ഡെങ്കിപ്പനിയെ പമ്പകടത്താൻ പൊടിക്കയ്യുമായി അക്ഷയ്കുമാർ

അക്ഷയ് കുമാർ

ഒരു ചലച്ചിത്രതാരം എന്നതിൽ കവിഞ്ഞു താൻ തികഞ്ഞ പൗരബോധമുള്ള ഒരു മനുഷ്യനാണ് എന്നു വീണ്ടും തെളിയിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം അക്ഷയ്കുമാർ. സ്ത്രീപീഡനത്തിനെതിരെ ശബ്ദമുയർത്തിയും പെൺകുട്ടികൾക്കായി സ്വരക്ഷാർത്ഥം കരാട്ടെ ക്ളാസുകൾ നടത്തിയും ശ്രദ്ധേയനായ അക്കിയെന്ന അക്ഷയ്കുമാർ ഇത്തവണ മുന്നോട്ടു വന്നിരിക്കുന്നത് ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവത്കരണവുമായാണ്.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ മഴ കനത്തതോടെ ഡെങ്കിപ്പനി വ്യാപകമാകുകയാണ്. ഇതിനെതിരായി മരുന്നു വിതരണം നടക്കുന്നുണ്ട് എങ്കിലും അത്രമാത്രം ഫലവത്തല്ല. ഡെങ്കിപ്പനിയെ തുരത്താനുള്ള ഏക പോംവഴി അപകടകാരികളായ കൊതുകുകളെ തുരത്തുക എന്നതാണ്. കൊതുകുകളെ തുരത്താൻ പഠിച്ച വഴി പതിനെട്ടും പയറ്റി ഒടുവിൽ തോറ്റു നിൽക്കുന്നവർക്ക് മുന്നിലേക്കാണ് അക്കി തന്റെ നിർദ്ദേശം വയ്ക്കുന്നത്.

താൻ കുട്ടിയായിരുന്നപ്പോൾ വീട്ടിൽ നിന്നും കൊതുകുകളെ പുറത്താക്കാൻ അമ്മൂമ്മ ചെയ്തിരുന്ന വിദ്യ എന്ന് പറഞ്ഞാണ് അക്ഷയ്കുമാർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. എന്താണ് കൊതുകിനെ തുരത്താനായി അക്കി മുന്നോട്ടു വയ്ക്കുന്ന സൂത്രം എന്നല്ലേ ? രണ്ടു ചെറുനാരങ്ങാ എടുത്തു രണ്ടായി മുറിച്ച് ഒരു പാത്രത്തിൽ മുറിക്കുള്ളിൽ തുറന്നു വയ്ക്കുക. അതിനുശേഷം നാരങ്ങയ്ക്ക് മുകളിലായി പത്തുപന്ത്രണ്ട് ഗ്രാമ്പൂ കുത്തി വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഡെങ്കിക്കു കാരണക്കാരായ കൊതുകുകൾ പമ്പകടക്കും എന്നാണ് അക്കിക്കും പറയാനുള്ളത്.

തന്റെ ആരാധകരുടെയും മറ്റു ജനങ്ങളുടെയും ആരോഗ്യം മുൻനിർത്തി ആക്ഷൻ ഹീറോ മുന്നോട്ടു വച്ച നിർദ്ദേശം പരീക്ഷിക്കുന്നതിനു വലിയ ചെലവൊന്നും ഇല്ല എന്നതിനാൽ തന്നെ ആർക്കും ഒന്നു പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ. അക്കിയുടെ പൊടിക്കയ്യിൽ ഡെങ്കിയുഗം അവസാനിക്കുമോ എന്നു നമുക്ക് നോക്കാം.