അനുഷ്ക ശർമയെന്ന സുന്ദരി മോഡൽ!

അനുഷ്ക ശർമ

അഞ്ചടി ഒൻപത് ഇഞ്ച് ഉയരം,ചടുലമായ മുഖം, അത്‌ലറ്റിക് ബോഡി, ഒഴുകിക്കിടക്കുന്ന തലമുടി.... അനുഷ്ക ശർമയെന്ന സുന്ദരി നമ്മുടെ മനസിൽ കൊണ്ടുവരുന്ന വിഷ്വൽ ഇതൊക്കെയല്ലേ. മോഡലായി വന്നു ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ അനുഷ്കയെ സുന്ദരിയാക്കുന്നത് എന്തൊക്കെ:

വർക്ക് ഔട്ട്

അനുഷ്ക ശർമ

ഡാൻസ് , ഡാൻസ്, ഡാൻസ്. അതാണ് അനുഷ്കയുടെ ജീവൻ. മികച്ച കാർഡിയോ എക്സർസൈസ് ആണു അനുഷ്കയ്ക്കു ഡാൻസ്. തേജസു പകരാൻ ഒപ്പം യോഗയും. മനസും ശരീരവും റിലാക്സ്ഡ്. യോഗ ചെയ്താൽ മുഖത്തിനു നല്ല തിളക്കമുണ്ടാകുമെന്നാണ് അനുഷ്കയുടെ അനുഭവം. രാവിലെ ഉണരുമ്പോഴും കിടക്കും മുൻപും മെഡിറ്റേഷനും ചെയ്യും. ആഴ്ചയിൽ നാലു തവണയാണു വർക്ക് ഔട്ട്. എത്ര വൈകി കിടന്നാലും വർക്ക് ഔട്ട് മുടക്കാറില്ല . വർക്ക് ഔട്ടിനു സൗകര്യമില്ലെങ്കിൽ ജോഗിങിനോ നടപ്പിനോ പോകും. എട്ടോ ഒൻപതോ മണിക്കൂർ ഉറക്കം കൂടി ആയാൽ ശരീരവും മനസും ഫ്രഷായി അടുത്ത ദിവസത്തെ തിരക്കിലേക്ക്.

ഡയറ്റ്

അനുഷ്ക ശർമ

ആറു ചെറിയ മീൽസ് അടങ്ങിയതാണ് അനുഷ്കയുടെ ഡയറ്റ്. നാരങ്ങാ വെള്ളം, കരിക്കിൻ വെള്ളം, പ്രോട്ടീൻ ബാർ, രണ്ട് മുട്ടയുടെ വെള്ള, പഴങ്ങൾ, ചീസ് ടോസ്റ്റ്, ഫ്രൂട്ട് ജ്യൂസ്, കാഷ്യു നട്സ്, ബദാം എന്നിവയൊക്കെ അതിലുണ്ടാവും. കൂടാതെ നാലു ലീറ്റർ വെള്ളവും കുടിക്കും.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഉച്ചയൂണിന്. ചപ്പാത്തി, പരിപ്പ്, വെജിറ്റബിൾ സാലഡ് എന്നിവയുണ്ടാകും. രാത്രി ചപ്പാത്തി, സാലഡ് എന്നിവയ്ക്കൊപ്പം ഫ്രൂട്ട് ജ്യൂസും ഉണ്ടാവും. ശുദ്ധ വെജിറ്റേറിയനാണ് എന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ. കണ്ണാടി പോലെയാണ് ഭക്ഷണം എന്നാണ് അനുഷ്ക പറയുന്നത്. വയറ്റിൽ എന്തു ചെല്ലുന്നുവോ അതു ശരീരത്തിൽ അതേപടി പ്രതിഫലിക്കും. ഫ്രഷ് പച്ചക്കറിയും ധാന്യങ്ങളുമൊക്കെ കഴിച്ചാൽ ആരോഗ്യവും ചുറുചുറുക്കും നടപ്പിലും എടുപ്പിലുമൊക്കെ കാണാം. ജങ്ക് ഫു‍ഡ് കഴിച്ചാലോ ആരോഗ്യം നശിച്ച് തളർന്ന അവസ്ഥയിലും. അതുകൊണ്ട് ജങ്ക് ഫുഡ് എന്നു കേൾക്കുന്നതു പോലും അനുഷ്കയ്ക്കു ദേഷ്യമാണ്.

ബ്യൂട്ടി സീക്രട്ട്

അനുഷ്ക ശർമ

സുന്ദരമായ മുഖം കൂടുതൽ സുന്ദരമാക്കാൻ ലൈറ്റ് മേക്കപ്പ് തന്നെ. വെയിലിൽ ഇറങ്ങുമ്പോൾ സൺസ്ക്രീൻ ലോഷൻ നിർബന്ധമായും ഉപയോഗിക്കും. ഷൂട്ട് കഴിഞ്ഞു തളർന്നു വന്നു മേക്കപ്പ് നീക്കിയാൽ ക്രീം അടങ്ങിയ ക്ലെൻസർ ഉപയോഗിച്ചാണു മുഖം കഴുകുന്നത്. കൊക്കോ ബട്ടർ അടങ്ങിയ മോയിസ്ചറൈസർ കൂടി പുരട്ടിയാൽ മുഖം ഫ്രഷ്. ബെഡിലേക്കു ചായും മുൻപ് ഇതും അനുഷ്കയ്ക്കു നിർബന്ധം. ആര്യവേപ്പില കൊണ്ടുള്ള ഫേസ് പായ്ക്കാണു സ്ഥിരമായി ഉപയോഗിക്കുന്നത്. വിഷാംശം നീക്കി മുഖം സുന്ദരമാക്കാൻ ആര്യവേപ്പിനെക്കാൾ മികച്ചത് ഒന്നുമില്ലെന്ന് അനുഷ്കയ്ക്കു പണ്ടേ അറിയാം. തലമുടിയിൽ ദിവസവും വെളിച്ചെണ്ണ പുരട്ടി മാസാജ് ചെയ്യുക കൂടി ചെയ്യുന്നതോടെ അനുഷ്കയുടെ സൗന്ദര്യ സംരക്ഷണം പൂർണമാകും.