Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘െഎശ്വര്യ സുസ്മിത ബോളിവുഡ് താരമാകും’: പ്രവചനവുമായി അംബിക പിള്ള

Aishwarya-susmitha

നാളത്തെ താരങ്ങളെക്കുറിച്ച് അംബിക പിള്ളയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റാറില്ല. പ്രവചനം പോലെ നിലനില്‍ക്കുന്ന അത്തരമൊരു കമന്റ് എംഫോര്‍മാരി.കോം വെഡിങ് ഫാഷന്‍ വീക്കിന്റെ ഫിറ്റിങ് ട്രയലുകള്‍ക്കിടയില്‍ സംഭവിച്ചു. ഡിസൈനര്‍ ഗൗരവ് ഗുപ്തയുടെ വസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന മോഡലുകളില്‍ ഒരാളെ നോക്കി അംബിക പിള്ള പറഞ്ഞു, 'എന്റെ വാക്ക് ഓര്‍മയില്‍ കുറിച്ചോളൂ, നീയാകും നാളത്തെ ബോളിവുഡ് താരം.' കിങ്ഫിഷര്‍ കലണ്ടര്‍ ഗേള്‍ ഐശ്വര്യ സുസ്മിതയെ നോക്കിയായിരുന്നു അംബിക പിള്ളയുടെ കമന്റ്. 

mfor-marry-thehlani (1)

'എനിക്കുറപ്പുണ്ട്, ഐശ്വര്യ സുസ്മിത നാളത്തെ ബോളിവുഡ് താരമാണ്. അവര്‍ക്ക് അതിനുള്ള വ്യക്തിപ്രഭാവമുണ്ട്. ഐശ്വര്യ റായ് ആദ്യമായി എന്റെ മെയ്ക്കപ്പ് സീറ്റില്‍ ഇരുന്നപ്പോള്‍ അവര്‍ ബോളിവുഡില്‍ എത്തിയിരുന്നില്ല. അന്ന് ഞാന്‍ അവരെ നോക്കി അവര്‍ ബോളിവുഡില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. 'എനിക്കറിയാം,' എന്നുള്ള ആത്മവിശ്വാസത്തോടെയുള്ള മറുപടിയായിരുന്നു അന്ന് ഐശ്വര്യ നല്‍കിയത്. പിന്നീട് സംഭവിച്ചത് ചരിത്രം,'- അംബിക പിള്ള പറഞ്ഞു. 

mfor-marry-thehlani (3)

ബിപാഷ ബസു, കത്രീന കെയ്ഫ് എന്നിവരോടും സമാനമായ നിരീക്ഷണങ്ങള്‍ അംബിക പിള്ള നടത്തിയിരുന്നു. അവയൊക്കെയും സംഭവിക്കുകയും ചെയ്തു. ആ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ ഐശ്വര്യ സുസ്മിത. 'അംബിക പിള്ളയുടെ വാക്കുകള്‍ വലിയ അംഗീകാരമാണ്. അവയെന്നെ കൂടുതല്‍ വിനയാന്വിതയാക്കുന്നു'വെന്നായിരുന്നു ഐശ്വര്യ സുസ്മിതയുടെ പ്രതികരണം. 

mfor-marry-thehlani (5)

ആരാണീ സുന്ദരി?

ഐശ്വര്യ റായ് ലോകസുന്ദരിയായും സുസ്മിത സെന്‍ വിശ്വസുന്ദരിയായും തെരഞ്ഞെടുക്കപ്പെട്ട 1994 ലാണ് ഐശ്വര്യ സുസ്മിതയുടെ ജനനനം. ലോകത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ പേര് എഴുതിച്ചേര്‍ത്ത രണ്ടു സുന്ദരിമാരില്‍ ഒരാളുടെ പേര് നല്‍കാനായിരുന്നു ഐശ്വര്യ സുസ്മിതയുടെ മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍, രണ്ടു പേരുകളും ഒരുപോലെ പ്രിയപ്പെട്ടതായതിനാല്‍ രണ്ടും ഒരുമിച്ചു നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ ഐശ്വര്യ സുസ്മിത എന്ന പേര് സംഭവിച്ചു. 

Model

ഐശ്വര്യ റായ്, സുസ്മിത സെന്‍ എന്നിവരെപ്പോലെ ഫാഷന്‍ രംഗത്തു തന്നെയാണ് ഐശ്വര്യ സുസ്മിതയും എത്തിച്ചേര്‍ന്നത്. ഇനി ഇവരെപ്പോലെ ബോളിവുഡിലും ഐശ്വര്യ സുസ്മിത സൂപ്പര്‍താരം ആകുമോയെന്ന കൗതുകമാണ് ബാക്കി. 

ഫിലോസഫിയില്‍ പിജി ബിരുദം നേടിയ ഐശ്വര്യ സുസ്മിത ബാഡ്മിന്റണ്‍ താരമാണ്. നൃത്തം, സംഗീതം, സ്‌പോര്‍ട്‌സ് എന്നീ മേഖലകളില്‍ കഴിവു തെളിയിച്ച അപൂര്‍വം സൂപ്പര്‍മോഡലുകളില്‍ ഒരാള്‍ കൂടിയാണ് ഈ സുന്ദരി.

സുസ്മിത സെന്നിനെ കണ്ടപ്പോള്‍

പേരിന് കാരണമായ താരസുന്ദരിമാരെ നേരിട്ടു കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെന്നു പറയുമ്പോള്‍ ഐശ്വര്യ സുസ്മിതയുടെ കണ്ണുകളില്‍ തിളക്കം. സുസ്മിത സെന്നുമായുള്ള കൂടിക്കാഴ്ചയാണ് മനസിനോട് അടുത്തു നില്‍ക്കുന്നതെന്നു ഐശ്വര്യ പറയുന്നു. 'പേരിന് പിന്നിലുള്ള കഥ കേട്ടപ്പോള്‍ അവര്‍ എന്നെ വാത്സല്യത്തോടെ കെട്ടിപ്പിടിച്ചു. വലിയ സന്തോഷമായിരുന്നു അവര്‍ക്ക്. അവരെപ്പോലെ ഫാഷന്‍ രംഗം തെരഞ്ഞെടുത്തതിലും അവര്‍ അഭിനന്ദിച്ചു. ആ കൂടിക്കാഴ്ച എനിക്കു മറക്കാനാവില്ല,' ഐശ്വര്യ ഓര്‍ത്തെടുത്തു. 

ബോളിവുഡിലേക്ക് തിടുക്കമില്ല

കിങ്ഫിഷര്‍ സൂപ്പര്‍മോഡലിന് ബോളിവുഡില്‍ അവസരങ്ങള്‍ക്കു കുറവില്ല. എന്നാല്‍ അത്തരമൊരു തിടുക്കം തനിക്കില്ലെന്നു വ്യക്തമാക്കുകയാണ് ഐശ്വര്യ സുസ്മിത. 'ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ മികച്ചത് എന്നു തോന്നുന്ന തരത്തില്‍ ഇതു വരെ ഒന്നും സംഭവിച്ചില്ല. അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ മാത്രമേ ബോളിവുഡിലേക്കുള്ളൂ,'- ഐശ്വര്യ സുസ്മിത പുഞ്ചിരിച്ചു