ചുവപ്പില്‍ സുന്ദരിയായി ഐശ്വര്യ റായ്

ഐശ്വര്യ റായ്

വിവാഹം കഴിയുമ്പോഴേയ്ക്കും സൈസ് സീറോയോ‌ട് ഗുഡ്ബൈ പറയുന്ന സാധാരണ നടിയല്ല ഐശ്വര്യ റായ്. അഭിനയത്തിനും ഗ്ലാമർ ലോകത്തിനും ഒരു ചെറിയ ഇടവേള നൽകി പോയപ്പോഴും അമിതവണ്ണം വയ്ക്കാതെ സുന്ദരിയായാണ് താരം തിരിച്ചു വന്നത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റിനൊപ്പമുള്ള ഉച്ച ഭക്ഷണ വിരുന്നില്‍ പങ്കെ‌ടുത്ത ഐശ്വര്യയാണ് ഇപ്പോൾ താരം. ഐശ്വര്യ ധരിച്ച പരമ്പരാഗത വസ്ത്രമായ സാരിയും ആഭരണങ്ങളും ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്നവയായിരുന്നു. സ്വാതി, സുനൈന എന്നീ ഡിസൈനർമാരാണ് ചുവപ്പു നിറമുള്ള ബനാറസ് സാരി ഡിസൈൻ ചെയ്തത്. ചടങ്ങിനു വേണ്ടി ഐശ്വര്യയുടെ ഹെയർ മേക്അപ് ചെയ്തത് പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റ് ആയ അംബിക പിള്ളയാണ്. ഒപ്പം ചുവപ്പു നിറത്തിലുള്ള വട്ടപ്പൊട്ടും ലിപ്സ്റ്റിക്കും വശത്തു ചൂടിയ ചുവപ്പു റോസാപ്പൂക്കളും കൂടിയായപ്പോൾ ചുവപ്പില്‍ കുളിച്ചൊരു മാലാഖയായി ഐശ്വര്യ.

ഐശ്വര്യ റായ് ഫ്രാൻസ് പ്രസിഡന്റിനൊപ്പം

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോൻദിനായി ഇന്ത്യയിലെ ഫ്രഞ്ച് എംബസി ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ സിനിമാ ലോകത്തു നിന്നും ക്ഷണിക്കപ്പെട്ട ഏക വനിതയാണ് ഐശ്വര്യ റായ്. കാന്‍ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യം എന്നതും ഫ്രാൻസിലെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ നൈറ്റ് ഓഫ് ദ ഓർഡർ ഓഫ് ആര്‍‌ട്സ് ആൻഡ് ലെറ്റേഴ്സ് ലഭിച്ച പ്രതിഭ എന്ന നിലയിലും ഫ്രാൻസുമായി ഐശ്വര്യയ്ക്ക് അഭേദ്യമായ ബന്ധമാണുള്ളത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇന്നലെ നടന്ന റിപബ്ലിക്ദിന ചടങ്ങിലെ മുഖ്യാതിഥിയുമായിരുന്നു.