കാനിന്റെ സ്വന്തം ആഷ്

ഐശ്വര്യ റായ്

കാൻ ഫിലിം ഫെസ്റ്റിവലിനെ ഇന്ത്യക്കാർക്ക് ഇത്രത്തോളം പരിചിതമാക്കിയത് ബോളിവുഡിന്റെ താരറാണി ഐശ്വര്യ റായ് ബച്ചൻ ആണ്. ഓരോ തവണയും കാൻ ഫെസ്റ്റിൽ ഐശ്വര്യ അവതരിക്കുന്നതെങ്ങനെയാകും എന്ന് കാത്തിരിക്കുകയാണ് അവരുടെ ആരാധകര്‍. അറുപത്തിയൊമ്പതാമത് കാൻ ഫിലിം ഫെസ്റ്റിവല്‍ വന്നടുക്കുകയാണ്. മെയ് പതിനൊന്നുമുതൽ ഇരുപത്തിരണ്ടു വരെ നടക്കുന്ന മേളയിൽ ഐശ്വര്യ അതിസുന്ദരിയായായിരിക്കും വരികയെന്നതിന് യാതൊരു സംശയവുമില്ല. പക്ഷേ ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നാണ് താൻ കാൻ ഫെസ്റ്റിനു വേണ്ടി അണിഞ്ഞൊരുങ്ങുന്നതെന്നു കേട്ടാൽ ആഷിനു അരിശം വരും. കാരണം ചുവപ്പു പരവതാനിയിൽ എങ്ങനെ പുത്തൻ ലുക്കിൽ വരുമെന്നോർത്ത് ഉറക്കം കളയാറില്ലെന്നു പറയുന്നത് ഐശ്വര്യ തന്നെയാണ്.

കഴിഞ്ഞ 15 വർഷമായി കാനിലെ സ്ഥിരം സാന്നിധ്യമായ ഐശ്വര്യ റായ് ഓരോ വർഷത്തെയും അനുഭവം വ്യത്യസ്തമാണെന്നും പറയുന്നു. നിങ്ങൾ കണ്ടുമുട്ടുന്ന വ്യത്യസ്ത ആൾക്കാരുമായി ആശയങ്ങൾ കൈമാറ്റം ചെയ്യപ്പ‌െടുന്നയിടമാണത്. എന്റെ ചിന്തകളും ജോലിയും ഈ അഭിമാനാർമായ ഫെസ്റ്റിവലിൽ പങ്കുവക്കാനുള്ള അവസരം ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഒപ്പം ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ട്. ഹോളിവുഡിന്റെ ഭാഗമാകുവാൻ കഴിഞ്ഞ പ്രിയ്യങ്ക ചോപ്രയെയും ദീപിക പദുക്കോണിനെയും അഭിനന്ദിക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞു.