വസ്ത്രമൊരുക്കിയത് 110 പേർ; രാജകീയം നിക്–പ്രിയങ്ക വിവാഹം

പ്രിയങ്ക ചോപ്ര–നിക് ജോനസ് വിവാഹ ചിത്രങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. മെഹന്ദി ആഘോഷത്തിന്റെയും വിവാഹ സത്കാരത്തിന്റെയും ചിത്രങ്ങളും നേരത്തെ പങ്കുവെച്ചിരുന്നെങ്കിലും വിവാഹദിനത്തിലെ ചിത്രങ്ങൾ ആദ്യമായാണ് പുറത്തുവിട്ടത്.

ഉമൈദ് ഭവൻ പാലസിൽ ക്രിസ്തീയ ആചാരപ്രകാരം നടന്ന വിവാഹത്തിനു വസ്ത്രങ്ങൾ ഒരുക്കിയത് പ്രശസ്ത ഡിസൈനർ റാൽഫ് ലൗറൻ ആണ്. 

പേൾസെന്റ് സീക്വിൻസുകളും ഹാന്റ് എബ്രോയഡറിയുമായി അതിമനോഹര ഗൗണാണ് പ്രിയങ്കയുടെ വിവാഹവസ്ത്രം. ഓവർ കോട്ട് മാതൃകയലുള്ള കഴുത്തും അരുക് ഞൊറിയുള്ള കൈകളും സാറ്റിൻ പൊതിഞ്ഞ ബട്ടണുകളും ഗൗണിന്റെ പ്രത്യേകതകളാണ്. കുടുംബം, വിശ്വാസം, കരുണ എന്നിങ്ങനെ എട്ടു വാക്കുകൾ ഗൗണിൽ ആലേഖനം ചെയ്തിട്ടുണ്ട്. 

പർപ്പിൾ നിറത്തിലുള്ള സ്യൂട്ടായിരുന്നു നിക് ജോനസിന്റെ വേഷം. ജാക്കറ്റിന്റെ അകത്തുള്ള മടക്കിൽ 'എന്റെ ജീവിതം' എന്ന് അർഥം വരുന്ന ഉർദു വാക്ക് പ്രിയങ്കയുടെ വസ്ത്രത്തിന്റെ തുണികൊണ്ട് എബ്രോയഡറി ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

വധുവിന്റെയും വരന്റെയും മാതാപിതാക്കളും സുഹൃത്തുക്കളും ഫ്ലവർ ഗേൾസും റാൽഫ് ലൗറൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണു ധരിച്ചത്. ഡിസംബർ1 ന് ആയിരുന്നു പ്രിയങ്കയും നിക്കും ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായത്. 

ഇന്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിനു സബ്യസാചി ഡിസൈൻ ചെയ്ത ചുവപ്പ് ലെഹങ്കയായിരുന്നു പ്രിയങ്ക അണിഞ്ഞത്. ഹാന്റ് എബ്രോയഡറിയും പൂക്കളും നിറഞ്ഞതായിരുന്നു ലഹങ്ക. പട്ട് നൂൽകൊണ്ടുള്ള ഫ്രഞ്ച് തയ്യലും ചുവന്ന ക്രിസ്റ്റലുകളും ലഹങ്കയെ കൂടുതൽ മനോഹരമാക്കി. കൊൽക്കത്തയില്‍ നിന്നുള്ള 110 എബ്രോയട്രി വിദഗ്ധർ 3720 മണിക്കൂറുകൾ കൊണ്ടാണ് ഈ ലഹങ്ക പൂർത്തിയാക്കിയത്. 22 കാരറ്റ് സ്വർണത്തിൽ വജ്രവും മരതകവും ജാപനിസ് മുത്തുകളും ഉപയോഗിച്ചാണ് ആഭരണങ്ങൾ ഒരുക്കിയത്. 

നിക് സിൽക്ക് ഷെർവാണിയിലായിരുന്നു. എംബ്രോയഡറി ചെയ്ത ചികാൻ ദുപ്പട്ടയായിരുന്നു ഷെർവാണിയ്ക്കെപ്പം നിക് ധരിച്ചിരുന്നത്. ചന്ദേരി തുണികൊണ്ടുള്ള തലപ്പാവിൽ നിക്കിനു രാജീകയ സൗന്ദര്യം. സബ്യസാചി ഹെറിട്ടേജ് ജ്വല്ലറി ശേഖരത്തിൽ നിന്നുള്ള ആഭരണങ്ങളും നിക് അണിഞ്ഞിരുന്നു.