ആഷ് യെസ് പറഞ്ഞത് ഇങ്ങനെ, അഭിഷേക് ഓർക്കുന്നു

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും

സിനിമാലോകം അസൂയയോടെ നോക്കുന്ന ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. നീലക്കണ്ണിന്റെ സൗന്ദര്യധാമത്തെ അഭിഷേക് സ്വന്തമാക്കിയപ്പോൾ ആരാധകർ തെല്ലൊന്നുമല്ല നിരാശരായത്. വിവാഹിതരായി പത്തുവർഷം കഴിഞ്ഞപ്പോഴും അഭിഷേകിന്റെയുള്ളിലെ പ്രണയത്തിനു മാറ്റമൊന്നുമില്ല. പ്രിയസഖി പ്രണയത്തിന് സമ്മതം മൂളിയ നിമിഷത്തെ ഓർത്തുകൊണ്ട് റൊമാന്റിക് ആയി ട്വീറ്റ് ചെയ്തിരിക്കുകയാണ് അഭിഷേക് ഇപ്പോൾ.

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും

'പത്തുവർഷം മുമ്പ് തണുത്തു വിറക്കുന്ന ആ ന്യൂയോർക് ബാല്‍കണിയിൽ വച്ച് അവൾ സമ്മതം മൂളി' എന്നായിരുന്നു അഭിഷേകിന്റെ ട്വീറ്റ്. കജ്‍രാ രെ എന്ന പാട്ടിൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ തൊട്ടായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പരന്നത്. പിന്നീട് മണിരത്നത്തിന്റെ ഗുരുവിൽ അഭിനയിച്ചതോടെ ഗോസിപ്പ് ശക്തമായി. മുൻ ബ്യൂട്ടി ക്യൂനും ബോളിവുഡിന്റെ മുൻനിര നായികയുമായ ആഷ് അഭിഷേകിനോട് യെസ് പറഞ്ഞപ്പോൾ സിനിമാലോകവും ആരാധകരും ഒരുപോലെ ഞെട്ടിയിരുന്നു.

അഭിഷേകും ഐശ്വര്യയും വിവാഹവേളയിൽ

ഒടുവിൽ ഗുരു പൂര്‍ത്തിയായപ്പോഴേക്കും അഭിഷേക് ന്യൂയോർക്കിൽ വച്ച് ആഷിനോട് തന്റെ ഇഷ്ടം അറിയിക്കുകയായിരുന്നു, മറുത്തൊന്നും പറയാതെ ആഷ് സമ്മതം മൂളുകയും ചെയ്തു. 2007 ഏപ്രിൽ ഇരുപതിനാണ് അഭിഷേക് ബച്ചന്‍ ഐശ്വര്യ റായിയുടെ കഴുത്തിൽ മിന്നണിയിച്ചത്.

അഭിഷേകും ഐശ്വര്യയും മകൾ ആരാധ്യക്കൊപ്പം

അടുത്തിടെ ഇരുവരും പിരിയുകയാണെന്നും ഐശ്വര്യ റായ് ആത്മഹത്യക്കു ശ്രമിച്ചുവെന്നുമൊക്കെ വാർത്തകൾ പരന്നിരുന്നു. അപ്പോഴൊന്നും കാര്യമായ പ്രതികരണം നടത്താതിരുന്ന ഇരുവരും സ്വന്തം ജീവിതം കൊണ്ടു തന്നെ തെളിയിക്കുകയാണ് തങ്ങൾ പെർഫെക്റ്റ് കപ്പിൾസ് ആണെന്ന്. ബച്ചൻ കുടുംബത്തിലെ പൊന്നോമന പുത്രിയായി ആരാധ്യ എന്ന പെൺകുഞ്ഞും ഇരുവർക്കു പിറന്നു, അച്ഛനെയും അമ്മയെയുംപോലെ അഞ്ചുവയസുകാരിയായ ആരാധ്യയും ഒരു കുഞ്ഞുസെലിബ്രിറ്റിയാണിപ്പോള്‍.