അസിന് രാഹുൽ ശർമയുടെ സർപ്രൈസ് സമ്മാനം

ബോളിവുഡ് താരവും മലയാളിയുമായ അസിൻ തോട്ടുങ്കൽ വിവാഹിതയാകുന്നുവെന്ന വാർത്ത അടുത്തിടെയാണ് പുറത്തു വന്നത്. മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുൽ ശർമയാണ് അസിന്റെ പ്രതിശ്രുതവരൻ എന്നു കേട്ടതോടെ ഗജിനി നായികയ്ക്ക് സിനിമ പോലൊരു വിവാഹവുമായി. ഇപ്പോഴിതാ അസിന് സർപ്രൈസ് സമ്മാനം അയച്ചിരിക്കുകയാണ് രാഹുൽ. പിങ്ക് നിറത്തിലുള്ള നിറയെ പൂക്കുടകളാണ് രാഹുൽ അസിനു സമ്മാനിച്ചിരിക്കുന്നത്. ഫ്ലോറൽ സർപ്രൈസ് ഫം ദ മാൻ എന്ന തലക്കെട്ടോടെ അസിൻ തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. രാഹുലിന്റെ ജീവിതസഖിയാകാൻ പോകുന്ന വിവരം അസിൻ തന്നെയാണ് വെളിപ്പെടുത്തിയത്. വരുന്ന നവംബർ 21നാണ് വിവാഹം. പുതിയ ചിത്രം ആൾ ഈസ് വെല്ലിന്റെ പ്രചരണാർഥം ഡൽഹിയിലുള്ള അസിൻ ഏറ്റെടുത്ത കരാറുകളെല്ലാം പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണിപ്പോൾ.

ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളാണ് രാഹുല്‍ ശർമ്മ(36). നടൻ അക്ഷയ്‌കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.