ഡി ത്രിയുടെ മനം കവർന്ന ജാസ് ഡിസൂസ, സമൂഹം മുൾമുനയിൽ നിർത്തിയ കഥ

ജാസ് ഡിസൂസ

ഒരു ഭിന്ന ലിംഗക്കാരി കേരളത്തിൽ നൃത്ത റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തുന്നത് ആദ്യമായിട്ടായിരിക്കും. തന്നെ സ്വീകരിക്കാൻ മടിക്കുന്ന സമൂഹത്തിനു മുന്നിൽ തിരിച്ചെത്തി ഡിത്രിയുടെ നൃത്ത വേദിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജാസ് ഡിസൂസ എന്ന ഭിന്നലിംഗക്കാരി. തന്റെ കഴിവു തെളിയിക്കാനായി മുംബൈയിലേക്കു പറച്ചു നടപ്പെട്ട കഥ ജാസ് പറയുന്നു.

ജാസ് ഡിസൂസയായ കഥ

എന്റെ പേര് യഥാർഥത്തിൽ മറ്റൊന്നായിരുന്നു. പക്ഷേ അന്നേ മനസിൽ കൊണ്ടുനടന്ന പേരാണ് സ്ത്രീയായി മാറുമ്പോൾ ജാസ് എന്ന പേര് സ്വീകരിക്കണമെന്ന്. യഥാർഥ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. രണ്ടു വർഷം മുമ്പായിരുന്നു സ്്ത്രീയായി മാറാൻ സർജറി ചെയ്തത്. ഒരു പാട് ബുദ്ധിമുട്ടി. ബെഡ് റെസ്റ്റൊക്കെ എടുക്കേണ്ടി വന്നു. എങ്കിലും ഇപ്പോൾ സന്തോഷമാണ്. കാരണം ഞാൻ ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെട്ടിട്ടുണ്ട്. സ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത് കൂട്ടുകാരൊക്കെ എന്റെ നടപ്പും ചേഷ്ടകളുമൊക്കെ കണ്ട് ഒരുപാട് കളിയാക്കിയിട്ടുണ്ട്.

ജാസ് ഡിസൂസ

ആഗ്രഹം, സ്വപ്നങ്ങൾ

സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. നായികയാവാൻ കഴിയില്ല എന്നറിയാം. എങ്കിലും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണാഗ്രഹം. ഡി ത്രിയിൽ ശോഭനാ മാഡം എന്നോട് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞുപോയി. അവസരത്തിനായി കാത്തിരിക്കുകയാണ്. ശോഭനാ മാഡത്തോടൊപ്പമുള്ള നൃത്തം മറക്കാനാവില്ല.

കുടുംബം

വീട്ടുകാർക്ക് അപമാനമാകാതിരിക്കാൻ വേണ്ടി നാട് വിട്ടതാണ് ഞാൻ. പന്ത‌ളമാണ് സ്വദേശം. മുംബൈ പോലുള്ള നഗരത്തിൽ ഭിന്നലിംഗക്കാരെ സ്വീകരിക്കാൻ മടിയില്ല. ഏഴു വർഷമായി ഞാൻ മുംബൈയിലാണ്. എനിക്ക് ഒരു സഹോദരിയുണ്ട്. അവളുടെ വിവാഹം ഞാൻ കാരണം മുടങ്ങാൻ പാടില്ല. വീട്ടുകാർക്ക് എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. എനിക്ക് കൗൺസിലിംഗ് നൽകണം എന്നെ ഭ്രാന്തിന് ചികിത്സിക്കണം എന്നൊക്കെയാണ് അവരുടെ നിലപാട്. എന്തുകൊണ്ട് എന്നെപ്പോലെയുള്ളവരുടെ മനസ് അവർ മനസിലാക്കുന്നില്ല എന്ന് എനിക്കറിയില്ല. അംഗവൈകല്യമുള്ള കുട്ടികളെയും മറ്റും എല്ലാ രക്ഷിതാക്കളും പൊന്നുപോലെ നോക്കുന്നുണ്ട്. പിന്നെന്തിനാണ് ഞങ്ങളോട് മാത്രം വിവേചനം.

ജാസ് ഡിസൂസ

റിയാലിറ്റി ഷോയിലെ അനുഭവം

കേരളം എന്റെ നാടാണ്. സൗത്തിന്ത്യയിൽ വന്ന് എന്തെങ്കിലും ക്രിയേറ്റീവായ കാര്യങ്ങൾ ചെയ്യണമെന്നാഗ്രഹിച്ചിരുന്നപ്പോഴാണ് നെറ്റിൽ ഡി ത്രിയിലേക്ക് വിളിക്കുന്നതായി അറിഞ്ഞത്. അങ്ങനെ പേര് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിലിയൊരു സ്റ്റേജാണ് എനിക്ക് ലഭിച്ചത്. ക്ലാസിക്കൽ ഡാൻസ് ഞാൻപഠിച്ചിട്ടില്ല. ടിവിയിലും മറ്റും കണ്ടാണ് നൃത്തം പഠിച്ചത്. കൊറിയോഗ്രാഫറെ വച്ച് നൃത്തം അഭ്യസിക്കാനുള്ള പണമൊന്നും എന്റെ കയ്യിലില്ലാത്തതുകൊണ്ട് കമ്പനിയാണ് എനിക്ക് കൊറിയോഗ്രാഫറെ വച്ചു തന്നത്. എല്ലാ മത്സരാർഥികളും നല്ല കഴിവുള്ളവരാണ്. അതുകൊണ്ട് ടെൻഷൻ‌ ഉണ്ട്.

ഡി ത്രിയിൽ നിന്നുള്ള പ്രതികരണം

കസിൻസൊക്കെ വിളിച്ചിരുന്നു. പക്ഷേ വീട്ടിൽ നിന്ന് എന്നെ വഴക്കു പറയുകയാണ് ചെയ്തത്. നിനക്കു വട്ടാണ്. മര്യാദയ്ക്ക് ജീവിക്കാൻ നോക്ക് എന്നാണവർ പറഞ്ഞത്. പക്ഷെ ഡിത്രി യിലെ സഹപ്രവർത്തകരിൽ നിന്ന് വളരെ യധികം സ്നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാൻ ഒാട്ടോയിൽ പോയപ്പോൾ ഡ്രൈവർ ചേട്ടൻ പറഞ്ഞു ജാസിനെ എന്റെ ഭാര്യയ്ക്കും കുട്ടികൾക്കുമൊക്കെ ഒരുപാട് ഇഷ്ടമാണെന്ന്.

ജാസ് ഡിസൂസ

വിവാഹ ജീവിതം?

വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. നല്ലൊരു വ്യക്തിയെ ഭർത്താവായി ലഭിക്കണമെന്നാണാഗ്രഹം. ഇന്ന് വിവാഹ മോചനങ്ങളുടെ കാലമാണ്. എന്നാൽ‌ ഞാൻ നല്ലൊരു ഭാര്യയായിരിക്കും. ഒരു നല്ല പെൺകുട്ടിയെ വേണമെന്നുള്ള ഒരാളെ വിവാഹം ചെയ്യണമെന്നാണാഗ്രഹം. ഒരു കുട്ടിയെ ദത്തെടുക്കണമെന്നും ആഗ്രഹമുണ്ട്.