ഫാഷന്റെ റാണി, മക്കളുടെ നിഴലായ അമ്മ; നഷ്ടവസന്തമായി ശ്രീദേവി

ശ്രീദേവി

നാല്‍പതുകളിലെത്തുമ്പോഴേക്കും ആരോഗ്യവും ശരീര സംരക്ഷണവുമൊക്കെ കാറ്റിൽ പറത്തുന്ന നടിമാർക്കൊരു അപവാദമായിരുന്നു നടി ശ്രീദേവി. അൻപതുകളെത്തിയപ്പോഴും ആ സൗന്ദര്യധാമത്തിന് യാതൊരു ഉടവും സംഭവിച്ചില്ല. ന്യൂജെൻ നടിമാരെപ്പോലും വെല്ലുന്ന ആകാരവടിവിനും സൗന്ദര്യത്തിനും ഉടമയായിരുന്നു അവർ. താരനിശകളിലോ പാർട്ടികളിലോ എന്തുമായിക്കൊള്ളട്ടെ, ഫാഷൻ സെൻസിന്റെ കാര്യത്തിൽ ശ്രീദേവിയെ വെല്ലാൻ ബിടൗണിൽ അധികമാരും ഉണ്ടായിരുന്നില്ല.  സിനിമയ്ക്കൊപ്പം കുടുംബത്തെയും ചേർത്തുപിടിച്ച താരവുമായിരുന്നു അവർ. വിവാഹ ശേഷം ഭർത്താവിനും മക്കൾക്കും വേണ്ടി താരപദവി ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിക്കൂടിയ അപൂർവം നടിമാരിലൊരാളുമാണ് ശ്രീദേവി. 

നേരത്തെ മൂക്കിനും ശ്രീദേവി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു...

പ്ലാസ്റ്റിക് സർജറികളെ പ്രണയിച്ച സുന്ദരി

പെർഫക്ട് ലുക്കിനായി എത്ര കഷ്ടപ്പെടാനും മടിയില്ലാത്ത താരമായിരുന്നു ശ്രീദേവി. സിനിമയിൽ എത്തി അധികം കഴിയുംമുമ്പുതന്നെ താരം മൂക്കും ചുണ്ടുമൊക്കെ പ്ലാസ്റ്റിക് സര്‍ജറിയിലൂ‌ടെ കൂടുതൽ മനോഹരമാക്കിയിരുന്നു. അടുത്തിടെ തന്റെ ചുണ്ടുകളിൽ വീണ്ടും ശ്രീദേവി രൂപമാറ്റം നടത്തിയിരുന്നു. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ശ്രീദേവിയുടെ ചിത്രങ്ങൾ വൈറലായതോടെയാണ് ആളുകൾ അക്കാര്യവും ശ്രദ്ധിച്ചത്, ശ്രീദേവിയുടെ ചുണ്ടുകൾക്കെന്തോ മാറ്റം സംഭവിച്ചിരിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ശ്രീദേവിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല.  

നേരത്തെ മൂക്കിനും ശ്രീദേവി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ അപ്പോഴും താരം അതു നിഷേധിച്ചിരുന്നു. തന്റെ യോഗയും ഡയറ്റും ജീവിതശൈലിയുമൊക്കെയാണ് സൗന്ദര്യം നിലനിർത്തുന്നതിന്റെ രഹസ്യം എന്നാണു ശ്രീദേവി വാദിച്ചിരുന്നത്.

ശ്രീദേവി ഭർത്താവ് ബോണി കപൂറിനും മക്കളായ ഖുഷിക്കും ജാൻവിക്കുമൊപ്പം‌‌

മക്കളുടെ നിഴലായ അമ്മ

മക്കളായ ജാൻവിക്കും ഖുഷിക്കും ശ്രീദേവി അമ്മ മാത്രമല്ല, നല്ലൊരു സുഹൃത്തു കൂടിയാണ്. എന്തു പരിപാടിക്കു പോയാലും ശ്രീദേവിയുടെ ഇടവും വലവും മക്കളുടെ സാന്നിധ്യവുമുണ്ടാകും. മൂത്ത മകൾ ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചും ശ്രീദേവി പറഞ്ഞിരുന്നു. മകൾ നടിയായി കാണുന്നതിനേക്കാൾ സന്തോഷം അവൾ വിവാഹിതയായി കുടുംബസ്ഥയായി കഴിയുന്നതാണ് എന്നാണു താരം ആദ്യം പറഞ്ഞത്. 

മക്കൾ തനിക്കു സുഹൃത്തുക്കളെപ്പോലെ ആണെന്നാണു ശ്രീദേവി പറയാറുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും മകൾ സിനിമയിൽ അഭിനയിക്കുന്ന കാര്യത്തിൽ അതീവ സന്തുഷ്ടയൊന്നുമായിരുന്നില്ല ശ്രീദേവി. 

‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ താനാണ് നിരുത്സാഹപ്പെടുത്തിയത്. സിനിമാലോകം മോശമാണെന്നു കരുതുന്നില്ല, കാരണം താനും ഈ ഇൻഡസ്ട്രിയുടെ സൃഷ്ടിയാണ്. പക്ഷേ ഒരു അമ്മ എ​ന്ന നിലയ്ക്ക് മകൾ വിവാഹിതയായിക്കാണുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. അതിനേക്കാളെല്ലാം ഉപരി മകളുടെ സന്തോഷമാണ് വലുത്. ഒരു നടി എന്ന നിലയ്ക്ക് അവൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണെങ്കിൽ അഭിമാനമുള്ള അമ്മയാകും ഞാൻ’.– എന്നാണ് ശ്രീദേവി ആദ്യം പറഞ്ഞിരുന്നത്.

ശ്രീദേവി മകൾ ജാൻവിക്കൊപ്പം

എന്നാൽ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതല്ല താൻ ഉദ്ദേശിച്ചതെന്നും പറഞ്ഞ് പിന്നീടു വീണ്ടും ശ്രീദേവി തന്നെ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ ഏകലക്ഷ്യം വിവാഹിതയാകുന്നതാണ് എന്ന സന്ദേശമാണ് ശ്രീദേവി നൽകുന്നതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. അത് അസ്വസ്ഥയാക്കിയതിനാലാകണം താരം തന്റെ ട്വിറ്റർ അക്കൗണ്ട് വഴി വ്യക്തമായൊരു വിശദീകരണം നൽകിയത്. 

‘എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയാണു ചെയ്തത്, പെൺകു‌ട്ടികളുടെ ഏകലക്ഷ്യം വിവാഹിതയാകുകയും ‘സെറ്റ്ൽ’ ആവുകയുമാണ് എന്ന രീതിയിലാണ് അതു പരന്നത്. എന്റെ മക്കൾക്ക് അതല്ല വേണ്ടത്, അവർ സ്വന്തം കാലിൽ നിൽക്കാനും വ്യക്തിത്വം രൂപപ്പെടുത്താനും കഴിയുന്നവരാകണം. ആരെയും ആശ്രയിച്ചു നിൽക്കാൻ പഠിക്കരുതെന്ന് ഞാൻ അവരോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹിതയാകുന്നതും അമ്മയാകുന്നതും മാത്രമല്ല ഒരു സ്ത്രീയുടെ അവസാനം എന്നു ചെറുപ്പക്കാരായ പെൺകുട്ടികൾ മനസിലാക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അവർ ആഗ്രഹിക്കുന്നതു പോലൊരു ജീവിതം കെട്ടിപ്പടുക്കാൻ അവർക്ക് അവകാശമുണ്ട്. അമിത സമ്മർദ്ദം ചെലുത്തേണ്ടി വരുന്ന ഈ മേഖലയിൽ വരുന്നതിനേക്കാൾ എന്റെ മക്കൾ റിലാക്സ്ഡ് ആയ ഒരു ജീവിതം നയിക്കുന്നതിനാണ് ഞാൻ താൽപര്യപ്പെടുക എന്നാണു തുടക്കത്തിലേ പറയാൻ ഉദ്ദേശിച്ചത്. പക്ഷേ അവർ വ്യക്തമായ ലക്ഷ്യങ്ങളുള്ളവരാണ്, ഓരോ മാതാപിതാക്കളെയും പോലെ ഞാനും അതിനെ ബഹുമാനിക്കേണ്ടതുണ്ട്’ –ഇതായിരുന്നു ശ്രീദേവിയുടെ വാക്കുകൾ.

ശ്രീദേവി

ഫാഷന്റെ റാണി

ഫാഷൻ സെൻസിന്റെ കാര്യത്തിൽ 54–ാം വയസിലും ശ്രീദേവി കപൂറിനെ തോൽപ്പിക്കാൻ ബോളിവുഡ് ഗോദയിൽ ആളില്ലാത്ത സ്ഥിതിയായിരുന്നു. ഡിസൈനർ ഗൗണിലും സാരിയിലും മാത്രമല്ല, യുവതാരങ്ങളുടെ വാർഡ്റോബിൽ വരെ ശ്രീദേവിക്ക് അനായാസം തിളങ്ങാനാകുമെന്നതു പലപ്പോഴായി കണ്ടതാണ്.  ഫാഷൻ പരീക്ഷണത്തിന് 54–ാം വയസിലും ബാല്യമുണ്ടെന്നു ശ്രീദേവി തെളിയിക്കുമ്പോൾ മകൾ ജാൻവി കപൂർ ഉൾപ്പെടെയുള്ള ബോളിവുഡ് യുവതലമുറയ്ക്ക് അൽപം ‘ക്ഷീണം’ തന്നെയായിരുന്നു. മക്കളായ ജാൻവിയെയും ഖുഷിയെയും കടത്തിവെട്ടുന്ന സ്റ്റൈലിലാണ് ശ്രീദേവി പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടു തന്നെ ശ്രീദേവിയുടെ അപ്പിയറൻസ് എന്നും ആരാധകരുടെ ഇഷ്ടവിഷയവുമാണ്. ന്യൂജെന്നിന്റെ പ്രിയ വസ്ത്രമായ ഡെനിമിലാകട്ടെ ട്രഡീഷണൽ സൗന്ദര്യത്തിന്റെ ഉദാത്ത സൃഷ്ടിയായ സാരിയിലാകട്ടെ ശ്രീദേവിയെ വെല്ലുന്ന സ്റ്റൈലില്‍ പ്രത്യക്ഷപ്പെടുന്നവർ വളരെ കുറവായിരുന്നു. 

ഫാഷൻ സെൻസിന്റെ കാര്യത്തിൽ 54–ാം വയസിലും ശ്രീദേവി കപൂറിനെ തോൽപ്പിക്കാൻ ബോളിവുഡ് ഗോദയിൽ ആളില്ലാത്ത സ്ഥിതിയായിരുന്നു...

ചിട്ടയായ ജീവിതം മസ്റ്റ്

ശരീരത്തിന് ആവശ്യമില്ലാത്തതൊന്നും കഴിക്കില്ലെന്ന വാശി എന്നുമുണ്ടായിരുന്നു ശ്രീദേവിക്ക്. ഉണർന്നാലുടൻ രണ്ടു ഗ്ലാസ് നാരങ്ങാവെള്ളം. അതാണു ശരീരത്തിലെ അഴുക്കുകൾ നീക്കം ചെയ്ത് സ്കിന്നിന്റെ തിളക്കം നിലനിർത്തുന്നതെന്നാണു താരം പറഞ്ഞിരുന്നത്. ഇഷ്ടം പോലെ വെള്ളം കുടിക്കുന്ന ശീലവുമുണ്ട്. പവർ യോഗയോടായിരുന്നു ശ്രീദേവിക്കിഷ്ടം. രാവിലെ ചെറിയ ജോഗിങ്. അതു കഴിഞ്ഞാൽ കുറച്ചു സമയം ജിമ്മിൽ വർക് ഔട്ട്. വൈകുന്നേരം ടെന്നിസ് കളി. ഇതൊക്കെയാണു തന്നെ സുന്ദരിയായി നിലനിർത്തുന്നതെന്നായിരുന്നു താരത്തിന്റെ വാദം. സൗന്ദര്യത്തിനു മേക്കപ്പിന്റെ കനം ആവശ്യമില്ലാത്തതിനാൽ കുറച്ചു മേക്കപ്പിടാനായിരുന്നു എന്നും ശ്രീദേവിക്കിഷ്ടം.

തമിഴ്‌നാട്ടിലെ ശിവകാശിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ശ്രീദേവി ജനിച്ചത്. അച്ഛനും അമ്മയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന കുടുംബം. അച്ഛൻ  അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ വീട്ടമ്മയും. ബാലതാരമായി സിനിമയിലെത്തിയ ശ്രീദേവി പിന്നീട് രജനീകാന്തിന്റെയും കമലഹാസന്റെയും നായികയായി ചെറുപ്രായത്തിൽത്തന്നെ അരങ്ങേറ്റം കുറിച്ചു. പിന്നീട് അവർ ബോളിവുഡിലെയും സ്വപ്നറാണിയായി. രണ്ടു തലമുറ നായകന്മാരുടെ നായികയായി. കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴാണ് പ്രശസ്ത നിർമാതാവ് േബാണി കപൂറുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയോടു താത്കാലികമായി വിട പറഞ്ഞത്. പിന്നീട് വർഷങ്ങൾക്കിപ്പുറം ഇംഗ്ലിഷ് വിംഗ്ലിഷ്, മോം തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവും നടത്തി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam