്കിലും ഷാരൂഖിന് ഇവ അത്ര പുത്തരിയുമല്ലല്ലോ. സെലിബ്രിറ്റികളും അല്ലാത്തവരായുമൊക്കെ എത്ര പേരായിരിക്കും ഒരു ദിവസം തന്നെ ഷാരൂഖിനോടുള്ള ആരാധനയെ തുറന്നു പറയുന്നത്.‌

Read more: Lifestyle Malayalam Magazine