എന്നാപ്പിന്നെ, ദേണ്ടെ, ആണ്ടെ എങ്ങോട്ടാന്നെ.. കോട്ടയം വിശേഷങ്ങളുമായി അനു ഇമ്മാനുവൽ

അനു ഇമ്മാനുവൽ

കോട്ടയം എന്നു കേൾക്കുമ്പോഴേയ്ക്കും ആദ്യം മനസിൽ ഓടിയെത്തുന്നതെന്താണ്? ഒരു സംശയവുമില്ലാതെ ആദ്യം പറയാം ഇവിടുത്തെ എന്നാ, ദേണ്ടെ, ആണ്ടെ സംസാരങ്ങൾ ഒക്കത്തന്നെ.. അല്ലേ.. കഴിഞ്ഞോ ഇല്ലേയില്ല, മീനച്ചിലാറും ക്ഷേത്രങ്ങളും പള്ളികളും എന്നു വേണ്ട നല്ല അസൽ കരിമീനും കപ്പയും കള്ളപ്പവുമൊന്നുമില്ലാതെ എ​ന്നാ കോട്ടയം ആണല്ലേ.. കോട്ടയത്തിന്റെ വിശേഷങ്ങൾ പറഞ്ഞു തരികയാണ് മലയാളിയുടെ പ്രിയനടി അനു ഇമ്മാനുവൽ. മനസിലായില്ലേ, സ്വപ്നസഞ്ചാരിയിലൂടെ ജയറാമിന്റെ മകളായി വന്ന് ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായി ''പൂക്കൾ പനിനീർപൂക്കൾ'' പാടിനടന്ന ആ പെൺകുട്ടി തന്നെ.

മാധ്യമരംഗത്തെ ഏറ്റവും പുതിയ തരംഗമാവെർച്വൽ റിയാലിറ്റി (വിആർ)യിലൂടെയാണ് അനുവിനൊപ്പമുള്ള കോട്ടയത്തിന്റെ വിശേഷങ്ങൾ കഥാപ്രസംഗ രീതിയിൽ പങ്കുവെക്കുന്നത്. അമേരിക്കയിൽ നിന്നു നാട്ടിലെത്തിയ ഗ്ലാമറസ് ബ്യൂട്ടിയാണ് അനു ഇമ്മാനുവൽ. അതിരാവിലെ എഴുന്നേറ്റു വരുന്ന അനു അപ്പാപ്പനോട് കോട്ടയത്തിലെ ഫേവറിറ്റ് കാര്യം എന്താണെന്നു ചോദിക്കുന്നു. തുടർന്നങ്ങോട്ട് കഥാപ്രസംഗത്തിന്റെയും നാടൻ പാട്ടിന്റെയും ശൈലിയിൽ പാട്ടും കഥയും ചേർന്ന് കോട്ടയം വിശേഷങ്ങൾ അങ്ങനെ വിർച്വൽ റിയാലിറ്റിയിലൂടെ ഒഴുകുകയാണ്.

മീനച്ചിലാറിന്നായ് ഒരു കരയുണ്ട് എങ്കിൽ ആ കര തൻ തൊടുകുറിയായ് കോട്ടയമുണ്ട് എന്ന ഗാനത്തിലൂടെയാണ് കോട്ടയത്തിന്റെ കഥ തുടങ്ങുന്നത്. അപ്പാപ്പനൊപ്പം കള്ളപ്പവും കരിമീൻകറിയും അന്വേഷിച്ചിറങ്ങുന്ന അനു നാട്ടുമ്പുറക്കാഴ്ച്ചകൾ കണ്ട് ആസ്വദിക്കുന്നതും അവസാനം കരിമീൻ പൊള്ളിച്ചതും കള്ളപ്പവും കഴിച്ച് കോട്ടയത്തിന്റെ തനിനാടൻ വിഭവങ്ങൾ രുചിക്കുന്നതോടുകൂടി വിഡിയോ അവസാനിക്കുന്നു.

സനുഷയും അനുജൻ സനൂപും കാസർഗോഡ് ജില്ലയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് വിർച്വൽ റിയാലിറ്റിയിലൂടെ കാണാം

കേരളത്തിൽ നിന്നുള്ള ആദ്യ വെർച്വൽ റിയാലിറ്റി അനുഭവവുമായാണ് ‘മനോരമ 360' രംഗത്തെത്തിയത്. മുകളിലും താഴെയും വശങ്ങളിലുമുള്ള കാഴ്‌ചകളിലൂടെ ദൃശ്യത്തിന്റെ പൂർണ അനുഭവമാണു വിആർ പകർന്നുനൽകുന്നത്. നേരത്തെ കാസർഗോഡ് ജില്ലയുടെ വിശേഷങ്ങളുമായി നടി സനുഷയും അനുജന്‍ സനൂപും കൊച്ചി വിശേഷങ്ങളുമായി വിനയ് ഫോർട്ടും കണ്ണൂരിലെ തെയ്യം വിശേഷങ്ങളുമായി നടൻ വിനീത് ശ്രീനിവാസനും മനോരമയുടെ വിർച്വൽ റിയാലിറ്റി വിരുന്നിനൊപ്പം പങ്കുചേർന്നിരുന്നു.

കൊച്ചി വിശേഷങ്ങളുമായി വിനയ് ഫോർട്ട്-വിർച്വൽ റിയാലിറ്റിയിലൂടെ കാണാം

വിആർ ആസ്വദിക്കാൻ സ്‌മാർട്ഫോണും പ്രത്യേക കണ്ണടകളും ആവശ്യമാണ്. കണ്ണടകൾ 190 രൂപ മുതൽ ആമസോൺ അടക്കമുള്ള സൈറ്റുകളിൽനിന്നു വാങ്ങാം. ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകളിൽ കാർഡ്‌ബോർഡ് എന്ന ആപ്ലിക്കേഷനിലൂടെ ഈ കാഴ്‌ചകൾ കാണാം.

കണ്ണൂരിലെ തെയ്യം വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ-വിർച്വൽ റിയാലിറ്റിയിലൂടെ കാണാം