ഐഷിന് 20 ബോഡിഗാർഡ്

ബോളിവുഡിൽ എത്ര സ്വപ്നസുന്ദരിമാർ വന്നു പൊഴിഞ്ഞാലും ഐശ്വര്യ റായി തന്നെ ആരാധകരുടെ ഫേവറിറ്റ്. നാലു വർഷമായി ഐശ്വര്യ സിനിമയിലില്ലെങ്കിലും താരത്തെ ഒരുനോക്കു കാണാൻ തിരക്കുന്നവരുടെ എണ്ണം കൂടിയിട്ടേയുള്ളൂ. അതുകൊണ്ടെന്തായി സുരക്ഷയ്ക്കു വേണം 20 പേർ!. ജസ്ബ എന്ന തന്റെ തിരിച്ചു വരവു ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് ഇറങ്ങുമ്പോഴാണ് വെള്ളാരങ്കണ്ണുള്ള സുന്ദരിയെ സുരക്ഷയുടെ മതിൽക്കെട്ടിൽ കാക്കുക. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബയുടെ ഷൂട്ടിങ് പൂർത്തിയായിക്കഴിഞ്ഞു. അതിനോടനുബന്ധിച്ചു മുംബൈയിലെ നൈറ്റ് ക്ലബിൽ നടന്ന പാർട്ടിയാണ് സുരക്ഷകൂട്ടാൻ കാരണമായത്.

ഐഷ് എത്തുന്നുവെന്ന വിവരം ചോർന്നതോടെ ക്ലബിനു പുറത്ത് ജനം തടിച്ചുകൂടി. സ്വന്തമായി രണ്ടു ബോഡി ഗാർഡുകളും ക്ലബിന്റെ ഗാർഡുകളും ഉണ്ടായിട്ടും നടിയെ പുറത്തു കടത്താൻ വളരെ പാടുപെടേണ്ടി വന്നു. ഇനി നഗരത്തിലേക്കിറങ്ങിയുള്ള പ്രമോഷൻ പരിപാടികളാണ് നടക്കാനുള്ളത്. 15 മുതൽ 20 വരെയുള്ളവരുടെ സുരക്ഷാ വലയം തീർക്കുമെന്നാണ് സൂചന.