Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയുമായുള്ള വിവാഹം എന്ന്? ആദ്യ പ്രതികരണവുമായി രൺവീർ സിങ്

Ranveer Singh, Deepika Padukone ദീപിക പദുക്കോണും രൺവീർ സിങ്ങും

ബോളിവുഡിലെ പ്രണയജോഡികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്നു വിവാഹിതരാകും നാളെ വിവാഹിതരാകും എന്നു കേൾക്കാന്‍ തുടങ്ങിയിട്ടു നാളുകൾ കുറച്ചായി. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരിക്കുമെന്നും മറിച്ച് പരമ്പരാഗത ശൈലിയിലുള്ള ഹിന്ദു വിവാഹമായിരിക്കുമെന്നൊക്കെ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ ദീപികയോടും രൺവീറിനോടും പ്രതികരണം ചോദിച്ചാലാകട്ടെ ഒഴിഞ്ഞുമാറുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. ഇപ്പോഴിതാ ആദ്യമായി തന്റെ വിവാഹ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രൺവീർ. 

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് ദീപികയുമായുള്ള വിവാഹത്തെക്കുറിച്ച് രൺവീർ പരാമർശിച്ചത്. '' ഇതുവരെയും ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. താനൊരു ദീർഘദർശിയുമല്ല, ഭാവിയിൽ ഇന്ന ദിവസത്തിൽ വിവാഹം നടക്കുമെന്നു പറയാൻ കഴിയില്ല. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ജോലിയുടെ തിരക്കിലാണ്. തങ്ങളിരുവരും പൂർണമായി കരിയറിൽ വ്യാപൃതരാണ്, മറ്റൊന്നിലും ശ്രദ്ധയില്ല. ഭാവിയിൽ എന്തെങ്കിലും പ്രഖ്യാപനമുണ്ടായാൽ പുരപ്പുറത്തു നിന്നു ഞാൻ വിളിച്ചുകൂവുന്നതും നിങ്ങൾക്കു കേൾക്കാൻ സാധിക്കും.'' തങ്ങളിരുവരും പ്രണയജോഡികളാണെന്ന് രൺവീർ ആദ്യമായി വെളിപ്പെടുത്തുന്ന സാഹചര്യവുമായിരുന്നു ഇത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങായിരിക്കും ഇരുവരുടേതുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. വിവാഹത്തെ താൻ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അത്തരത്തിലാണ് തന്നെ വളർത്തിയതെന്നുമാണ് ദീപിക പറഞ്ഞിരുന്നത്. തന്നെ ഒരു മണവാട്ടിയായി കാണാൻ താനും ആഗ്രഹിക്കുന്നുണ്ട്. അതെല്ലാ സ്ത്രീകളുടെയും സ്വപ്നമാണെന്നും ദീപിക പറഞ്ഞിരുന്നു.

നേരത്തെ ഇരുകൂട്ടരുടെയും ഫാൻക്ലബുകളില്‍ ദീപികയുടെയും രൺവീറിന്റെയും ഫോട്ടോഷോപ് ചെയ്ത വിവാഹ ചിത്രങ്ങൾ പടർന്നിരുന്നു. മൂന്നോനാലോമാസത്തിനുള്ളിൽ ദീപികയുടെ കഴുത്തിൽ രൺവീർ മിന്നു ചാർത്തുമെന്നായിരുന്നു വാർത്തകൾ ഉയർന്നിരുന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായിരിക്കും കൂടുതൽ സാധ്യതയെന്നും വിവാഹം മുംബൈയിൽ വച്ചു തന്നെ നടത്തണമെന്നാണ് രൺവീറിന്റെ കുടുംബത്തിന്റെ ആഗ്രഹമെന്നും പറയപ്പെടുന്നു. 

വിവാഹത്തിനു മുന്നോടിയായി ദീപിക ഷോപ്പിങ്ങ് ആരംഭിച്ചുവെന്നും വിവരമുണ്ട്. വിവാഹശേഷം സിനിമാലോകത്തെ സുഹൃത്തുക്കൾക്കായി ഗംഭീര വിരുന്നും ഇരുവരുടെയും കുടുംബം സംഘടിപ്പിക്കുന്നുണ്ടത്രേ.‌ സഞ്ജയ് ലീലാ ബൻസാലിയുടെ 2013ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നത്.

പിന്നീട് പല െപാതുവേദികളിലും ദീപികയ്ക്കൊപ്പം കൈകോർത്ത് രൺവീറിനെയും കാണുന്നതു പതിവായതോടെ അതൊരു പരസ്യമായ പ്രണയവുമായി മാറി. എന്തായാലും അധികം വൈകാതെ മറ്റൊരു വിവാഹമാമാങ്കത്തിനു കൂടി ബോളിവുഡ് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണെന്ന് ഏറെക്കുറെ ഉറപ്പായ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.