വരുമാനത്തിൽ ഷാരൂഖിനെയും കടത്തിവെട്ടി കോഹ്‌ലി, തൊട്ടുപിന്നിൽ സിന്ധു

ഷാരൂഖ് ഖാൻ, വിരാട് കോഹ്‌ലി, പിവി സിന്ധു

ഷാറൂഖ് ഖാൻ അഭിനയരംഗത്ത് പിച്ചവച്ചു തുടങ്ങുമ്പോൾ വിരാട് കോഹ്‌ലി ജനിച്ചതേയുള്ളൂ.  അഭിനയരംഗത്ത് മുപ്പതു വർഷത്തോടടുക്കുന്ന ബോളിവുഡിന്റെ കിങ് ഖാൻ ഷാറൂഖ് ഖാനെ ബൗണ്ടറി കടത്തിയാണ് വിരാട് കോഹ്‌ലിയെന്ന ഇരുപ്പത്തിയൊൻപതുകാരൻ  ഇന്ത്യയിലെ ഏറ്റവും വിലയുള്ള സെലിബ്രിറ്റിയാകുന്നത്. ഇന്ത്യയിലെപരസ്യരംഗത്തെ ബോളിവുഡ് ആധിപത്യം കായികമേഖലയിലേക്കു വളരുന്ന കാഴ്ചയാണ്  ഈ വർഷമുണ്ടായത്. 

ഡഫ് ആൻഡ് ഫെൽപ്സ് റിപ്പോർട്ട് പ്രകാരം 144 ദശലക്ഷം ഡോളറാണ്(ഏകദേശം 921കോടിരൂപ) വിരാടിന്റെ ബ്രാൻഡ് മൂല്യം.  കഴിഞ്ഞവർഷത്തേക്കാൾ 56% വളർച്ച. ഈ റിപ്പോർട്ടിൽ ആദ്യ പതിനഞ്ചിൽ ഇടംപിടിച്ച കായിക രംഗത്തുനിന്നുള്ള ഏക വനിത സെലിബ്രിറ്റി ബാഡ്മിന്റൺ താരം പി.വി. സിന്ധുവാണ് 15 ദശലക്ഷം ഡോളർ (ഏകദേശം 96കോടിരൂപ) മൂല്യമാണ് സിന്ധുവിന്. 13–ാം സ്ഥാനത്ത് മുൻ ക്രിക്കറ്റ് നായകൻ എം.എസ് ധോണിയും. പരസ്യലോകത്തെ അതികായരായ സിനിമാതാരങ്ങളെ കടത്തിവെട്ടി ഒരു കായികതാരം ഒന്നാം സ്ഥാനത്തെത്തിയെന്നതു തന്നെയാണ് ഈ റിപ്പോർട്ടിന്റെ പ്രത്യേകതയും. 

റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഷാറൂഖ് ഖാനെ ഒരാൾ പിറകിലാക്കുന്നത്. 106 ദശലക്ഷം ഡോളറാണ് (ഏകദേശം 678കോടിരൂപ) ഷാറൂഖിന്റെ ബ്രാൻഡ് മൂല്യം. പരസ്യവരുമാനം, പ്രഫഷനിലെ മികവ്, പോപ്പുലാരിറ്റിയിലുണ്ടായ വളർച്ച എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്.  ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിന്റെയും നായകത്വം ഏറ്റെടുത്തതോടെയാണ് വിരാട് കോഹ്‌ലിയുടെ മൂല്യം  ഇത്രകണ്ട് ഉയർന്നതും. കഴിഞ്ഞ ഒക്ടോബർ  വരെ വിരാട് 20ബ്രാൻഡുകൾക്കാണ് പരസ്യം ചെയ്യുന്നത്.  

106 ദശലക്ഷം ഡോളറാണ് (ഏകദേശം 678കോടിരൂപ) ഷാറൂഖിന്റെ ബ്രാൻഡ് മൂല്യം. പരസ്യവരുമാനം, പ്രഫഷനിലെ മികവ്, പോപ്പുലാരിറ്റിയിലുണ്ടായ...

ലോകത്തെ ബ്രാൻഡ് മൂല്യമുള്ള കായിക താരങ്ങളുടെ ഫോബ്സ് മാഗസിൻ പട്ടികയിൽ ഏഴാം സ്ഥാനവും കോഹ്‌ലിക്കായിരുന്നു.  ഈ പട്ടികയിൽ ഫുട്ബോൾ താരം ലയണൽ മെസ്സിയെ പിന്നിലാക്കിയാണ് കോഹ്‌ലി താരമായത്. പട്ടിക പ്രകാരം കോഹ്‌ലി ഏഴാം സ്ഥാനത്തും മെസ്സി ഒൻപതാം സ്ഥാനത്തുമാണ്. ആദ്യ പത്തിൽ ഇടംപിടിച്ച കോഹ്‌ലിയുടെ മൂല്യം 14.5 ദശലക്ഷം ഡോളർ (ഏകദേശം 94 കോടി രൂപ) ആണ്.  2017ലെ  ഏറ്റവും കൂടുതൽ വരുമാനമുള്ള കായികതാരങ്ങളുടെ ഫോബ്സ്  പട്ടികയിൽ 89–ാം സ്ഥാനത്താണ് കോഹ്‌ലി. ഫോബ്സ് കണക്കുകൾ പ്രകാരം കോഹ്‌ലിയുടെ ക്രിക്കറ്റിൽ നിന്നുള്ള വരുമാനം ഏകദേശം 19 കോടിയും പരസ്യങ്ങൾ വഴിയുള്ളത് 121 കോടിയുമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്യൂമ കമ്പനിയുമായി എട്ടുവർഷത്തേക്ക്  ഏകദേശം 105 കോടി രൂപയുടെ കരാറിലും കോഹ്‌ലി ഒപ്പുവച്ചു. 

ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള സെലിബ്രിറ്റികളുടെ ഫോബ്സ് –2017 പട്ടികയിൽ മൂന്നാം സ്ഥാനമാണ് കോഹ്‌ലിക്ക്. 100.72 കോടിയാണ് കോഹ്‌ലിയുടെ ഈ വർഷത്തെ വരുമാനം. പട്ടികയിൽ കോഹ്‌ലിക്കു മുന്നിലുള്ളത് നടൻമാരായ ഷാറൂഖ് ഖാനും സൽമാൻ ഖാനും. സച്ചിൻ തെൻഡുൽക്കറും (അഞ്ചാം സ്ഥാനം– 82.50 കോടിരൂപ) എംഎസ് ധോണിയും(എട്ടാം സ്ഥാനം–63.77 കോടി രൂപ) ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സിന്ധു 13–ാം സ്ഥാനത്താണ്. പ്രിയങ്ക ചോപ്രയും ദിപിക പദുക്കോണുമാണ് സിന്ധുവിന് മുൻപിലുള്ള വനിത സെലിബ്രിറ്റികൾ. 57.25 കോടിയാണ് സിന്ധുവിന്റെ വരുമാനം. അശ്വിൻ, ജഡേജ, രോഹിത് ശർമ, സൈന എന്നിവരാണ് ആദ്യ മുപ്പതിൽ സ്ഥാനം പിടിച്ച മറ്റു കായിക താരങ്ങൾ. 

പൊന്നു സിന്ധു 

റിയോ ഒളിംപിക്സിലെ വെള്ളി മെഡലിനു മുൻപ് സിന്ധുവിന്റെ ഒരു ദിവസത്തെ വരുമാനം 15–20 ലക്ഷമായിരുന്നു എന്നതു തന്നെ ഒരു വർഷം കൊണ്ട്...

ഈ വർഷത്തെ കണക്കെടുത്താൽ ബ്രാൻഡ് മൂല്യത്തിൽ വിരാടിനു തൊട്ടുപുറകിലുള്ള ഇന്ത്യൻ കായികതാരം  സിന്ധുവാണ്. വിവിധ കമ്പനികളുമായി 50 കോടി രൂപയുടെ കരാർ ഒപ്പിട്ടതോടെ ഇത്രയും രൂപയുടെ പരസ്യ കരാറിൽ ഒപ്പുവയ്ക്കുന്ന ക്രിക്കറ്റിനു പുറത്തുനിന്നുള്ള താരവും സിന്ധുവായി. ഇതോടെ ഒരു ദിവസം സിന്ധുവിന്റെ പരസ്യ വരുമാനം 1–1.2 കോടി രൂപയാണ്. കോഹ്‌ലിയുടേത് അഞ്ചു കോടിയും. 

റിയോ ഒളിംപിക്സിലെ വെള്ളി മെഡലിനു മുൻപ് സിന്ധുവിന്റെ ഒരു ദിവസത്തെ വരുമാനം 15–20 ലക്ഷമായിരുന്നു എന്നതു തന്നെ ഒരു വർഷം കൊണ്ട് സിന്ധുവിന്റെ ബ്രാൻഡ് മൂല്യം എത്ര ഉയർന്നുവെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വരെ പരസ്യവരുമാനത്തിൽ മുന്നിലായിരുന്ന ധോണിയെ പിന്നിലാക്കിയാണ് സിന്ധുവെന്ന ബ്രാൻഡ് താരത്തിന്റെ വളർച്ച. ബാഡ്മിന്റൺ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കുള്ള കയറ്റവും ഇന്ത്യയിലെ വിലപിടിപ്പുള്ള താരമാക്കി സിന്ധുവിനെ.  പരസ്യക്കാരുടെ ഇഷ്ടതാരമായിരുന്ന സൈന നെഹ്‌വാളും സാനിയ മിർസയും ഇതോടെ പിറകിലായി. സ്പോർട്സ് മാർക്കറ്റിങ് രംഗത്തെ ബേസ്‌ലൈൻ വെൻച്വേഴ്സുമായി 50 കോടിയുടെ പരസ്യക്കരാറാണ് സിന്ധു ഒപ്പുവച്ചിട്ടുള്ളത്. ഇന്ത്യയിൽ ക്രിക്കറ്ററല്ലാത്ത ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാർ.  

വിസാഗ് സ്റ്റീൽ, മൂവ് പെയിൻ റിലീവർ, മിന്ത്ര, ആപിസ്, ബാങ്ക് ഓഫ് ബറോഡ, ഹിമാലയ ഹണി, യോനെക്സ് എന്നിവയ്ക്കു പുറമെ ജിഎസ്ടിയുടെയും ബ്രാൻഡ് അംബാസഡറാണ് സിന്ധു. ഇതിനു മുൻപ് ക്രിക്കറ്റ് മേഖലയിൽ നിന്നല്ലാതെ പരസ്യരംഗത്തെ വിലകൂടിയ താരങ്ങളായിരുന്നു സൈനയും സാനിയയും.  2015ലെ ഫോബ്സ് പട്ടികപ്രകാരം സൈനയുടെ വരുമാനം 16.99 കോടിയായിരുന്നു. സാനിയയുടേത് 13.25 കോടിയും. 2012 ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡൽ വിജയത്തിനു ശേഷം സൈന പരസ്യ കരാറൊപ്പിട്ടത് 25 കോടി രൂപയ്ക്കാണ്.  

സൗന്ദര്യവർധക ഉത്പന്നങ്ങളെ പരസ്യക്കരാറിൽ നിന്ന് ഒഴിവാക്കാനൊരുങ്ങുകയാണ് കോഹ്‌ലി...

ഇന്ത്യയുടെ പരസ്യമേഖലയിലെ 50% കീഴടക്കുന്നത് സെലിബ്രിറ്റികളാണ്.  മൊത്തം സെലിബ്രിറ്റി ബ്രാൻഡ് മൂല്യത്തിൽ 25% കായികതാരങ്ങളുടെ സംഭാവനയാണ്. ഒൗട്ട് ഡോർ, ടെലിവിഷൻ, പ്രിന്റ്, ഡിജിറ്റൽ രൂപങ്ങളിലെല്ലാം പരസ്യങ്ങൾ ഉപയോഗിക്കുന്നു. കളിയിലെ മികവ് എന്നതിനപ്പുറം കായിക താരത്തിന്റെ പോപ്പുലാരിറ്റിയാണ് ബ്രാൻഡ് മൂല്യം ഉയർത്തുന്ന പ്രധാന ഘടകം. കായിക ഇനത്തിന് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രചാരവും പ്രധാനമാണ്. ക്രിക്കറ്റും ബാഡ്മിന്റനും ടെന്നീസും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നതുപോലെയല്ല ഗുസ്തി, ജിംനാസ്റ്റിക് എന്നിവയുടെ കാര്യം. ഇതു തന്നെയാണ് റിയോയിലെ മികച്ച പ്രകടനമുണ്ടായിട്ടും സാക്ഷി മാലിക്, ദീപ കർമാക്കർ എന്നിവരുടെ ബ്രാൻഡ് മൂല്യം കൂടാത്തതിനു കാരണമെന്നും സ്പോർട്സ് മാനേജ്മെന്റ് രംഗത്തുള്ളവർ പറയുന്നു. കായിക താരങ്ങളിൽ ഗ്ലാമറിനേക്കാളുപരി അവരുടെ നേട്ടവും അത് എത്രമാത്രം ആഘോഷിക്കപ്പെടുന്നു എന്നതുമാണ് പരസ്യദാതാക്കളുടെ ശ്രദ്ധയാകർഷിക്കുന്നത്. 

എന്നാൽ പരസ്യപ്രചാരണത്തിനെ സാമൂഹിക ഉത്തരവാദിത്തമായി കാണുന്നവരാണ് ഭൂരിഭാഗം സെലിബ്രിറ്റികളും. സച്ചിൻ നേരത്തെ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ആളുകളിൽ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമാകില്ലെന്നാണ് സിന്ധുവിന്റെ തീരുമാനം. സൗന്ദര്യവർധക ഉത്പന്നങ്ങളെ പരസ്യക്കരാറിൽ നിന്ന്  ഒഴിവാക്കാനൊരുങ്ങുകയാണ് കോഹ്‌ലി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam